ADVERTISEMENT

സൂപ്പർ ശരണ്യ സിനിമയിലെ അരുൺ സാറിനെ സിനിമ കണ്ടവരാരും പെട്ടെന്നു മറന്നു പോകില്ല. കോളജിൽ താൻ പഠിപ്പിക്കുന്ന വിദ്യാർഥിയോട് തോന്നിയ പ്രണയത്തിൽ സ്വയം മറന്നു പോയ ആ യുവ അധ്യാപകനെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്ന വിനീത് വിശ്വം തൃശൂരുകാരനാണ്. വെങ്കിടങ്ങ് ഉള്ളനാട്ട് ചെമ്പുഴ വീട്ടിൽ വിനീത് വിശ്വം സിനിമയുടെ  വിജയം ആസ്വദിക്കുകയാണ് ഇപ്പോൾ. പിന്നെ തിരക്കഥയെഴുതിയതിന്റെ ആനന്ദവും.

 

∙സൂപ്പർ വഴിത്തിരിവ്

 

സൂപ്പർ ശരണ്യ എന്ന സിനിമ ഒരു വഴിത്തിരിവാണ്. മുൻപ് കുറേയധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത് സൂപ്പർ ശരണ്യയിലൂടെയാണ്. ഇപ്പോൾ നാട്ടിലെ  കടകളിലെല്ലാം പോകുമ്പോൾ  ‘ചേട്ടനല്ലേ സൂപ്പർ ശരണ്യയിലെ അരുൺ സാറ്..ചേട്ടന്റെ വീട് ഇവിടെയായിരുന്നോ’ എന്നൊക്കെ ചോദിച്ച് പിള്ളേരൊക്കെ അടുത്തു വരുന്നുണ്ട്.  2014 മുതൽ ഞാൻ സിനിമയിലുണ്ട്.  തൃശൂർ എൻജിനീയറിങ് കോളജിൽ ആയിരുന്നു ഷൂട്ടിങ് അധികവും. സ്വന്തം നാട്ടിൽ അഭിനയിക്കുന്നതിന്റെ ഒരു സുഖം ഒന്നു വേറെ തന്നെ. കോളജിൽ പഠിച്ചിരുന്ന സമയത്ത് ഒരു ബാഗും തൂക്കി ഇറങ്ങിയതു പോലെയാണ്  സെറ്റിലേക്കിറങ്ങിയിരുന്നത്. രാവിലെ പോയി വൈകിട്ട് തിരിച്ചെത്തുന്ന ഒരു ക്യാംപസ് ലൈഫ് പോലെ.

vineeth-viswam-2

 

അരുൺ സാറിന്റെ കഥാപാത്രം

 

അരുൺ സർ ശരിക്കും ഒരു നിഷ്കളങ്കനാണ്. അനശ്വരയുടെ ശരണ്യ എന്ന കഥാപാത്രത്തോടുള്ള ഇഷ്ടം പിടിച്ചു പറ്റാനുള്ള വേലകൾ തിയറ്ററിൽ ചിരിയൊരുക്കുന്നു. ഞാനൊരു ബി ടെക് ബിരുദധാരിയാണ്. പഠിക്കുന്ന സമയത്ത് അധ്യാപകൻ ആകാൻ മോഹമുണ്ടായിരുന്നു. സിനിമയിൽ അത് യാഥാർഥ്യമായി. പണ്ട് കോളജിൽ പഠിപ്പിച്ചിരുന്ന യുവ അധ്യാപകരുടെ ചില മാനറിസങ്ങൾ പകർത്തിയിരുന്നു.

 

∙ സിനിമയിലേക്ക്

 

ചെറുപ്പം മുതൽ സിനിമയോടും അഭിനയത്തോടും വല്ലാത്തൊരു ഇഷ്ടമാണ്. ഖത്തറിൽ എൻജിനീയറായി കുറച്ചു നാൾ ജോലി ചെയ്തിരുന്നു. വല്ലാത്തൊരു വീർപ്പുമുട്ടലായിരുന്നു ആ സമയങ്ങളിൽ ജോലി കഴിഞ്ഞെത്തിയാൽ സിനിമകൾ കണ്ടും സിനിമ അഭിമുഖങ്ങൾ വായിച്ചും ഇരിക്കും. ജിലേബി എന്ന സിനിമയിൽ സഹ സംവിധായകനായി ക്ഷണം കിട്ടിയപ്പോൾ ജോലി രാജി വച്ച് ഇറങ്ങുകയായിരുന്നു.

 

ജിലേബി, പ്രേതം, രാമന്റെ ഏദൻ തോട്ടം,  സു സു സുധി വാത്മീകം തുടങ്ങിയ സിനിമകളിൽ സംവിധാനസഹായിയായി. ഇതിൽ പല സിനിമകളിലും ചെറിയ വേഷങ്ങൾ. 2017 ൽ അങ്കമാലി ഡയറീസിൽ നല്ല വേഷം ലഭിച്ചു. പിന്നീട് ആണും പെണ്ണും, മന്ദാരം, ആഭാസം, അജഗജാന്തരം തണ്ണീർമത്തൻ ദിനങ്ങൾ തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിക്കാനായി.

 

∙ തിരക്കഥയെഴുത്ത്

 

 അജഗജാന്തരം സിനിമയുടെ തിരക്കഥ എഴുതിയത് ഞാനും കിച്ചു ടെല്ലസും ചേർന്നാണ്. ആനകളും പൂരവും പ്രമേയമായി വരുന്ന ചിത്രമാണത്. മുഴുനീള ആ‌ക്‌ഷൻ രംഗങ്ങൾ ചിത്രീകരിക്കാനായി ഏറെ കഷ്ടപ്പെടേണ്ടി വന്നു. ഒരു കൂട്ടായ്മയുടെ വിജയമാണ് ആ സിനിമ. അങ്കമാലി ഡയറീസ് ടീമിലെ പലരും തന്നെയായിരുന്നു ഇതിലും പ്രവർത്തിച്ചത്. എഴുത്തും അഭിനയവും കൊണ്ട് എന്റെ മനസ്സിനോട് ചേർന്നു നിൽക്കുന്ന സിനിമയാണിത്. സിനിമ തന്നെയാണ് ഇനിയെന്റെ വഴി.

         

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com