കുട്ടികൾക്കും സംരംഭകരാകാം; പദ്ധതികൾ നിരവധി, സാമ്പത്തിക സഹായവും ലഭിക്കും
Mail This Article
വിദ്യാർഥികളിലും യുവാക്കളിലും വ്യവസായ, വാണിജ്യ അവസരങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുക, സംരഭകസംസ്കാരം വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളുമായി വിദ്യാലയങ്ങളും കലാലയങ്ങളും കേന്ദ്രീകരിച്ചു സംരംഭകത്വ വികസന ക്ലബ്ബുകൾ (ഇഡിസി) സ്ഥാപിച്ചു വരുന്നത് ഏറെപ്പേർ ശ്രദ്ധിക്കാറില്ലാത്ത മേഖലയാണ്. സംസ്ഥാന വ്യവസായ, വാണിജ്യ വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം.
ആർട്സ് ആൻഡ് സയൻസ് കോളജുകൾ, പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ടെക്നിക്കൽ സ്കൂളുകൾ, ഐടിഐകൾ, പ്ലസ് ടു വരെയുള്ള സ്കൂളുകൾ എന്നിവിടങ്ങളിൽ ഇഡിസികൾ പ്രവർത്തിക്കുന്നു. കുറഞ്ഞത് 25 വിദ്യാർഥികൾ അംഗങ്ങളായാണ് ഇഡിസിക്കു രൂപം നൽകുന്നത്. കോഓർഡിനേറ്ററായി ഒരു അധ്യാപകൻ പ്രവർത്തിക്കും. കൂടാതെ ഒരു മെന്ററും ഉണ്ടാകും. അത് ഈ വിദ്യാഭ്യാസ സ്ഥാപനത്തിലെ മുൻ വിദ്യാർഥിയായ വ്യവസയായിയാകുന്നതു നല്ലതാണ്.
വിദ്യാർഥികളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയെന്ന യുജിസി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ ഇഡിസികളുടെ പ്രവർത്തനം കലാലയങ്ങളിൽ ഏറെ പ്രസക്തമാണ്. കേരളത്തിൽ മുന്നൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇഡിസികൾ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു.
വ്യവസായ സംസ്കാരം വളർത്താനും സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും ഉതകുന്ന വിവിധ പരിപാടികൾക്കു നേതൃത്വം നൽകുകയാണ് ഇഡി ക്ലബ്ബുകളുടെ ചുമതല. ക്ലബ്ബുകളുടെ പ്രവർത്തന സാധ്യതകൾ ഇങ്ങനെയൊക്കെ:
∙വിദ്യാർഥികളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന സെമിനാറുകൾ, ചർച്ചകൾ, സിംപോസിയങ്ങൾ, ശിൽപശാലകൾ എന്നിവ സംഘടിപ്പിക്കുക.
∙വിജയകരമായി സംരംഭങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന പരിപാടികൾ നടത്തുക.
∙ബിസിനസ് ഇൻക്യുബേഷൻ കേന്ദ്രങ്ങളെ രൂപപ്പെടുത്തുക.
∙വ്യവസായ–വാണിജ്യ സ്ഥാപങ്ങൾ സന്ദർശിച്ച് ഉൽപാദന, വിതരണ രീതികൾ മനസ്സിലാക്കാൻ അവസരമൊരുക്കുക.
∙ഭക്ഷ്യസംസ്കരണം, റബർ, ഗാർമെന്റ്സ്, എൻജിനീയറിങ്, ഇലക്ട്രോണിക്സ്, ഐടി, ബിടി, ജൈവകൃഷി, ഫാമുകൾ, കരകൗശലം എന്നിങ്ങനെ പ്രത്യേക മേഖലകൾ സംബന്ധിച്ചു സാധ്യതാപഠനം നടത്തുക.
∙വിഭവസമാഹരണം, കയറ്റുമതി, വിപണനം, ഗുണമേൻമ, പാക്കേജിങ് എന്നിവ സംബന്ധിച്ചു പരിപാടികൾ നടത്തുക.
∙ലഘു ഉൽപാദന–സേവന സംരംഭങ്ങൾ ആരംഭിക്കുക.
∙ഉൽപാദന–നിർമാണ പ്രക്രിയകളിൽ സാങ്കേതിക പരിശീലന പരിപാടികൾ സംഘടിപ്പിക്കുക.
∙വ്യവസായ പ്രദർശനങ്ങൾ നടത്തുക.
∙വിദ്യാർഥികളിൽനിന്നു നവീന ആശയങ്ങൾ സ്വീകരിക്കുകയും അവ അവതരിപ്പിക്കാൻ അവസരം നൽകുകയും ചെയ്യുക. മികച്ച ആശയങ്ങൾക്ക് അംഗീകാരം നൽകുക.
∙വിദ്യാർഥികളിൽ നേതൃത്വഗുണം വളർത്തിയെടുക്കുക.
റജിസ്ട്രേഷൻ ലളിതം; 20,000 വരെ സഹായം
നിർദിഷ്ട ഫോർമാറ്റിൽ ജില്ലാ വ്യവസായകേന്ദ്രത്തിൽ അപേക്ഷ നൽകാം. കോഓർഡിനേറ്ററുടെ ബയോഡേറ്റ, ഫോട്ടോ, വിദ്യാർഥികളുടെ പട്ടിക, പ്രിൻസിപ്പലിന്റെയും കോഓർഡിനേറ്ററുടെയും ജോയിന്റ് ബാങ്ക് അക്കൗണ്ട് വിവരം, അടുത്ത വർഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിപാടികൾ എന്നിവ അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. റജിസ്ട്രേഷൻ നടപടികൾ ലളിതമാണ്. റജിസ്ട്രേഷൻ ലഭിച്ചാൽ സാമ്പത്തിക ആനുകൂല്യത്തിന് അർഹത ലഭിക്കും. മാർഗനിർദേശങ്ങളും ലഭിക്കും.
വർഷംതോറും രണ്ടു ഗഡുവായി 20,000 രൂപ വരെ സഹായമാണു ലഭിക്കുക. സഹായം ചെലവാക്കിയ രേഖകളും വിനിയോഗ സാക്ഷ്യപത്രവും സമർപ്പിച്ചാലേ തുടർന്നും ആനുകൂല്യം ലഭിക്കൂ. പ്രവർത്തന റിപ്പോർട്ടും ഫോട്ടോകളും ഉൾപ്പെടുത്തുന്നതു നന്നായിരിക്കും.
(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ടി. എസ്. ചന്ദ്രൻ)