ADVERTISEMENT

കാല് നിലത്തുറയ്ക്കാതെ നടക്കുന്ന ആനക്കൂറ്റന്മാർ. ചാഞ്ഞും ചരിഞ്ഞും നടക്കുന്ന ജിറാഫുകൾ. തലകുത്തിമറിയുന്ന കുരങ്ങന്മാർ. കാണുന്നവരിൽ ചിരിയും കൗതുകവും നിറയ്ക്കുന്ന ഇത്തരം വിഡിയോകൾ യൂട്യൂബിൽ ധാരാളമുണ്ട്. ആഫ്രിക്കൻ വനാന്തരങ്ങളിൽ നിന്നെടുത്ത വിഡിയോകളാണിത്. വന്യമൃഗങ്ങൾഎന്തുകഴിച്ചിട്ടാണ് ഇങ്ങനെ ഫിറ്റായത്? അതോ ആഫ്രിക്കൻ വാറ്റ് കട്ടുകുടിച്ചതാണോ? എന്നാൽ സംഭവമിതൊന്നുമല്ല. ആഫ്രിക്കയിൽ സുലഭമായ മറുള എന്ന പഴം അകത്താക്കി മത്തേറിയിട്ടുള്ള പ്രകടനമാണിത്. നിത്യവും ഏറെ കായ്ക്കുന്ന മറുള മരത്തെ കാട്ടിലെ ബാർ എന്നു വിളിക്കാം; അല്ലെങ്കിൽ സ്വയമ്പൻ ചാരായ ഷാപ്പ്. ചെറിയ പുളിപ്പും മധുരവുമുള്ള പഴം അൽപം കൂടുതൽ കഴിച്ചാൽ ‘കിളി പറക്കും’ വിധം ലഹരിയിലാഴും. പഴം ആനയ്ക്കും ജിറാഫിനും കുരങ്ങിനുമാണ് ഏറെ പ്രിയം. ഒറ്റത്തടിയായി വളരുന്ന മറുള മരത്തിൽ നിന്ന് ഇവ ‘ക്യൂ നിൽക്കാതെ’ വാങ്ങാൻ എളുപ്പം ഇവയ്ക്കാണല്ലോ. പഴുത്തു താഴെ വീഴുമ്പോൾ മറ്റു മൃഗങ്ങളും അകത്താക്കാറുണ്ട്. മാംസളമായ പഴത്തിന്റെ അകത്തുള്ള കട്ടിക്കുരുവിനുമുണ്ട് അണ്ണാറക്കണ്ണന്മാരെപ്പോലുള്ള ആരാധകർ.

elephants-are-lightweights-and-can-get-drunk-on-rotten-fruit1
Image Credit:StockNinja/Istock

എല്ലാക്കാലത്തും കായ്ക്കുമെങ്കിലും ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണു മറുള സീസണായി അറിയപ്പെടുന്നത്. മറുളപഴങ്ങളുടെ പ്രധാന വിളവെടുപ്പുകാലവും ഇതാണ്. ഇക്കാലത്ത് മറുള മരച്ചോട്ടിൽ, നമ്മുടെ ബവ്റിജ് ഷോപ്പിനെ വെല്ലുന്ന തിരക്കാവും. സീസണിലുണ്ടാവുന്ന പഴത്തിന് കൂടുതൽ രുചിയും ലഹരിയുമുണ്ടെന്ന് കാട്ടിലെ കുടിയൻമാർ കൂടുതൽ പഴമകത്താക്കി സാക്ഷ്യം പറയുന്നു. മറുളയുടെ വീര്യം കണ്ടറിഞ്ഞ നാട്ടുകാർ പണ്ടേ അതു വാറ്റി സ്വയം പര്യാപ്തത നേടിയിട്ടുണ്ട്. സർക്കാർ ‘അമറുള’ എന്ന പേരിൽ ബ്രാൻഡഡ് മദ്യവും വിപണിയിലെത്തിച്ചിട്ടുണ്ട്. റഷ്യയിൽ വോഡ്ക പോലെ, ഗോവയിൽ ഫെനി പോലെ ആഫ്രിക്കയിൽ ‘അമറുള’ രുചിക്കലും ടൂറിസത്തിന്റെ ഭാഗം. 

elephants-are-lightweights-and-can-get-drunk-on-rotten-fruit2
Image Credit:IMNATURE/Istock

മദ്യം മാത്രമല്ല മറുള കൊണ്ടു നിർമിക്കുന്നത്. ജാം, സോഫ്റ്റ് ഡ്രിങ്ക്സ് തുടങ്ങിയ കഴിക്കാവുന്ന ഉൽപ്പന്നങ്ങളും സ്കിൻ ഓയിലുകളും കേശ വർധിനി ലേപനങ്ങളും മസാജ് ക്രീമുകളും വിപണിയിലുണ്ട്. സർക്കാർ തലത്തിലും സ്വകാര്യ മേഖലയിലും ഇവയുടെ നിർമാണവും വിൽപനയും വ്യാപകമാണ്. സ്വാഭാവികമായി വളരുന്ന മറുള മരങ്ങളുടെ വിളവു മുഴുവൻ കാട്ടുമൃഗങ്ങൾ കഴിച്ചടക്കുന്നതിനാൽ വ്യാവസായികാവശ്യത്തിനായി അമറുള സർക്കാരും സ്വകാര്യ വ്യക്തികളും കൃഷി ചെയ്യുന്നുണ്ട്. പഴത്തിന്റെ പെരുമ കണ്ടും കേട്ടും കഴിച്ചും തേച്ചും അറിഞ്ഞ് ഇതര നാട്ടുകാരും മറുള കൃഷിയിലേക്കു തിരിഞ്ഞതായാണു പുതിയ വാർത്ത. ഇന്ത്യയിലും എന്തിന് കേരളത്തിൽ പോലും പരീക്ഷണാടിസ്ഥാനത്തിൽ മറുള കൃഷി ചെയ്തുതുടങ്ങിയിട്ടുണ്ടത്രെ. ‘മൂന്നാറിൽ മറുള ലഹരിയിൽ അഴിഞ്ഞാടിയ കാട്ടാനക്കൂട്ടം ഗതാഗതം തടസ്സപ്പെടുത്തി’യെന്ന വാർത്ത അതിവിദൂരമെല്ലന്നു സാരം.

 

English Summary: Elephants are lightweights and can get drunk on rotten fruit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com