ADVERTISEMENT

ഐ5വിന് പിന്നാലെ ഇന്ത്യയില്‍ പുത്തന്‍ എം5 കൂടി പുറത്തിറക്കി ബിഎംഡബ്ല്യു. ആഡംബരത്തിനൊപ്പം പെര്‍ഫോമെന്‍സിനും വലിയ പ്രാധാന്യം നല്‍കുന്നുണ്ട് ഏഴാം തലമുറ ബിഎംഡബ്ല്യു എം5. ഹൈബ്രിഡ് സെറ്റ് അപ്പില്‍ പുറത്തിറങ്ങുന്ന എം5വിന് മുന്‍തലമുറകളെ അപേക്ഷിച്ച് കരുത്തും ഭാരവും വര്‍ധിച്ചിട്ടുണ്ട്. ബിഎംഡബ്ല്യുവിന്റെ ഏറ്റവും കരുത്തുറ്റ എം5 മോഡലിന് ഇന്ത്യയില്‍ 1.99 കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്.

bmw-m5-2

ഡിസൈന്‍

ആല്‍പൈന്‍ വൈറ്റ്, ബ്ലാക്ക് സഫയര്‍, സോഫിസ്റ്റോ ഗ്രേ, ബ്രൂക്ക്‌ലിന്‍ ഗ്രേ, ഫയര്‍ റെഡ്, കാര്‍ബണ്‍ ബ്ലാക്ക്, ഐസില്‍ ഓഫ് മാന്‍ ഗ്രീന്‍, സ്റ്റോം ബേ, മറീന ബേ ബ്ലൂ, ഫ്രോസന്‍ ഡീപ്പ് േ്രഗ എന്നിവയാണ് പ്രധാന കളര്‍ ഓപ്ഷനുകള്‍. ഇവക്കു പുറമേ ഇഷ്ടം നിറം തിരഞ്ഞെടുക്കാനുള്ള അവസരവും ബിഎംഡബ്ല്യു എം5 ഉടമകള്‍ക്കുണ്ടായിരിക്കും. 5 സീരീസിനോട് സാമ്യതയുള്ള എക്‌സ്റ്റീരിയറാണ് പുതു തലമുറ എം5വിലേത്. ക്ലോസ്ഡ് ഓഫ് കിഡ്‌നി ഗ്രില്ലിനുള്ളിലാണ് അഡാസ് സുരക്ഷാ ഫീച്ചറുകളുടെ പ്രധാന സെന്‍സറുകളും റഡാറുകളുമുള്ളത്. 

എല്‍ഇഡി ഡിആര്‍എല്ലുകളും കൂടുതല്‍ മെലിഞ്ഞ ഹെഡ്‌ലൈറ്റുകളും. ടെയില്‍ ലൈറ്റുകള്‍ പൂര്‍ണമായും രൂപമാറ്റം വരുത്തിയിട്ടുണ്ട്. ഇന്ത്യയിലെത്തുന്ന ബിഎംഡബ്ല്യു എം5വിന്റെ റൂഫ് അടക്കം പല ഭാഗങ്ങളും കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിച്ചതാണ്. ഇത് വാഹനത്തിന് ഭാരത്തില്‍ 30 കീലോഗ്രാം വരെ കുറവു വരുത്തുന്നുണ്ട്. മുന്നില്‍ 20 ഇഞ്ചും പിന്നില്‍ 21 ഇഞ്ചും അലോയ് വീലുകള്‍ എം കോംപൗണ്ട് ബ്രേക്കുകളുമായി ചേര്‍ത്തിരിക്കുന്നു. 

bmw-m5-3

ഇന്റീരിയര്‍

മികച്ച നിലവാരമുള്ള മെറീനോ ലെതര്‍ എം മള്‍ട്ടിഫങ്ഷന്‍ സീറ്റുകളാണ് എം5വിലുള്ളത്. ഇതില്‍ തിളങ്ങുന്ന എം ലോഗോയും നല്‍കിയിട്ടുണ്ട്. എം സ്റ്റീറിങ് വീല്‍, ആംബിയന്റ് ലൈറ്റിങ്, ഡ്യുവല്‍ സ്‌ക്രീനുകള്‍(12.3 ഇഞ്ച്, 14.9 ഇഞ്ച്) എന്നിവയാണ് ഇന്റീരിയറിലെ പ്രധാന സവിശേഷതകള്‍. 655 വാട്ട് ബോവേഴ്‌സ് ആന്റ് വില്‍കിന്‍സ് ഡയമണ്ട് സറൗണ്ട് സിസ്റ്റവും 18 സ്പീക്കറുകളും സ്റ്റാന്‍ഡേഡ് ഫീച്ചറായെത്തുന്നു.

എന്‍ജിന്‍

4.4 ലീറ്റര്‍ വി 8 പെട്രോള്‍ എന്‍ജിനാണ് ബിഎംഡബ്ല്യു എം5വിന്റെ കരുത്ത്. 8 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. അധികമായി ഇലക്ട്രിക് മോട്ടോറിന്റേയും 18.6kWh ബാറ്ററി പാക്കിന്റേയും കരുത്തുമുണ്ട്. എന്‍ജിന്‍ 585 പിഎസ് കരുത്തും പരമാവധി 750എന്‍എം ടോര്‍ക്കും പുറത്തെടുക്കുമ്പോള്‍ ഇലക്ട്രിക് മോട്ടോര്‍ 197പിഎസ് കരുത്തും 280എന്‍എം ടോര്‍ക്കും വാഹനത്തിന് നല്‍കും. രണ്ടും ചേര്‍ന്ന് എം5വിന്റെ കരുത്ത് 727പിഎസ്സും പരമാവധി ടോര്‍ക്ക് 1000 എന്‍എമ്മുമാക്കി മാറ്റും. 

bmw-m5-1

വൈദ്യുതി മാത്രം ഇന്ധനമാക്കി 69 കീലോമീറ്റര്‍ സഞ്ചരിക്കാനാവും. ഹൈബ്രിഡ് കരുത്തുള്ള ബിഎംഡബ്ല്യു എം5വിന് 3.5 സെക്കന്‍ഡുകൊണ്ട് മണിക്കൂറില്‍ 100 കീലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാനാവും. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 200 കീലോമീറ്റര്‍ വേഗത്തിലെത്താന്‍ വേണ്ടത് 10.9 സെക്കന്‍ഡ്. പരമാവധി വേഗം മണിക്കൂറില്‍ 250 കീലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. എം ഡ്രൈവേഴ്‌സ് പാക്കേജ് എടുക്കുന്നവര്‍ക്ക് മണിക്കൂറില്‍ 305 കീലോമീറ്റര്‍ വേഗതയില്‍ വരെ എം5 പറപ്പിക്കാനാവും. ഇനി ഇവി മാത്രം ഉപയോഗിച്ചാണെങ്കില്‍ പരമാവധി വേഗത മണിക്കൂറില്‍ 140 കീലോമീറ്ററില്‍ ഒതുങ്ങും. മെഴ്‌സിഡീസ്-എഎംജി സി63 എസ് ഇ പെര്‍ഫോമെന്‍സാണ് ബിഎംഡബ്ല്യു എം5വിന്റെ പ്രധാന എതിരാളി. 1.95 കോടി രൂപയാണ് എതിരാളിയുടെ വില. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com