ധർമേന്ദ്ര (4), സനാതൻ (11); അസം വിട്ട് ഡൽഹിയിൽ
Mail This Article
ന്യൂഡൽഹി ∙ ഡൽഹി മൃഗശാലയിലെ പുതിയ താമസക്കാരായി ധർമേന്ദ്രയും സനാതനും. ഗുവാഹത്തി മൃഗശാലയിൽ നിന്ന് ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗത്തെയും ബംഗാൾ കടുവയെയും രണ്ടു മലമുഴക്കി വേഴാമ്പലിനെയും കഴിഞ്ഞ ദിവസം മൃഗശാലയിലെത്തിച്ചു. 11 വയസ്സുള്ള ആൺ കടുവയ്ക്ക് സനാതൻ എന്നും നാലുവയസ്സുള്ള കാണ്ടാമൃഗത്തിന് ധർമേന്ദ്ര എന്നുമാണ് പേരിട്ടിരിക്കുന്നത്.
2000 കിലോമീറ്റർ 4 ദിവസം കൊണ്ട് യാത്ര ചെയ്താണ് മൃഗങ്ങളെ ഡൽഹിയിലെത്തിച്ചത്. മറ്റൊരു സ്ഥലത്തുനിന്ന് എത്തിച്ചതിനാൽ ഡൽഹിയിലെ കാലാവസ്ഥയുമായി ഇണങ്ങുന്നതിനും രോഗങ്ങളോ മറ്റോ ഉണ്ടോ എന്ന് നിരീക്ഷിക്കുന്നതിനുമായി 21 ദിവസത്തെ ക്വാറന്റീനിലാണ് മൃഗങ്ങൾ. അതിനുശേഷം സന്ദർശകർക്ക് മൃഗങ്ങളെ കാണാം. യാത്ര ക്ഷീണം കുറയ്ക്കുന്നതിന് ആന്റി-സ്ട്രെസ് സപ്ലിമെന്റുകളും മൃഗങ്ങൾക്ക് നൽകുന്നുണ്ട്.
ഡൽഹി മൃഗശാലയിൽ നിന്ന് നൽകിയ പെൺ കടുവയ്ക്ക് പകരമാണ് ആൺ കടുവയെ ഗുവാഹത്തി മൃഗശാലയിൽ നിന്ന് നൽകിയത്.176 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഡൽഹിയിലെ നാഷനൽ സുവോളജിക്കൽ പാർക്കിൽ (ഡൽഹി മൃഗശാല) 84 ഇനം മൃഗങ്ങളും പക്ഷികളുമുണ്ട്.