ADVERTISEMENT

നീന്തലിൽ മഹാകവി കുമാരനാശാനുള്ള സാമർഥ്യത്തെപ്പറ്റി സതീർഥ്യൻ സി.കെ.മാധവൻ മുതലാളി ഇങ്ങനെ ഓർമിക്കുന്നു.– വീടിന്റെ കിഴക്കുവശത്തായി, തെക്കുവടക്കു നീണ്ടുകിടക്കുന്ന കോഴിത്തോട്ടം കായലിൽ ഞങ്ങൾ സാധാരണ കുളിക്കാൻ പോകാറുണ്ടായിരുന്നു. ചിലപ്പോൾ ഞങ്ങൾ മത്സരിച്ചു നീന്തിയിട്ടുമുണ്ട്. ഉദ്ദേശം അരമൈൽ കിഴക്കുപടിഞ്ഞാറു വീതിയുള്ള ഈ കായലിൽ, അക്കരെയിക്കരെ നിൽക്കാതെ ഞാനും ആശാനുമായി മത്സരിച്ചു നീന്താറുണ്ടായിരുന്നു.

അപ്പോഴെല്ലാം ആശാൻ വളരെ വേഗത്തിൽ നീന്തി വിജയം നിഷ്‌പ്രയാസം കരസ്‌ഥമാക്കിയിരുന്ന വസ്‌തുത ഇപ്പോഴും ഞാൻ ഓർക്കുന്നു. കടലിലും ഞങ്ങൾ ചിലപ്പോൾ കുളിക്കാൻ പോകാറുണ്ട്. ആശാൻ തിരയ്‌ക്കപ്പുറം നീന്തിപ്പോയിട്ട് എല്ലാവരെക്കാളും മുൻപേ തിരിച്ചുവരിക പതിവായിരുന്നു. നീന്തലിൽ ഇത്രമാത്രം വൈദഗ്‌ധ്യം സമ്പാദിച്ചിരുന്ന ഒരാൾ, കേവലം പരിമിത വിസ്‌തൃതി മാത്രമുള്ള പല്ലനയാറ്റിൽ വച്ച് കാലയവനികയിൽ തിരോഭൂതനായ വാർത്ത കേട്ടപ്പോൾ എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. (എം.കെ. സാനു–മൃത്യുഞ്‌ജയം കാവ്യജീവിതം, പേജ് 25) 

കവിതകൾക്കൊപ്പം ആണ്ടുപോയവരിൽ ഷെല്ലിയും 

ഇംഗ്ലിഷ് കാൽപനിക കവികളിൽ ഏറെ പ്രസിദ്ധനായ പി.ബി.ഷെല്ലിയും കുമാരനാശാനെപ്പോലെ മുങ്ങിമരിക്കുകയായിരുന്നു. 1822 ജൂലൈ എട്ടിന്, തന്റെ മുപ്പതാം പിറന്നാളിന് ഒരു മാസം മുൻപായിരുന്നു ദുരന്തം. ഇറ്റലിയിലെ ലിവോർണോയിലെ (Livorno) സുഹൃത്തുക്കളെ സന്ദർശിച്ചശേഷം ലെറിചിയിലേക്ക് (Lerici) സ്വന്തം ബോട്ടിൽ സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. മരണസമയം, ആശാനെപ്പോലെ ഷെല്ലിയും കവിതയെ കൂടെക്കൂട്ടി. ആശാന്റെ കയ്യിൽ സ്വന്തം കൃതിയുടെ കയ്യെഴുത്തുകളായിരുന്നെങ്കിൽ ഷെല്ലിയുടെ കോട്ടിന്റെ പോക്കറ്റിൽനിന്നു കണ്ടെടുത്തത് ജോൺ കീറ്റ്സിന്റെ കവിതാപുസ്തകമായിരുന്നു. 

English Summary:

Kumaranasan and Shelley - Poets who died by drowning