വജ്രജൂബിലി നിറവിൽ കോഴിക്കോട് എൻഐടി
Mail This Article
കോഴിക്കോട്∙ ലോകോത്തര എൻജിനീയർമാർ, രാജ്യത്തിനു മുതൽക്കൂട്ടായ ഗവേഷണങ്ങൾ, അടിയന്തരാവസ്ഥ കാലത്തു കേരളത്തെ പിടിച്ചുലച്ച രാജൻ കേസ്, രാജ്യമെമ്പാടുമുള്ള ക്യാംപസുകളിൽ തരംഗമായ രാഗം ഫെസ്റ്റ്.. സംഭവബഹുലമായ 6 പതിറ്റാണ്ടുകൾക്കാണു കോഴിക്കോട് എൻഐടി സാക്ഷ്യം വഹിച്ചത്. എൻജിനീയറിങ് വിദ്യാഭ്യാസത്തിൽ കേരളത്തിൽ ഒന്നാം സ്ഥാനത്തുള്ള എൻഐടിയുടെ 60ാം പിറന്നാളായിരുന്നു സെപ്റ്റംബർ ഒന്നിന്. 1961 സെപ്റ്റംബർ ഒന്നിനാണ് എൻഐടിയുടെ മുൻഗാമിയായ റീജനൽ എൻജിനീയറിങ് കോളജ് (ആർഇസി) അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ള ഉദ്ഘാടനം ചെയ്തത്. 2002ൽ ആർഇസി എൻഐടിയായി മാറി. ചാത്തമംഗലത്തു 120 ഹെക്ടറോളം വരുന്ന വിശാലമായ എൻഐടി ക്യാംപസ്, കോവിഡ് പശ്ചാത്തലത്തിൽ നിശബ്ദമാണെങ്കിലും വജ്രജൂബിലിയുടെ തിളക്കം കുറയുന്നില്ല. പ്രകൃതിഭംഗി ആവോളമുള്ള ചാത്തമംഗലമെന്ന കൊച്ചുഗ്രാമത്തിൽ കഴിഞ്ഞ 6 പതിറ്റാണ്ടുകളായി വന്നു പഠിച്ചവർ രാജ്യത്തിനു നൽകിയ സംഭാവനകൾ ഒട്ടേറെയാണ്.
പരിമിതികളോടെ തുടക്കം
മൂന്നാം പഞ്ചവത്സര പദ്ധതിയുടെ തുടക്കത്തിലാണ് കോഴിക്കോട് ആസ്ഥാനമായി ആർഇസി ആരംഭിക്കാൻ തീരുമാനിക്കുന്നത്. അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ളയാണ് ആർഇസി ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ അഞ്ചാമത്തെ എൻജിനീയറിങ് കോളജ് ആയിരുന്നു അത്. 125 വിദ്യാർഥികളും 10 അധ്യാപകരുമായി വെസ്റ്റ്ഹിൽ ഗവ.പോളിടെക്നിക്കിലാണു ക്ലാസുകൾ ആരംഭിച്ചത്. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എന്നിങ്ങനെ 3 പഠനശാഖകൾ മാത്രം. 5 വർഷം നീളുന്ന ബിരുദ കോഴ്സായിരുന്നു തുടക്കത്തിൽ. ഡോ.എം.വി.കേശവറാവു ആയിരുന്നു ആദ്യ പ്രിൻസിപ്പൽ. തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്നാണ് അദ്ദേഹം ആർഇസിയിലെത്തിയത്.
50 ശതമാനം മലയാളി വിദ്യാർഥികളും ബാക്കിയുള്ളവർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും. വെസ്റ്റ്ഹില്ലിലെ ക്യാംപസിൽ താമസസൗകര്യമില്ലാത്തതിനാൽ കോഴിക്കോട് നഗരത്തിലെ വിവിധ ലോഡ്ജുകളിലാണ് കുട്ടികൾ താമസിച്ചത്. വിവിധ ഭാഷകൾ സംസാരിക്കുന്നവർ ഒരുമിച്ചു നടക്കുന്നതും പഠിക്കുന്നതും അന്ന് കോഴിക്കോട്ടുകാർക്കു പുതിയ കാഴ്ചയായിരുന്നു.
