ADVERTISEMENT

വയറിലുണ്ടാകുന്ന ഉരുണ്ട് കയറ്റവും ഗ്യാസ് കെട്ടലുമെല്ലാം ചില്ലറ ബുദ്ധിമുട്ടല്ല  നമുക്ക്  ഉണ്ടാക്കുന്നത്. എവിടെയെങ്കിലും പോകാന്‍ നില്‍ക്കുമ്പോഴോ എന്തെങ്കിലും പ്രധാനപ്പെട്ട ജോലി ചെയ്യുമ്പോഴോ  ആണ് ഇത് വരുന്നതെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഒരു കാര്യത്തിലും ശ്രദ്ധിക്കാന്‍ കഴിയാത്ത വിധത്തില്‍ പരിഭ്രമവും പരവേശവും ഉണ്ടാക്കാന്‍ ബ്ലോട്ടിങ് എന്നറിയപ്പെടുന്ന വയറിലെയും കുടലുകളിലെയും ഈ ഗ്യാസ് കെട്ടലിന് സാധിക്കും. നാം കഴിക്കുന്ന ഭക്ഷണം, കഴിക്കുന്ന രീതി എന്നിങ്ങനെ ബ്ലോട്ടിങ്ങിന് പല കാരണങ്ങളും ഉണ്ടാകാം. 

 

വീട്ടില്‍തന്നെ പ്രയോഗിക്കാവുന്ന ചില പൊടിക്കൈകളിലൂടെ വയറിലെ ഈ ഗ്യാസ് ഉരുണ്ട് കയറ്റത്തിന്‍റെ കാറ്റൂരി വിടാന്‍ നമുക്ക് സാധിക്കും. ഇതിന് സഹായിക്കുന്ന ഫലപ്രദമായ അഞ്ച് കാര്യങ്ങള്‍ ഇവയാണ്. 

 

അടിവയറില്‍ മസാജ്

 

പതിയെ അടിവയറൊന്ന് മസാജ് ചെയ്ത് കൊടുക്കുന്നത് ഗ്യാസ് ശരീരത്തിന് പുറത്തേക്ക് പോകാന്‍ സഹായിക്കും. വന്‍കുടലിന്‍റെ സ്ഥാനത്തെ പിന്തുടരുന്ന തരത്തില്‍ ഒരു പ്രത്യേക രീതിയില്‍ വേണം ഈ മസാജിങ് ചെയ്യാന്‍. ഇതിനായി ആദ്യം കൈകള്‍ വലത്തെ ഇടുപ്പെല്ലിന് മുകളില്‍ വയ്ക്കുക.എന്നിട്ട് വട്ടത്തില്‍  മസാജ് ചെയ്തു കൊണ്ട് കൈകള്‍ വാരിയെല്ലിന്‍റെ വശത്തേക്ക് ചലിപ്പിക്കുക. കുറച്ച് സമയത്തിന് ശേഷം ഇത് ആവര്‍ത്തിക്കുക. 

 

ചൂട് വെള്ളത്തില്‍ കുളി

ചൂട് വെള്ളത്തില്‍ ഒരു കുളി പാസ്സാക്കുന്നതും ബ്ലോട്ടിങ് ഒഴിവാക്കാനുള്ള ഫലപ്രദമായ മാര്‍ഗമാണ്. വെള്ളത്തിന്‍റെ ചൂട് അടിവയറിന് ആശ്വാസം നല്‍കുകയും ഉരുണ്ട് കൂടിയ ഗ്യാസ് പുറത്തേക്ക് പോകാന്‍ വഴിയൊരുക്കുകയും ചെയ്യും. സമ്മര്‍ദം കുറച്ച് ഗ്യാസ്ട്രോ ഇന്‍റസ്റ്റൈനല്‍ ട്രാക്ടിന്‍റെ കാര്യക്ഷമത കൂട്ടാനും ഇത് സഹായിക്കും. 

 

ഫൈബര്‍ കൂടുതല്‍ കഴിക്കാം

ഭക്ഷണക്രമത്തിലെ ഫൈബറിന്‍റെ അംശം വര്‍ധിപ്പിക്കുന്നതും ബ്ലോട്ടിങ് കുറയ്ക്കാന്‍ സഹായിക്കും. സ്ത്രീകള്‍ 25 ഗ്രാമും പുരുഷന്മാര്‍ 38 ഗ്രാമും വീതം ഫൈബര്‍ ഒരു ദിവസം കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി ഈ ലക്ഷ്യം നിറവേറ്റാം. 

 

ബ്ലോട്ടിങ് ഒഴിവാക്കുന്ന ഭക്ഷണ പാനീയങ്ങള്‍

കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് വര്‍ധിപ്പിച്ചും ഗ്രീന്‍ ടീ, വാഴപ്പഴം, പെരുഞ്ചീരകം, യോഗര്‍ട്ട് തുടങ്ങിയ ഭക്ഷണ പാനീയങ്ങള്‍ പരീക്ഷിച്ചും ബ്ലോട്ടിങ്ങിനെ പ്രതിരോധിക്കാന്‍ കഴിയും. 

 

ലഘു വ്യായാമങ്ങള്‍

വയര്‍ കമ്പിച്ചിരിക്കുന്ന അവസ്ഥയില്‍ നടത്തം, യോഗ പോലുള്ള ചെറു വ്യായാമങ്ങളും ഫലം ചെയ്യും. ശരീരം അനങ്ങുമ്പോൾ  വയറിലെ പേശികള്‍ ചുരുങ്ങുകയും ഇത് ഗ്യാസിനെ പുറത്തേക്ക് തള്ളുകയും ചെയ്യും. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഗ്യാസ് കെട്ടലിന് ശമനമുണ്ടാക്കാന്‍ വ്യായാമവും യോഗയും സഹായിക്കും. 

Content Summary : Simple tips to reduce bloating quickly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com