ഒരമ്മയുടെ മനഃപ്രവാസം: മല്ലിക സുകുമാരൻ പറയുന്നു

Mail This Article
മക്കൾക്കു വിഷമമുണ്ടായെന്നറിഞ്ഞാൽ അമ്മമനസ്സു തേങ്ങും. കുഴപ്പമില്ലെന്നു നേരിട്ടു ബോധ്യപ്പെട്ടാലേ, ആ വിഷമം മാറൂ. ലോക്ഡൗൺ കാലത്ത് തിരുവനന്തപുരത്തെ വീട്ടിൽ ഒറ്റയ്ക്ക് ഒരമ്മ... ഇളയ മകൻ ജോർദാനിൽ ഷൂട്ടിങ്ങിനു പോയി കുടുങ്ങി. മൂത്തമകൻ കുടുംബസമേതം കൊച്ചിയിലായതിനാൽ അമ്മയുടെ അടുത്തെത്താനും കഴിയില്ല. ആ അമ്മ മല്ലിക സുകുമാരനാണ്.
ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിത’ത്തിലെ നജീബായി നടൻ പൃഥ്വിരാജ് ഫെബ്രുവരി 29നു ജോർദാനിലേക്കു പോയി. നജീബാകാൻ പൃഥ്വി മൂന്നുമാസം കൊണ്ടു കുറച്ചത് 17 കിലോ. പഴച്ചാറുകളും പച്ചക്കറിസൂപ്പും മാത്രമായിരുന്നു ഭക്ഷണം. താടിയും മുടിയും നീട്ടിയിരുന്നു. മികച്ചൊരു കഥാപാത്രത്തിനു വേണ്ടിയാണ് ഈ ഒരുക്കമെങ്കിലും മകൻ പട്ടിണികിടക്കുന്നത് ഏതെങ്കിലും അമ്മയ്ക്കു സഹിക്കുമോ?

പെട്ടെന്നു ഭാരം കുറയ്ക്കുന്നതു പ്രതിരോധശേഷിയെ ബാധിച്ചേക്കാമെന്ന് മല്ലികയുടെ സഹോദരനും പ്രശസ്ത ഡോക്ടറുമായ എം.വി.പിള്ള മുന്നറിയിപ്പു നൽകിയതോടെ അമ്മയ്ക്ക് ആശങ്കയേറി. ഭാരം കുറച്ചതോടെ പൃഥ്വിരാജിനു ക്ഷീണവുമുണ്ടായി. പുതിയ സിനിമകളുടെ കഥ പോലും കേൾക്കാതെ മൂന്നു മാസം കുടുംബത്തോടൊപ്പം കൊച്ചിയിലെ ഫ്ലാറ്റിൽത്തന്നെ ഒതുങ്ങിക്കൂടി.
ബ്ലെസിയുടെ നേതൃത്വത്തിൽ 58 പേരടങ്ങുന്ന സംഘമാണു ജോർദാനിലേക്കു പോയത്. സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടതിനാൽ ഒരാഴ്ച നേരത്തേ പൃഥ്വി അവിടെയെത്തി. അസിസ്റ്റന്റും മേക്കപ്പ്മാനും കൂടെയുണ്ടായിരുന്നു. നജീബിന്റെ ഏകാന്തജീവിതമാണു ചിത്രീകരിക്കുന്നത് എന്നതിനാൽ മറ്റു മലയാള താരങ്ങളൊന്നും സംഘത്തിൽ ഇല്ലായിരുന്നു. മരുഭൂമിയിലെ ചൂടു പൃഥ്വിക്കു സഹിക്കാൻ പറ്റുമോ എന്നതായിരുന്നു മല്ലികയുടെ ടെൻഷൻ. അവിടെ തണുപ്പാണെന്ന് അറിഞ്ഞതോടെ കുറച്ചു സമാധാനമായി.

