‘യാഗി’ ശക്തി പ്രാപിച്ചു; ആന്ധ്രാതീരത്തിന് മുകളിലുള്ള ചക്രവാതചുഴി ന്യൂനമർദമാകും: കൂടുതൽ മഴ പെയ്തത് എവിടെ?
Mail This Article
ആന്ധ്രാതീരത്തിന് മുകളിലുള്ള ചക്രവാതചുഴി വ്യാഴാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂന മർദമായി ശക്തിപ്രാപിക്കാൻ സാധ്യത. നിലവിൽ രാജസ്ഥാന് മുകളിലുള്ള ന്യൂനമർദവും അറബിക്കടലിൽ ഒമാൻ തീരത്തിന് സമീപത്തെ ന്യൂനമർദവും ചക്രവാതചുഴികളായി ശക്തി കുറഞ്ഞു. അതേസമയം, തെക്കൻ ചൈന കടലിൽ യാഗി ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു ചൈനതീരത്തേക്ക് നീങ്ങുകയാണ്. കേരളത്തിൽ അടുത്ത 3-4 ദിവസം ഇടവേളകളോട് കൂടിയ സാധാരണ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
രാജ്യത്ത് ഈ കാലവർഷത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ലകളിൽ മുന്നിൽ മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽ ആണ്. കണ്ണൂർ 12 സ്ഥാനത്തും മാഹി 16–ാം സ്ഥാനത്തുമാണ്. കാസർകോട് 23–ാം സ്ഥാനത്തും കോഴിക്കോട് 33–ാം സ്ഥാനത്തുമുണ്ട്. ഉരുൾപൊട്ടലിലൂടെ രാജ്യത്തെ ഒന്നാകെ നടുക്കിയ വയനാട് 60–ാംസ്ഥാനത്താണുള്ളത്.
‘സാധാരണ സെപ്റ്റംബർ 17 ഓടുകൂടിയാണ് കാലവർഷം പിൻവാങ്ങൽ തുടങ്ങുന്നത്. വടക്ക്–പടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് ആരംഭിച്ച് തെക്കേ ഇന്ത്യയിൽ അവസാനിക്കുന്നു. എന്നാൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയുള്ളതിനാൽ കാലവർഷം പിൻവാങ്ങുന്നത് വൈകിയേക്കാം. ഇതിനിടയ്ക്ക് മറ്റ് ന്യൂനമർദങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. കേരളത്തിന് ഭീഷണിയുണ്ടാകില്ല. സാധാരണ മഴ ലഭിച്ചേക്കും’– കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം വ്യക്തമാക്കി.