പൊന്നാനിയിൽ ആറുവരിപ്പാതയിൽ അടിപ്പാത നിർമിക്കാമെന്ന് ഇ.ശ്രീധരന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്
Mail This Article
പൊന്നാനി ∙ ആറുവരിപ്പാതയിൽ പൊന്നാനിക്കാരുടെ ജനകീയ ആവശ്യവുമായി ഇ.ശ്രീധരൻ കേന്ദ്രമന്ത്രിയെ കണ്ടു. പുതുപൊന്നാനിയിലും ഉറൂബ് നഗറിലും അടിപ്പാത നിർമിക്കാമെന്ന് മന്ത്രിയുടെ ഉറപ്പ്. ജനകീയ സമരങ്ങളും കോടതി ഉത്തരവുകളും മുന്നിലുണ്ടായിട്ടും ദേശീയപാത അതോറിറ്റി അനുകൂല നടപടി സ്വീകരിക്കാതിരുന്നതോടെയാണ് ഡിഎംആർസി മുൻ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് പരിഹാര നടപടി ഉറപ്പാക്കിയത്. മാസങ്ങൾക്കു മുൻപ് തന്നെ ശ്രീധരൻ ദേശീയപാത അതോറിറ്റിക്ക് കത്തുകൾ അയച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച നടപടിയുണ്ടായിരുന്നില്ല.
തൊട്ടുപിന്നാലെയാണ് ശ്രീധരൻ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി മന്ത്രിയെ നേരിട്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്. പുതുപൊന്നാനി മേഖലയിലും ഉറൂബ് നഗറിലും അടിപ്പാതയില്ലെങ്കിൽ പ്രദേശവാസികൾ കടുത്ത യാത്രാദുരിതം നേരിടേണ്ടി വരുമെന്നും വിദ്യാർഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിലാകുന്ന അവസ്ഥയാണെന്നും ശ്രീധരൻ മന്ത്രിയെ ബോധ്യപ്പെടുത്തി.
പൊന്നാനിയിലെ കർമ സംഘടനയുടെ പ്രസിഡന്റ് കർമ ബഷീറും അഭിഭാഷകനായ കെ.പി.അബ്ദുൽ ജബ്ബാറും ഇ.ശ്രീധരനെ ചെന്നു കണ്ട് പൊന്നാനിയുടെ ജനകീയ ആവശ്യത്തിനു പരിഹാരം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഉടൻ തന്നെ ശ്രീധരൻ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് വിലയിരുത്തി. പ്രശ്നം ബോധ്യപ്പെട്ടതിനു പിന്നാലെ തന്നെ ശ്രീധരൻ ഉദ്യോഗസ്ഥ തലത്തിലേക്കുള്ള കത്തുകൾ അയച്ചിരുന്നു.
പക്ഷേ, അഴിച്ചുപണിക്കുള്ള സാധ്യതയില്ലെന്ന നിലപാടാണ് ദേശീയപാത അതോറിറ്റി സ്വീകരിച്ചത്. ഇതിനിടയിൽ കെ.പി.അബ്ദുൽ ജബ്ബാറിന്റെ നേതൃത്വത്തിൽ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവുമായെത്തിയെങ്കിലും അതോറിറ്റി സാങ്കേതിക പ്രശ്നങ്ങൾ മുന്നോട്ടു വയ്ക്കുകയാണുണ്ടായത്. ഇതിനു ശേഷമാണ് ഇ.ശ്രീധരൻ നേരിട്ട് മന്ത്രിയെ ചെന്നു കണ്ട് പൊന്നാനിയുടെ ആവശ്യം അറിയിക്കുന്നത്. ഉടൻ തന്നെ പദ്ധതിയിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ മന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകുകയായിരുന്നു.
വലിയ പ്രതീക്ഷ
പള്ളപ്രം മേൽപാലം നിർമാണം വർഷങ്ങളോളം പ്രതിസന്ധിയിലായപ്പോൾ പദ്ധതിക്ക് അനുമതി ലഭിക്കാൻ മുന്നിൽ നിന്നത് ഇ.ശ്രീധരനായിരുന്നു. പൊന്നാനിയുടെ ഗതാഗത രംഗത്തു വൻ മാറ്റങ്ങൾ കൊണ്ടുവരാൻ ഇൗ പാലത്തിനു കഴിഞ്ഞു. വീണ്ടും പുതുപൊന്നാനിയിലും ഉറൂബ് നഗറിലും അടിപ്പാതയ്ക്കായി ഇടപെടൽ നടത്തിയത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.