‘ഒറ്റക്കൊമ്പനു’മായി 2 സിനിമകൾ; പേര് മാറ്റി അണിയറപ്രവർത്തകർ

Mail This Article
ഒരേ പേരിലുള്ള സിനിമാ ടൈറ്റിലുകൾ പ്രഖ്യാപിച്ച്, പിന്നീട് പേരു മാറ്റേണ്ടി വന്ന നിരവധി സിനിമകൾ ഉണ്ട്. ഈ നിരയിലെ പുതിയ സംഭവമാണ് ഒറ്റക്കൊമ്പൻ എന്ന പേരിൽ രണ്ടു മാസത്തെ ഇടവേളയിൽ രണ്ടു ചിത്രങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്. നവാഗതനായ മഹേഷ് പാറയില്‍ സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രം പ്രഖ്യാപിക്കുന്നത് സെപ്റ്റംബർ 13 നാണ്. അതിനു ശേഷം പ്രഖ്യാപിച്ച സിനിമയാണ് സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പൻ.
രണ്ട് ചിത്രങ്ങളുടെയും പേരുകൾ സിനിമാപ്രേമികൾക്കിടയിൽ സജീവ ചർച്ചയായെങ്കിലും ഒരു സിനിമ മാത്രമേ ഇതേ േപരിൽ റിലീസ് ചെയ്യാനാകൂ. ടൈറ്റിൽ ആര് ആദ്യം റജിസ്റ്റർ ചെയ്തവരാണ് ‘ഒറ്റക്കൊമ്പന്റെ’ അവകാശി. എന്തായാലും വിവാദങ്ങൾക്ക് വഴി കൊടുക്കാതെ പേരു മാറ്റുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മഹേഷും കൂട്ടരും.
‘ഞങ്ങളുടെ സിനിമയുടെ ടൈറ്റിൽ റജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശനങ്ങൾ ഉള്ളതിനാലും മറ്റു വിവാദങ്ങളിലേക്കു പോവാൻ താല്പര്യം ഇല്ലാത്തതിനാലും ഞങ്ങളുടെ സിനിമയുടെ പുതിയ ടൈറ്റിൽ വിത്ത് ലീഡ് ക്യാരക്ടർ പോസ്റ്റർ ഉടൻ റീലീസ് ചെയ്യുന്നതായിരിക്കും. ഇടഞ്ഞു നിൽക്കുന്ന ആ ഒറ്റ കൊമ്പുള്ള ഏകഛത്രാധിപതി നിങ്ങളെ നിരാശപ്പെടുത്തില്ല !’.–സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു.
ഹ്രസ്വചിത്രങ്ങളിലൂടെയും വെബ്‌സീരീസുകളിലൂടെയും ശ്രദ്ധേയനായ മഹേഷ് പാറയില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷിമോഗ ക്രിയേഷന്‍സിന്റെയും ഡ്രീം സിനിമാസിന്റെയും ബാനറില്‍ ഷബീര്‍ പത്തന്‍, നിധിന്‍ സെയ്‌നു മുണ്ടക്കല്‍, എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ‘എനിക്കുള്ളത് നെറ്റിപ്പട്ടത്തിന്റെ ചാരുതയല്ല, പൂരങ്ങളുടെ അഭിമാനമല്ല, ഗര്‍വ്വല്ല, എന്റെ താളം കാടിന്റെയാണ്.. സര്‍വവും മെതിക്കുന്ന രൗദ്രതയാണ്’ എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം പ്രേക്ഷകന് മുന്നിലെത്തുന്നത്.
കാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല. ഇടുക്കി, വയനാട്, തൊടുപുഴ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നിജയ് ഘോഷാണ്. അര്‍ജുന്‍ രവിയാണ് ക്യാമറ, ബിജിഎം രതീഷ് റോയി, എഡിറ്റര്‍ പി.വി.ഷൈജല്‍, പബ്ലിസിറ്റി ഡിസൈന്‍ അതിന്‍ ഒല്ലൂര്‍.
സുരേഷ് ഗോപിയെ നായകനാക്കി മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. ഷിബിന്‍ തോമസാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ഡിസംബറിൽ റജിസ്റ്റർ ചെയ്തിരുന്നുവെന്ന് നിർമാതാവ് ടോമിച്ചൻ മുളകുപാടം മനോരമ ഓൺലൈനിനോട് വെളിപ്പെടുത്തിയിരുന്നു. ഒക്ടോബർ 26നാണ് ചിത്രത്തിന്റെ ടൈറ്റിൽ ഔദ്യോഗികമായി പുറത്തിറക്കിയത്.