ADVERTISEMENT

വീട് എല്ലാവരുടെയും സ്വപ്നമാണ്.. അങ്ങനെ ഞങ്ങളും കണ്ടു ഒരു ചെറിയ സ്വപ്നം.. ലോൺ എടുക്കണോ, ചിട്ടി ചേരണോ, അതോ വാടക വീട്ടിൽ തന്നെ താമസിക്കണോ? ഇങ്ങനെയുള്ള നൂറു സംശയങ്ങൾക്കൊടുവിൽ ലോൺ എടുക്കാൻ തന്നെ തീരുമാനിച്ചു.. 

സംഭവം ചിട്ടി നല്ലതാണ്.. പക്ഷേ ജാമ്യംനിൽക്കാനും വയ്ക്കാനും ഒന്നും ഇല്ലാത്തതുകൊണ്ട് ലോൺ തന്നെ ശരണം. ലോൺ എടുത്താൽ അടയ്ക്കുന്ന പലിശയുടെ കണക്കുനോക്കി ഞെട്ടിയതുകൊണ്ട് പിന്നെ ആ ഭാഗത്തേക്ക് നോക്കിയില്ല..

EMI അടക്കുന്നതിന്റെ 10% ഒരു SIP സ്റ്റാർട്ട് ചെയ്തു പലിശ ഇല്ലാതെ വീട് സെറ്റ് ആക്കാം എന്നുള്ള കണക്കുകൂട്ടലിൽ ലോൺ എടുക്കാൻ തീരുമാനം ആയി..പക്ഷേ ഇതുവരെ തുടങ്ങിയില്ല. പണ്ട് എടുത്ത വിദ്യാഭ്യാസ ലോണിന്റെ അടവ് കുറെ മുടങ്ങിയത് കൊണ്ട് ഞങ്ങൾ രണ്ടുപേർക്കും സിബിൽ സ്‌കോർ കുറവായിരുന്നു..

അങ്ങനെ സിബിൽ കുറവായിട്ടും ചെറിയ പലിശ കൂട്ടിക്കൊണ്ട് ഞങ്ങളെ സഹായിക്കാൻ ഒരു ബാങ്കെത്തി. നന്ദി ഉണ്ട്..പക്ഷേ ഈ കടപ്പാടിന് അധികം ആയുസ്സ്  ഇല്ല കേട്ടോ..

എന്റെയും ഭാര്യയുടെയും ജോലി എറണാകുളം ആയതുകൊണ്ടും, തൃശൂരിൽ വലിയ IT ക്യാമ്പസ് വരാൻ സാധ്യത ഇല്ലാത്തതു കൊണ്ടും തൃശൂർരായ ഞങ്ങൾ കാക്കനാട് ഭാഗത്താണ് സ്ഥലം വാങ്ങി വീട് വയ്ക്കാൻ തീരുമാനിച്ചത്.. അങ്ങനെ നീണ്ട ഒരു വർഷം ഞങ്ങൾ ഇഷ്ടപെട്ട സ്ഥലം നോക്കി നടന്നു.

സ്ഥലവില ഞങ്ങളുടെ ബജറ്റിൽ നിൽക്കാത്തതുകൊണ്ട് കാക്കനാട് നിന്നും പതിയെ അകന്നകന്നുപോയി. അവസാനം കിഴക്കമ്പലവും കഴിഞ്ഞു പട്ടിമറ്റം എന്ന സ്ഥലത്തു ഒരു 6.5 സെന്റ് സ്ഥലം നോക്കി വച്ചു. ടോക്കൺ കൊടുത്തു ഡോക്യൂമെന്റസ് വാങ്ങി, ആ സ്ഥലത്തിനെ പറ്റി അന്വേഷിച്ചപ്പോഴാണ് 100-150 മീറ്റർ അകലത്തിൽ ഹൈവേ വരുന്ന കാര്യം അറിഞ്ഞത്. അലൈൻമെന്റ് ഒന്നും തീരുമാനം ആകാത്തതുകൊണ്ട് ഈ 100-150 മീറ്റർ എങ്ങോട്ടു വേണമെങ്കിലും മാറാം.

