കുളത്തിൽ യുവാവിന്റെ മൃതദേഹം; ഞെട്ടലോടെ നാട്ടുകാർ

Mail This Article
മുട്ടിൽ ∙ സദാസമയവും ആൾ സാന്നിധ്യമുള്ള ദേശീയപാതയോരത്തെ കുളത്തിൽ 4 ദിവസം പഴക്കമുള്ള, യുവാവിന്റെ മൃതദേഹം കണ്ടെത്തിയതിന്റെ ഞെട്ടലിലാണു നാട്ടുകാർ. കാക്കവയൽ തെനേരി ഖാദർപടി വാര്യാട്ടുകുന്ന് രവിയുടെയും ശോഭനകുമാരിയുടെയും മകൻ അരുൺകുമാറിന്റെ (27) മൃതദേഹമാണു മുട്ടിൽ ടൗണിൽ നിന്നു 300 മീറ്റർ മാത്രം അകലെ റോഡരികിലെ ഉപയോഗ ശൂന്യമായ കുളത്തിൽ കണ്ടെത്തിയത്. സമീപത്തായി ഒട്ടേറെ വീടുകളും വാഹന ഷോറൂമുകളുമുണ്ട്. ദുർഗന്ധം പരന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണു ഇന്നലെ വൈകിട്ടോടെ മൃതദേഹം കണ്ടെത്തിയത്.
വിവരം അറിഞ്ഞ് നൂറുക്കണക്കിനാളുകൾ സ്ഥലത്തേക്കെത്തിയതോടെ ദേശീയപാതയിൽ ഗതാഗത തടസ്സവുമുണ്ടായി. കൽപറ്റ പൊലീസ് എത്തിയാണു ആളുകളെ നിയന്ത്രിച്ചത്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്തെ കുറ്റിക്കാട്ടിൽ അരുൺകുമാറിന്റെ ബൈക്ക് മറിഞ്ഞ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കൽപറ്റ അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണു കുളത്തിൽ നിന്നു മൃതദേഹം പുറത്തെടുത്തത്.
കഴിഞ്ഞ 17നു രാത്രി പത്തോടെ അരുൺകുമാറിനെ കാണാനില്ലായിരുന്നു. തുടർന്നു കുടുംബം മീനങ്ങാടി പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു അരുൺകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൽപറ്റ ഭാഗത്തേക്ക് വരുന്നതിനിടെ ബൈക്ക് താഴ്ചയിലേക്ക് മറിയുകയും അരുൺകുമാർ കുളത്തിലേക്കു തെറിച്ചു പോയതുമാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടമുണ്ടായ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൃതദേഹം ഇന്നു വൈകിട്ടോടെ സംസ്കരിക്കും.
English Summary: Dead body of young man in pond