ജോലി കാർ കഴുകൽ; ബാങ്ക് അക്കൗണ്ടില്ല; ഒറ്റ രാത്രി കൊണ്ടു കോടീശ്വരരായി യുവാക്കൾ

Mail This Article
ദുബായ്∙ അൽഖൂസിൽ കാർ കഴുകലാണു ജോലി, പ്രതിമാസ ശമ്പളം 1,300 ദിർഹം. ബാങ്ക് അക്കൗണ്ടുപോലുമില്ലാത്ത നേപ്പാൾ ഗുൽമി സ്വദേശി ഭരതും തന്റെ രാജ്യക്കാരായ ഉമേഷ്, സുരാജ് എന്നീ രണ്ടു കൂട്ടുകാരും ഒറ്റ രാത്രി കൊണ്ടു കോടീശ്വരന്മാരായി. കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന മെഹ്സൂസ് 94–ാം നറുക്കെടുപ്പിലാണു 22 കോടിയോളം രൂപ( 10 ലക്ഷം ദിർഹം, 34 കോടിയിലേറെ നേപ്പാൾ രൂപ.) മൂവർ സംഘത്തിനു സമ്മാനമായി ലഭിച്ചത്. ഇതു മൂന്നു പേരും തുല്യമായി പങ്കുവയ്ക്കും.
ജന്മ–വിവാഹ ദിനങ്ങൾ നമ്പരുകളാക്കി

16, 27, 31, 37, 42 എന്നീ നമ്പരുകളാണു ഭരതിനും കൂട്ടുകാർക്കും ഭാഗ്യം കൊണ്ടുവന്നത്. രണ്ടു മക്കളുടെ പിതാവായ ഭരതാണ് ടിക്കറ്റെടുത്തത്. ഇതിൽ 16 ഇദ്ദേഹത്തിന്റെ ജന്മദിനവും 27 വിവാഹദിനവുമാണ്. ബാക്കി നമ്പരുകൾ കണ്ണടച്ച് നൽകി. മെഹ്സൂസിന്റെ തുടക്കം മുതൽ കൂട്ടായും ഒറ്റയ്ക്കും ഭാഗ്യപരീക്ഷണം നടത്തിവന്നു. ഇതിനു മുൻപത്തെ രണ്ടാഴ്ച ഒറ്റയ്ക്കായിരുന്നു ടിക്കറ്റെടുത്തത്. ഇൗ നറുക്കെടുപ്പിൽ കൂടെ ജോലി ചെയ്യുന്ന 2 പേരെ കൂട്ടി.
രാത്രി 9ന് ജോലി കഴിഞ്ഞ് താമസസ്ഥലത്തെത്തി തത്സമയ നറുക്കെടുപ്പ് കണ്ടു തുടങ്ങി. എന്റെ നമ്പരുകൾ ഒാരോന്നായി പൊരുത്തപ്പെട്ടു വന്നപ്പോൾ പരിസര ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. പിന്നെ സന്തോഷം കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായി. ഉടൻ നാട്ടിലേക്കു വിളിച്ചു ഭാര്യയോടും മറ്റും കാര്യം പറഞ്ഞു. എന്നാൽ, തുക എത്രയാണെന്ന് പറഞ്ഞില്ല. ഒരു പക്ഷേ, അതവരെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായിരിക്കും എന്നതാണ് കാരണം. അതിനുശേഷം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഇത്രയും വലിയ സമ്മാനം നേടുന്ന ആദ്യത്തെ നേപ്പാളിയായിത്തീർന്നു ഇൗ 31കാരൻ. നാലു വർഷമായി നാട്ടിലേക്കു പോയിട്ട്. വരുംദിവസങ്ങളിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാൽ തത്കാലം ഇപ്പോൾ പോകുന്നില്ല. എല്ലാം ഒന്നും ശരിയാക്കിയ ശേഷം പോകും. തിരിച്ചു വന്ന് ഇതേ ജോലി ചെയ്യാനാണ് ഇപ്പോഴത്തെ ആഗ്രഹം. മറ്റു ഭാവി പരിപാടികളൊന്നും ആസൂത്രണം ചെയ്തിട്ടില്ല.
മസ്തിഷ്ക മുഴ ബാധിച്ച സഹോദരന് മികച്ച ചികിത്സ
ഭരതിന്റെ സഹോദരൻ ഏറെ നാളുകളായി മസ്തിഷ്ക മുഴ ബാധിച്ചു ചികിത്സയിലാണ്. ഡ്രൈവറായ പിതാവായിരുന്നു ഇതുവരെ സഹോദരന് വേണ്ട ചികിത്സ നടത്തിയത്. എന്നാൽ ഇനി തനിക്കും സഹായിക്കണമെന്നാണ് ആഗ്രഹമെന്നു ഭരത് പറയുന്നു.
വായ്പകൾ കുറേയുണ്ട്. അതും മറ്റു ബാധ്യതകളും എത്രയും വേഗം അടയ്ക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഭരത് മനോരമ ഒാൺലൈനിനോട് പറഞ്ഞു. 5 ഉം 3 ഉം വയസ്സുള്ള എന്റെ രണ്ടു കുട്ടികളുടെ ഭാവി ശോഭനമാക്കേണ്ടതും പ്രധാനമാണ്. ഇത് നിറവേറ്റാൻ കഴിഞ്ഞാൽ അത് അവിശ്വസനീയമായ കാര്യമായിരിക്കും. 94-ാമത് പ്രതിവാര നറുക്കെടുപ്പിൽ 41 വിജയികൾ രണ്ടാം സമ്മാനമായ 1,000,000 ദിർഹവും 1,174 വിജയികൾക്ക് മൂന്നാം സമ്മാനം 350 ദിർഹം വീതവും ലഭിച്ചു. കൂടാതെ, എല്ലാ ആഴ്‌ചയും മൂന്ന് വിജയികളെ ഉറപ്പിക്കുന്ന റാഫിൾ നറുക്കെടുപ്പിൽ മൂന്ന് വിജയികൾ 300,000 ദിർഹം കീശയിലാക്കി. ഇൗ നറുക്കെടുപ്പിൽ നേടിയ ആകെ സമ്മാനത്തുക 11,719,900 ദിർഹമാണ്.
ഇൗ ആഴ്ചയോടെ സമ്മാനത്തുകയായി 280,000,000 ദിർഹത്തിലേറെ സമ്മാനിച്ച യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പാണ് മഹ്‌സൂസ്, ജൂണിനും സെപ്‌റ്റംബറിനും ഇടയിൽ ജേതാക്കളായ 28-ാമത്തെ കോടീശ്വരനാണ് ഭരത്. നറുക്കെടുപ്പിൽ പങ്കെടുക്കാൻ നേപ്പാൾ സമൂഹത്തിൽ അഭൂതപൂർവമായ ആവേശം കാണുന്നുണ്ട്. ഇതുവരെ, 3,200 ലധികം നേപ്പാളികൾ മഹ്‌സൂസ് വിജയികളിൽ ഉൾപ്പെടുന്നു, അതിൽ 28 പേർ ഒന്നും രണ്ടും സമ്മാനങ്ങൾ നേടിയിട്ടുണ്ടെന്നു മഹ്‌സൂസ് ഓപറേറ്ററായ ഇ–വിങ്സ് സിഇഒ ഫരീദ് സാംജി പറഞ്ഞു.
English Summary: Nepali car wash driver in Dubai wins Mahzooz draw