സ്ഥലം ഇഷ്ടപെട്ടത് കൊണ്ട്, നാഷണൽ ഹൈവേയുടെ  ഓഫിസിൽ പോയി അന്വേഷിച്ചു. "ചിലപ്പോൾ ഈ സ്ഥലം വാങ്ങിയതോടു  കൂടി നീ കോടീശ്വരനാകും" എന്ന ഒരു ഉപദേശം കിട്ടിയെങ്കിലും അത് ചിരിച്ചു കൊണ്ട് തള്ളികളഞ്ഞു. കാരണം നമ്മൾ വീട് വയ്ക്കുന്നത് വളരെ ആഗ്രഹിച്ചും മോഹിച്ചുമാണല്ലോ. ഒരു ആയുസിന്റെ കഷ്ടപ്പാട് എന്തിനുവേണ്ടിയാണെങ്കിലും വിട്ടുകൊടുക്കുമ്പോൾ ഒരു നീറ്റലാണ്. അത് ഒരിക്കൽ അനുഭവിച്ചതാണ്.. ആ ഫ്ലാഷ്ബാക്കിലേക്കു പോയാൽ ഈ കഥ നീളും..

അങ്ങനെ ആ സ്ഥലം തീരുമാനം ആയി. ബാങ്ക്  കാര്യങ്ങൾ നല്ല സ്പീഡിൽ നീക്കുന്നുണ്ടായിരുന്നു. പക്ഷേ  ഇടയിൽ ഒരു പണികിട്ടി. 80% ലോൺ സ്ഥലത്തിന് തരാമെന്നു ഏറ്റ അവർ ലാസ്റ്റ് കൈ മലർത്തി. 60% തരാൻ പറ്റുള്ളൂ എന്ന്..

ഇവിടെയാണ് രണ്ടു പുതിയ താരോദയങ്ങൾ എന്റെ ലൈഫിൽ വരുന്നത്. ഈ രണ്ടു പേരും എന്റെ പ്ലോട്ടിന്റെ എതിർവശത്ത് സ്ഥലം വാങ്ങിയവരാണ്. അവർ ലോൺ എടുത്തത് മറ്റൊരു ബാങ്കിൽ നിന്നായിരുന്നു. അവരുടെ ഉപദേശ പ്രകാരം അങ്ങനെ ഞാനും ആ ബാങ്ക് കസ്റ്റമർ ആയി. അങ്ങനെ കാര്യങ്ങളെല്ലാം സ്മൂത്ത് ആയി നടന്നു.

pravasi-exp

രജിസ്റ്റർ ചെയ്തു, ആധാരത്തിന്റെ കോപ്പി നമുക്കു തന്നു, ഒറിജിനൽ ബാങ്ക് കൊണ്ട് പോകുന്നത് കണ്ടപ്പോൾ അൽപം വിഷമം തോന്നിയെങ്കിലും.. അവരെ പറഞ്ഞിട്ടു കാര്യം ഇല്ലാത്തതുകൊണ്ട് ആ വിഷമം വെള്ളം തൊടാതെ വിഴുങ്ങി..അങ്ങനെ സ്ഥലം സ്വന്തം പേരിലായി. ചെറുതായിട്ട് ബാങ്കിന്റെ പേര് സൈഡിൽ ഉണ്ടെന്നേയുള്ളു.. വേറെ കുഴപ്പം ഒന്നും ഇല്ല..

pravasi-exp-dine

പിന്നീടങ്ങോട്ടു പ്ലാനിന്റെ വരവാണ്. ഇൻസ്റ്റഗ്രാം-ഫെയ്സ്ബുക്- ഗൂഗിൾ..അങ്ങനെ പ്ലാൻ നോക്കി ഇറങ്ങാത്ത മേച്ചിൽപുറങ്ങൾ ഇല്ല.. നമ്മളെകൊണ്ട് കൂട്ടിയാൽ കൂടില്ല എന്ന് മനസ്സിലായപ്പോൾ ആർക്കിടെക്ടിനെ തപ്പി ഇറങ്ങി. എന്റെ കൂടെ ബിടെക്കിനു പഠിച്ച സുഹൃത്തിന്റെ ഭാര്യ ആർക്കിടെക്ട് ആയിരുന്നു..അങ്ങനെ ആർക്കിടെക്ട് സെറ്റ് ആയി..

