‘കടുവാക്കുന്നേൽ’ എന്ന പേരില്ല, ‘ഒറ്റക്കൊമ്പൻ’ ഡിസംബറിൽ റജിസ്റ്റർ ചെയ്തത്: ടോമിച്ചന് മുളകുപാടം

Mail This Article
സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന വിശേഷണവുമായാണ് ‘ഒറ്റക്കൊമ്പൻ’ വരുന്നത്. കാടിളക്കി മദിച്ചുവരുന്ന കണക്കായിരുന്നു സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനവും. ഒറ്റക്കൊമ്പൻ എന്ന പേര് കഴിഞ്ഞ ഡിസംബറിൽ തന്നെ റജിസ്റ്റർ ചെയ്തിരുന്നു എന്ന് ചിത്രത്തിന്റെ നിർമാതാവ് ടോമിച്ചൻ മുളകുപാടം മനോരമ ഓൺലൈനിനോട് പറഞ്ഞു.
സഹസംവിധായകനായ മാത്യു തോമസിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് ഈ ചിത്രം. ഷിബിന്‍ തോമസാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. ഈ സിനിമയ്ക്ക് പൃഥ്വിരാജ് ചിത്രം ‘കടുവ’യുമായി ഒരുതരത്തിലും സാമ്യമില്ലെന്ന് ടോമിച്ചൻ മുളകുപാടം പറയുന്നു.
‘കടുവാക്കുന്നേൽ’ എന്ന പേര് ഉപയോഗിക്കാൻ പാടില്ല എന്ന് കോടതി വിധി ഉള്ള സ്ഥിതിക്ക് ഞങ്ങൾ ആ പേര് ഉപയോഗിക്കില്ല. എന്നാൽ കഥയിൽ യാതൊരു മാറ്റവുമില്ല. ചിത്രത്തിന്റെ നിർമാണപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. എന്തോ തെറ്റിദ്ധാരണയുടെ പേരിലാണ് കേസും കൂട്ടവുമൊക്കെ ഉണ്ടായത്. രണ്ടു ചിത്രങ്ങളും നടക്കട്ടെ, ഞങ്ങളുടെ എല്ലാവിധ സഹകരണവും ഉണ്ടാകും. ഈ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല. വളരെയധികം ആളുകളുടെ പ്രവർത്തനം വേണ്ട ചിത്രമാണ്, അതുകൊണ്ടു തന്നെ കോവിഡ് സംബന്ധിച്ച നിയന്ത്രണങ്ങൾ നീങ്ങിയതിനു ശേഷം മാത്രമേ ചിത്രീകരണം ആരംഭിക്കാൻ കഴിയൂ.’
‘ഇതൊരു ആൾക്കൂട്ട സിനിമയാണ്. തിയറ്ററിൽ തന്നെ റിലീസ് ചെയ്യേണ്ട സിനിമ. അതുകൊണ്ടു തിയറ്റർ തുറക്കുന്നതിനെ സംബന്ധിച്ചുള്ള തീരുമാനങ്ങൾ വന്നതിനു ശേഷമേ സിനിമയെക്കുറിച്ചുള്ള ബാക്കി കാര്യങ്ങൾ തീരുമാനിക്കൂ. സുരേഷ്‌ഗോപി അഭിനയിക്കുന്ന സിനിമ, എന്നെ ഇപ്പോൾ പറയാൻ കഴിയൂ, മറ്റുള്ള താരങ്ങൾ ആരായിരിക്കും എന്നുള്ള കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല. നല്ല സിനിമകൾ വരട്ടെ, സിനിമാരംഗത്തുള്ള എല്ലാവർക്കും തൊഴിൽ കിട്ടത്തക്ക വിധത്തിൽ ഉള്ള പ്രവർത്തനങ്ങളാണ് നടക്കേണ്ടത്. നല്ല സിനിമകൾക്ക് എന്നും എല്ലാവിധ പിന്തുണയും നൽകും.’–ടോമിച്ചൻ കൂട്ടിച്ചേർത്തു.