സമാന്തരമായി ചാത്തമംഗലത്തു ആർഇസി ക്യാംപസിന്റെ നിർമാണവും നടത്തുന്നുണ്ടായിരുന്നു. ചാത്തമംഗലത്തെ പ്രധാന കെട്ടിടത്തിന്റെ കല്ലിടൽ നടത്തിയത് കേന്ദ്രമന്ത്രി ഹുമയുൺ കബീറാണ്.
2 വർഷത്തിനു ശേഷമാണ് ചാത്തമംഗലത്തെ ക്യാംപസിൽ ക്ലാസുകൾ ആരംഭിച്ചത്. കോഴിക്കോട് നഗരത്തിൽ നിന്ന് 20 കിലോമീറ്റർ ദൂരത്തുള്ള ചാത്തമംഗലത്തേക്ക് ഒരു ബസ് സർവീസ് മാത്രമാണ് അക്കാലത്തുണ്ടായിരുന്നത്. റസ്റ്ററന്റുകളോ, ഷോപ്പിങ് കേന്ദ്രങ്ങളോ ആരാധനാലയങ്ങളോ ഇല്ലാത്ത ഒരു സ്ഥലമായിരുന്നു അത്. ഹോസ്റ്റലുകളുടെ നിർമാണം പൂർത്തിയാകാത്തതിനാൽ ലബോറട്ടറികളിൽ തന്നെ കിടന്നുറങ്ങിയ കഥകൾ ആദ്യ ബാച്ച് വിദ്യാർഥികൾ പറയാറുണ്ട്.
1965ലാണ് ആദ്യമായി പെൺകുട്ടികൾ ആർഇസിയിലെത്തുന്നത്. 5 പെൺകുട്ടികളാണ് ആ ബാച്ചിൽ എത്തിയത്. ആദ്യം കേരള സർവകലാശാലയുമായും പിന്നീട് കാലിക്കറ്റ് സർവകലാശാലയുമാണ് കോളജ് അഫിലിയേറ്റ് ചെയ്തിരുന്നത്. 1983 മുതൽ 96 വരെ പ്രിൻസിപ്പലായിരുന്ന ഡോ.എസ്.ഉണ്ണികൃഷ്ണ പിള്ള ആർഇസിയുടെ വളർച്ചയിൽ നിർണായക സംഭാവന നൽകിയ വ്യക്തിയാണ്. ആർഇസിയിൽ കൂടുതൽ വികസനമെത്തിയതും ചിട്ടയായ സംവിധാനം രൂപപ്പെടുത്തിയതും അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്.
