കറന്റ് കട്ടിനെ പേടിക്കേണ്ട, കറന്റ് ബില്ലിനെയും! വീട്ടിൽ സോളർ സ്ഥാപിച്ചു ദമ്പതികൾ; 90 ശതമാനം വരെ ലാഭം

Mail This Article
തിരക്കിനും മലിനീകരണത്തിനും പേരുകേട്ട പുണെ നഗരത്തിൽ സുസ്ഥിര ജീവിതശൈലി അത്ര പ്രായോഗികമല്ല. വൈദ്യുതിയല്ലാതെ ഒരു മണിക്കൂർ പോലും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുകയുമില്ല. ഫലമോ കണ്ണുതള്ളി പോകുന്ന വൈദ്യുതി ബില്ലാവും ഓരോ മാസവും എത്തുന്നത്. ഇതുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നവർക്കിടയിൽ ഊർജ്ജ സ്വയം പര്യാപ്തമായ ജീവിതശൈലി കാഴ്ചവച്ച് മാതൃകയാവുകയാണ് സുനീത് - ശിൽപ ദമ്പതികൾ.
വൈദ്യുതി ഉൽപാദനത്തിനായി സോളർ എനർജി ഉപയോഗിക്കുമ്പോൾ ഏതാനും ഫാനുകളോ ലൈറ്റുകളോ മാത്രമായിരിക്കും പ്രവർത്തിപ്പിക്കുക. എന്നാൽ ശിൽപയുടെയും സുനീതിന്റെയും കാര്യം അങ്ങനെയല്ല. വീട്ടിലെ ഏറ്റവും അധികം വൈദ്യുതി ഉപഭോഗമുള്ള ഉപകരണങ്ങൾ അടക്കം ഇവർ സൗരോർജ്ജത്തിലാണ് പ്രവർത്തിപ്പിക്കുന്നത്. ഇങ്ങനെ വൈദ്യുതി ബില്ലിൽ ഏതാണ്ട് 90 ശതമാനം ലാഭം ഉണ്ടാക്കാൻ ഇവർക്ക് സാധിച്ചു.
നാല് എസി, വാഷിങ് മെഷീൻ, വാട്ടർ ഹീറ്റർ, മൂന്ന് വാട്ടർ പമ്പുകൾ എന്നിവയ്ക്ക് പുറമെ അടുക്കള ഉപകരണങ്ങളും പ്രവർത്തിപ്പിക്കുന്നത് സോളർ വൈദ്യുതി ഉപയോഗിച്ചാണ്. ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാനും സോളറിനെയാണ് ആശ്രയിക്കുന്നത്. 15 കിലോ വാട്ട് പീക്കാണ് ഈ ഗ്രിഡ് സംവിധാനത്തിന്റെ ശേഷി. 20 ബാറ്ററികളുമുണ്ട്.
ഇത്രയും ശേഷിയുള്ള സൗരോർജ്ജ സംവിധാനം ഉള്ളതിനാൽ ദൈനംദിന ജീവിതത്തിൽ യാതൊരു വിട്ടുവീഴ്ചകളും ഇല്ലാതെ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ചുകൊണ്ട്, എന്നാൽ വൈദ്യുതി ബില്ലിൽ വൻ തുക ലാഭിച്ചു ജീവിക്കാൻ ഇവർക്ക് സാധിക്കുന്നു.

സൗരോർജ്ജത്തെ ആശ്രയിച്ചു തുടങ്ങിയതു മുതൽ ഇന്നോളം വൈദ്യുതിയില്ലാത്ത അവസ്ഥ അനുഭവിക്കേണ്ടി വന്നിട്ടേയില്ല എന്ന് ഇവർ പറയുന്നു. ഇവരുടെ വീട്ടിലെ അതേ സൗകര്യങ്ങളെല്ലാമുള്ള അയൽവീടുകളിൽ ചുരുങ്ങിയത് 6000 മുതൽ 10,000 വരെയാണ് പ്രതിമാസ വൈദ്യുതി ബിൽ. എന്നാൽ സുനീതിനും ശിൽപയ്ക്കും പരമാവധി 1500 രൂപയിൽ താഴെ മാത്രമേ ബിൽ ലഭിക്കാറുള്ളൂ. ഇതിൽ 500 രൂപയാകട്ടെ മീറ്റർ കണക്‌ഷനുള്ള നിശ്ചിത വാടകയാണ്.
അധികമായി ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡിലേക്ക് കൊടുക്കാതെ സംഭരിച്ച് വയ്ക്കുന്ന സംവിധാനം ഒരുക്കിയതിനാൽ പ്രതിദിന ആവശ്യത്തിന് വേണ്ടത്ര വൈദ്യുതി ഉൽപാദിപ്പിക്കാൻ സൗരോർജ്ജം ലഭിക്കാത്ത അവസ്ഥയിലും ഇടതടവില്ലാതെ വൈദ്യുതി ലഭിക്കുന്നുണ്ട്.
2020 ലാണ് ഇരുവരും ഈ വീട്ടിലേക്ക് താമസം മാറിയത്. സൗരോർജ്ജ സംവിധാനം ഒരുക്കാൻ 15 ലക്ഷം രൂപയാണ് ഇവർക്ക് ചെലവായത്. ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ വൈദ്യുതി ബില്ലിലെ ലാഭത്തിലൂടെ ഈ തുക തിരികെ നേടാൻ ഇവർക്ക് സാധിക്കുകയും ചെയ്യും.