എനിക്ക് ഓർമയില്ല, എത്ര പ്രാവശ്യം പ്ലാൻ നീട്ടിയും കുറുക്കിയും വളച്ചും ഒടിച്ചും മാറ്റിയെന്ന്..അവസാനം പ്ലാൻ റെഡി. പ്ലാൻ ഒരിക്കൽ ഫിക്സ് ആയാൽ പിന്നെ അത് മാറ്റില്ല എന്നാദ്യമേ തീരുമാനിച്ചിരുന്നു. അത് ഏറെക്കുറെ പാലിക്കാൻ കഴിഞ്ഞു. 

അങ്ങനെ വീട് പണി തുടങ്ങി. തറ പണി കഴിഞ്ഞാലേ ബാങ്ക് ലോണിന്റെ ആദ്യ തുക തരികയുള്ളൂ. സ്ഥലം വാങ്ങാൻ 20% കയ്യിൽനിന്ന് എടുത്തപ്പോൾത്തന്നെ എന്റെ കീശ കാലിയായിരുന്നു. സുഹൃത്തുക്കൾക്കു ഒരു കുറവും ഇല്ലാത്തതു കൊണ്ടും, പിന്നെ ഞാൻ മുൻപ് പറഞ്ഞ താരോദയങ്ങൾ ഉണ്ടായിരുന്നത് കൊണ്ടും ഞാൻ തറ പണി തുടങ്ങി പൂർത്തിയാക്കി.. ബാങ്ക് ആദ്യത്തെ തുക തന്നു.

വീടുപണി ഞങ്ങൾ ലേബർ കോൺട്രാക്ട് കൊടുത്തു. അവിടെ വീട് പണിയുന്ന ഞാനും, ബാക്കി രണ്ടു താരോദയങ്ങളും കൂടി ഒരുമിച്ചു മെറ്റീരിയൽ അടിച്ചും, വിലപേശിയും വീടുപണി തകൃതിയായി നടന്നു. ഇതിനിടയിൽ എനിക്ക് ഗൾഫിൽ തരക്കേടില്ലാത്ത ഒരുജോലി കിട്ടി.. ഈ സമയത്തു മെയിൻ വാർപ്പ് കഴിഞ്ഞിട്ടേയുള്ളു.

വീട്ടുകാരുടെയും, ഞങ്ങളുടെ പ്ലോട്ടിന്റെ മുൻപിൽ വീട് പണിയുന്ന സുഹൃത്തുക്കളുടെയും ഉപദേശത്തിന് വഴങ്ങി ഞാൻ വിമാനം കയറി.. പിന്നീട് അങ്ങോട്ടു ഒരു സംഭവം ആയിരുന്നു..സുഹൃത്തുക്കളും വീട്ടുകാരും പണിക്കാരും നാട്ടുകാരും എല്ലാവരും കൂടി എന്റെ വീടുപണി നല്ല രീതിയിൽ തീർത്തുതന്നു.

സ്വന്തം വീടുപോലെ കണ്ടു എന്റെ വീടിന്റെ നനയ്ക്കൽ, പണിക്കാരെ ഏർപ്പാടാക്കൽ, മെറ്റീരിയൽ അടിക്കൽ എന്ന് വേണ്ട സകല കാര്യങ്ങൾക്കും മുൻപിൽ നിന്ന് സഹായിച്ചത് എന്റെ അയൽവാസികളാണ്. ചെറിയ ചെറിയ പോരായ്മകൾ ഉണ്ടെങ്കിലും അവസാനം എല്ലാം ഭംഗിയായി നടന്നു..

ഇന്റീരിയർ ചെയ്യുമ്പോൾ കുറച്ചു അധികം കൺഫ്യൂഷൻ അടിച്ചെങ്കിലും അവിടെയും ഒരു സുഹൃത്തു സഹായിച്ചു. ഒരുപാടു പേരോട് കടപ്പാടുണ്ട്. അതുകൊണ്ട് ഒരുമിച്ച് നന്ദി പറയുന്നു.

2023 ഫെബ്രുവരിയിൽ വീട് പണി തുടങ്ങി, 2024 ഏപ്രിലിൽ വീട്ടിൽ കയറിക്കൂടി, ഞങ്ങളുടെ കുടുംബത്തിലെ പുതിയ കുഞ്ഞതിഥിയോടൊപ്പം.. ബാക്കി കഥകൾ ഫോട്ടോസ് പറയും..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com