നൊമ്പരമായി രാജൻ
അടിയന്തരാവസ്ഥക്കാലത്തു കൊല്ലപ്പെട്ട പി.രാജൻ ആർഇസിയുടെ ചരിത്രത്തിലെ നൊമ്പരപ്പെടുത്തുന്ന ഓർമയാണ്. ആർഇസി ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്ന രാജനെ 1976 മാർച്ച് ഒന്നിനു പുലർച്ചെയാണ് ക്യാംപസിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തത്. കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. എന്നാൽ, ആക്രമണ സമയത്ത് രാജൻ കോളജ് ടീമിനൊപ്പം കോഴിക്കോട് ഫാറൂഖ് കോളജിൽ നടക്കുന്ന യുവജനോത്സവത്തിൽ പങ്കെടുക്കുകയായിരുന്നു. എന്നാൽ, ഇതൊന്നും കണക്കിലെടുക്കാതെയാണു പൊലീസ് രാജനെ അറസ്റ്റ് ചെയ്തത്. ജോസഫ് ചാലി എന്ന വിദ്യാർഥിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ജോസഫിനെ വിട്ടയച്ചെങ്കിലും രാജനെ പിന്നീട് ആരും കണ്ടിട്ടില്ല. രാജനെ കണ്ടെത്താനായി അച്ഛൻ ടി.വി.ഈച്ചരവാരിയർ നടത്തിയ പോരാട്ടം കേരളമനസാക്ഷിയെ പിടിച്ചുലച്ചു. കെ.കരുണാകരന് 1977ൽ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു രാജിവയ്ക്കേണ്ടി വന്നതും ഈ കേസുമായി ബന്ധപ്പെട്ടാണ്. രാജനെ സ്വന്തം ക്യാംപസ് മറന്നിട്ടില്ല. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി എൻഐടിയിൽ എല്ലാ വർഷവും ‘രാഗം’ കൾചറൽ ഫെസ്റ്റ് നടത്തുന്നുണ്ട്. തുടക്കത്തിൽ അഖിലകേരള സംഗീത മത്സരമായിരുന്നു നടത്തിയിരുന്നത്. 1987 മുതലാണ് രാഗം എന്ന പേരിൽ ഇന്റർകൊളീജിയറ്റ് കലാമേള നടത്താൻ തുടങ്ങിയത്. രാഗം കൾചറൽ ഫെസ്റ്റ് രാജ്യമെമ്പാടുമുള്ള ക്യാംപസുകളിൽ പ്രശസ്തമാണ്.
ആർഇസി എൻഐടി ആയപ്പോൾ
2002ൽ ആർഇസികൾ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളാക്കി (എൻഐടി) മാറ്റിയപ്പോൾ കോഴിക്കോട് ആർഇസിയും രൂപം മാറി. കേന്ദ്രസർക്കാരിനു കീഴിൽ കൽപിത സർവകലാശാലയായി മാറി. പ്രിൻസിപ്പലിനു പകരം ഡയറക്ടർ സ്ഥാപനത്തിന്റെ മേധാവിയായി. കൂടുതൽ ഗവേഷണങ്ങൾ നടത്താനും മികച്ച അക്കാദമിക് പ്രോഗ്രാമുകൾ നടത്താനുമുള്ള ഫണ്ടും അനുമതിയും ലഭിച്ചു. രാജ്യമെമ്പാടുമുള്ള ഏറ്റവും മികച്ച വിദ്യാർഥികൾ അഖിലേന്ത്യാ എൻട്രൻസ് വഴി എൻഐടിയിൽ എത്തിത്തുടങ്ങി.
60 വർഷം മുൻപ് 125 വിദ്യാർഥികളുമായി തുടങ്ങിയ സ്ഥാപനത്തിൽ ഇപ്പോൾ 6500 വിദ്യാർഥികളാണ് പഠിക്കുന്നത്. 11 യുജി കോഴ്സുകളും 30 പിജി കോഴ്സുകളും ഇവിടെയുണ്ട്. 1.17 ലക്ഷം പുസ്തകങ്ങളുടെ ശേഖരമുള്ള ബൃഹത്തായ ലൈബ്രറി ക്യാംപസിന്റെ പ്രത്യേകതയാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 15 ഹോസ്റ്റലുകളാണു ക്യാംപസിലുള്ളത്.
മികവിന്റെ കേന്ദ്രം
കേന്ദ്രസർക്കാരിന്റെ എൻഐആർഎഫ് റാങ്കിങ്ങിൽ 2020ൽ എൻഐടി 23ാം സ്ഥാനം നേടി. എൻജിനീയറിങ് വിഭാഗത്തിൽ കേരളത്തിൽ ഒന്നാമതാണ് എൻഐടി. ആർക്കിടെക്ചർ വകുപ്പ് രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. ഇത്തവണ പഠിച്ചിറങ്ങിയ ബി.ടെക് ബാച്ചിൽ 87 ശതമാനം വിദ്യാർഥികൾക്കു പ്ലേസ്മെന്റ് ലഭിച്ചു. ഇത്തവണത്തെ പ്ലേസ്മെന്റിൽ കംപ്യൂട്ടർ സയൻസിലെ 4 വിദ്യാർഥികൾക്കു 66.7 ലക്ഷം രൂപയാണ് പ്രതിവർഷം ശമ്പള വാഗ്ദാനം ലഭിച്ചിരിക്കുന്നത്.
നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിദ്യാർഥികളെ പ്രവേശിപ്പിക്കുന്ന എൻഐടി കോഴിക്കോടാണ്. പത്തോളം രഞ്ജി താരങ്ങളെ എൻഐടി സംഭാവന ചെയ്തിട്ടുണ്ട്. ഒട്ടേറെ സിവിൽ സർവീസ് ഉദ്യോഗസ്ഥരും സിനിമാ താരങ്ങളും ക്യാംപസിൽ നിന്നു പിറവിയെടുത്തിട്ടുണ്ട്. അർഹത, ദ കിങ്, സംഗമം, വരന്മാരെ ആവശ്യമുണ്ട്, ഗാന്ധാരി, പൂനിലാമഴ തുടങ്ങിയ സിനിമകൾ ഈ മനോഹരമായ ക്യാംപസിൽ ചിത്രീകരിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലൊന്ന് എൻഐടിയിലാണു പ്രവർത്തിച്ചത്. ലോ കോസ്റ്റ് ആർട്ടിഫിഷ്യൽ റസ്പിറേറ്റർ ഉൾപ്പെടെ സമൂഹത്തിനു പ്രയോജനകരമായ ഒരുപിടി കണ്ടുപിടിത്തങ്ങളും മഹാമാരിക്കാലത്ത് ക്യാംപസിൽ നിന്നു വന്നു. ഓൺലൈൻ ക്ലാസുകൾക്കായി 350 ലാപ്ടോപ്പുകളാണ് അലമ്നൈ അസോസിയേഷൻ അർഹരായ വിദ്യാർഥികൾക്കു നൽകിയത്.
മികവിന്റെ കേന്ദ്രമാണെങ്കിലും ചില പരിമിതികളും ക്യാംപസ് നേരിടുന്നുണ്ട്. ഫണ്ടിന്റെ അപര്യാപ്തതയാണ് പ്രധാന പ്രശ്നം. അടിസ്ഥാനസൗകര്യങ്ങളുടെ വികസനം പലപ്പോഴും തടസ്സപ്പെടുന്നു. ഒരു വർഷമായി എൻഐടിയിലെ ഡയറക്ടർ പോസ്റ്റ് ഒഴിഞ്ഞുകിടക്കുകയാണ്.
വജ്രജൂബിലി ആഘോഷങ്ങൾ
അറുപതാം വാർഷികത്തിന്റെ ഭാഗമായി ഒട്ടേറെ പരിപാടികൾ എൻഐടി വിദ്യാർഥികളും പൂർവവിദ്യാർഥികളും ആസൂത്രണം ചെയ്തിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ക്യാംപസിലെത്തിയുള്ള പരിപാടികൾക്കു പരിമിതികളുണ്ട്. എല്ലാ വകുപ്പുകളും രാജ്യാന്തര കോൺഫറൻസുകൾ സംഘടിപ്പിക്കുന്നുണ്ട്.
1500 പേർക്കു താമസിക്കാവുന്ന മെഗാ ഹോസ്റ്റൽ ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്തത് വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണെന്നു ഡയറക്ടർ ഇൻ ചാർജ് ഡോ.പി.എസ്.സതീദേവി പറഞ്ഞു. കോവിഡ് വ്യാപനം കുറയുകയാണെങ്കിൽ ആദ്യ ബാച്ചിലുള്ളവരെ ആദരിക്കുന്ന ചടങ്ങ് കോളജിൽ വച്ചു നടത്തുമെന്നും സതീദേവി കൂട്ടിച്ചേർത്തു.
Content Summary : NIT Calicut celebrates diamond jubilee