അമ്മാനിൽനിന്നു നാലു മണിക്കൂർ യാത്ര ചെയ്ത് എത്തുന്ന മരുഭൂമിയുടെ നടുവിലെ റിസോർട്ടിലാണു ചിത്രീകരണ സംഘം താമസിച്ചിരുന്നത്. പകൽ എല്ലാവരും ഷൂട്ടിങ് നടക്കുന്ന മരുഭൂമിയിലേക്കു പോകും. രാത്രി എട്ടിനു റിസോർട്ടിൽ തിരികെയെത്തുന്നതു വരെ ഒരു വിവരവും അറിയാനാകില്ല. അപ്പോഴേക്കും ഇന്ത്യൻ സമയം അർധരാത്രി ആയിരിക്കും. തുടക്കത്തിൽ പൃഥ്വിയെ ഫോണിലോ വാട്സാപ്പിലോ കിട്ടുമായിരുന്നില്ല. വല്ലപ്പോഴും ഫോണിൽ കിട്ടുന്ന വിവരങ്ങൾ ഭാര്യ സുപ്രിയ അമ്മയെ അറിയിക്കുമായിരുന്നു. കുറെക്കഴിഞ്ഞപ്പോൾ പൃഥ്വിയെ വാട്സാപ്പിൽ കിട്ടാൻ തുടങ്ങി.
ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ചതോടെ ചിത്രീകരണം തടസ്സപ്പെട്ടെങ്കിലും പിന്നീട് അനുമതി വാങ്ങി ഷൂട്ട് ചെയ്തു. കുറെ ദിവസം കഴിഞ്ഞപ്പോൾ വീണ്ടും ഷൂട്ടിങ് മുടങ്ങി.
ഒരു ദിവസം രാവിലെ ടിവി വാർത്ത കണ്ടു മല്ലികയ്ക്കു വീണ്ടും ആശങ്കയായി – പൃഥ്വിരാജ് കുടുങ്ങി... മകനെ ആരോ പിടിച്ചുകൊണ്ടു പോയെന്നാണ് ആദ്യം കരുതിയത്. തനിച്ചിരിക്കുന്ന അമ്മമാരുടെ മനസ്സിൽ ആദ്യം വരിക നെഗറ്റീവ് ചിന്തകളായിരിക്കുമെന്നു മല്ലിക പറയുന്നു.
ചിത്രീകരണം മുടങ്ങിയതിനാൽ ജോർദാനിൽ കുടുങ്ങിയെന്നതാണ് വാർത്ത എന്നറിഞ്ഞതോടെ, അവിടെ ഭക്ഷണവും വെള്ളവും അവശ്യവസ്തുക്കളുമുണ്ടോ എന്ന കാര്യത്തിലായി ആശങ്ക. തിരികെ വരാൻ വിമാനമില്ലെന്നത് ഒഴിച്ചാൽ പ്രശ്നമൊന്നുമില്ലെന്ന് പൃഥ്വി അറിയിച്ചതോടെ വീണ്ടും ആശ്വാസം.
ഇന്ദ്രജിത്തിന്റെ ഫോണിലേക്കു ഫാൻസ് അസോസിയേഷൻ പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ നൂറുകണക്കിനു വിളികൾ വന്നതും ഈ ദിവസങ്ങളിലാണ്. മറുപടി പറഞ്ഞു തളർന്നപ്പോൾ ഇന്ദ്രജിത്ത് ഫോൺ ഓഫാക്കി.
ഷൂട്ടിങ് സംഘത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ചലച്ചിത്ര സംഘടനകൾ രംഗത്തിറങ്ങുകയും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ.ബാലനും അടിയന്തര ഇടപെടൽ നടത്തി എന്നൊക്കെ അറിയുകയും ചെയ്തതോടെ വീണ്ടും ആധിയായി. താനറിയാതെ മകന് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ! ആരൊക്കെയോ തന്നോടു സത്യം മറച്ചു വച്ചിരിക്കുന്നതാണോ?
അപ്പോഴേക്കും മോഹൻലാൽ വിളിച്ചു. ലാലിനോട് ഉള്ളിലെ വിഷമങ്ങളെല്ലാം പറഞ്ഞു. അരമണിക്കൂറോളം സംസാരിച്ചു. ലാൽ ആശ്വസിപ്പിച്ചു. സുരേഷ് ഗോപിയും ജയറാമും മണിയൻപിള്ള രാജുവും കെപിഎസി ലളിതയും സിദ്ദിഖുമൊക്കെ വിളിച്ചു. ലാലും സുരേഷ് ഗോപിയും ജോർദാനിലുള്ളവരുമായി സംസാരിച്ച വിവരവും അറിഞ്ഞു.
ആ സമയത്ത് കേന്ദ്രമന്ത്രി വി.മുരളീധരനും മല്ലികയെ വിളിച്ചു. ജോർദാൻ എംബസിയിൽ തിരുവല്ല സ്വദേശിയായ ഉദ്യോഗസ്ഥനുണ്ടെന്നും പൃഥ്വിയുടെയും സംഘത്തിന്റെ കാര്യങ്ങളെല്ലാം അദ്ദേഹം നോക്കുമെന്നും മന്ത്രി ഉറപ്പുനൽകി. ടീമിനൊപ്പം മെഡിക്കൽ സംഘം കൂടി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധിഘട്ടത്തിൽ പിന്തുണച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുകയാണ് മല്ലിക.
റിസോർട്ടിലെ ജീവിതത്തിനിടെ ഷൂട്ടിങ് സംഘം വിഷുവും ഈസ്റ്ററുമെല്ലാം ആഘോഷിച്ചു. കൊന്നപ്പൂവിനു പകരം തുണികൊണ്ടു നിർമിച്ച പൂക്കൾ ഉപയോഗിച്ച് ആർട് ഡയറക്ടർ വിഷുക്കണിയൊരുക്കി. കഴിഞ്ഞ മാസം 20 മുതൽ ജോർദാനിലെ കർഫ്യൂവിൽ അയവു വന്നു. ഷൂട്ടിങ് വീണ്ടും തുടങ്ങി. അൽജീറിയയിലും ഈജിപ്തിലും പ്ലാൻ ചെയ്തിരുന്ന ചിത്രീകരണം ഒഴിവാക്കുകയും ചെയ്തു.
‘ആടുജീവിതം’ ബ്ലെസിയുടെയും പൃഥ്വിരാജിന്റെയും ഡ്രീം പ്രോജക്ട് ആണെന്നും എ.ആർ.റഹ്മാനും റസൂൽ പൂക്കുട്ടിയുമൊക്കെ സഹകരിക്കുന്നതു മികവു മനസ്സിലാക്കിയാണെന്നും മല്ലിക പറയുന്നു. മകന്റെ കഷ്ടപ്പാടുകൾക്കെല്ലാം ഈശ്വരൻ പ്രതിഫലം നൽകുമെന്ന പ്രതീക്ഷയുമായി കാത്തിരിക്കുകയാണ് അമ്മ.