ADVERTISEMENT

" ബിയർ ആയാൽ മടിയിൽ വയ്ക്കാം. വളർന്ന് ബിവറേജസ് ആയാലോ?"

 

അത് സ്ഥാപിക്കാൻ ഒരു കെട്ടിടം കണ്ടെത്തേണ്ടിവരും. മനസ്സിൽ മുളപൊട്ടുന്ന ചില കഥാബീജങ്ങളുടെ കാര്യവും അങ്ങനെയാണ്. ചിലതൊക്കെ ഉള്ളിൽ തന്നെ ഇരുന്ന് മൃതിയടയും. ചിലത് വിത്തിനുള്ളിലെ ചെടിയെ പോലെ കുറേക്കാലം ദീർഘധ്യാനത്തിൽ ഇരിക്കും. അട ഇരിക്കുമ്പോൾ ചിലത് വിരിയും. വളരുന്ന മുറയ്ക്ക് ചിലതിനെ ചെടിച്ചട്ടിയിലേക്കോ പുറം മണ്ണിലേക്കോ മാറ്റി നടേണ്ടിവരും. ചിലത് ചെടികൾ ആകും. ചിലത് വള്ളികൾ ആകും. ചിലത് മരങ്ങൾ ആകും. അവ പൂക്കുകയോ കായ്‌ക്കുകയോ ചെയ്യും . വളരുന്നതിൽ ചിലത് പാഴ്ച്ചെടികളും  പടുമരങ്ങളുമാണെന്ന് തിരിച്ചറിയാൻ പലപ്പോഴും വൈകുമെന്ന് മാത്രം. അതിനൊന്നും ഒരു നിയമവും പറയാനില്ല.

 

" ഒരു നിശ്ചയമില്ലയൊന്നിനും

വരുമോരോ ദശ വന്നപോലെ പോം."

 

എന്നാണല്ലോ. പക്ഷേ ചിലതൊക്കെ വന്നത് പോലങ്ങ് പോകില്ല. വരും കാലത്തേക്ക് മുഴുവനുള്ള സൽപേരും ചിരകാലത്തേക്കുള്ള ദുഷ്പേരും നേടിത്തരും ചില സിനിമാ സൃഷ്ടികൾ. ഓരോ ചലച്ചിത്രവും  ഉരുവപ്പെട്ടത്തിനും  പരുവപ്പെട്ടതിനും പിന്നിൽ പല പല വഴികളും വഴിത്തിരിവുകളും ഉണ്ടാകും. പാവാട എന്ന സിനിമയ്ക്ക് അഞ്ച് വയസ്സ് തികയുന്ന സമയത്ത് അതിൻറെ  കഥവഴികളെക്കുറിച്ചല്ലാതെ മറ്റെന്താണ് ഞാൻ പറയുക.

 

pavada-movie

 എം. എ. പഠനം കഴിഞ്ഞ് ഭാരതീയ വിദ്യാഭവനിൽ പത്രപ്രവർത്തനം പഠിക്കാനെന്ന വ്യാജേന അനുരാഗ് തിലകൻ എന്ന ജൂനിയറിന്റെ കനിവിൽ മഹാരാജാസ് ഹോസ്റ്റലിൽ അഭയാർത്ഥി ജീവിതം നയിക്കുന്ന കാലം. ആ സമയത്താണ് ഡി. സി. ബുക്സ് പണ്ട് ഇറക്കിയ ഒരു വിവർത്തനപുസ്തകത്തിന്റെ പുതിയ പതിപ്പ് പുറത്തുവരുന്നത്. നൊബേൽ സമ്മാന ജേതാവായ യോസഫ് റോത്തിന്റെ നോവലിനെക്കുറിച്ച് സാഹിത്യ വാരഫലത്തിൽ എം .കൃഷ്ണൻ നായർ എപ്പോഴോ എഴുതിയത് വായിച്ച ഒരു ഓർമ്മ മനസ്സിൽ കിടപ്പുണ്ടായിരുന്നു.

 

THE LEGEND OF A HOLY DRINKER. ഒരു വിശുദ്ധ മദ്യപന്റെ ഇതിഹാസം. ഉശിരൻ തലക്കെട്ട്. പുസ്തകം ഇറങ്ങിയത് അറിഞ്ഞപ്പോൾ ചൂടോടെ അത് വാങ്ങാതെ ഇരിക്കപ്പൊറുതി കിട്ടില്ലെന്നായി.കീശയിലെ കാശിന്റെ നിലവാരം മെഹബൂബിന്റെ പാട്ടിൽ പറഞ്ഞതുപോലെ ആയിരുന്നു.

 

" നയാ പൈസയില്ല ,കയ്യിലൊരു നയാ പൈസയില്ല.നഞ്ചു വാങ്ങി തിന്നാൻ പോലും നയാപൈസയില്ല."

pavada-3

 

മഹാരാജാസ് ക്യാമ്പസിൽ കയറി കണ്ണിൽ കണ്ടവരോടെല്ലാം നിരത്തിയങ്ങ്  ഇരന്നു. പണത്തിന് മുട്ടുള്ളപ്പോൾ പണ്ടുമുതൽ നടത്തി വിജയിപ്പിച്ചിരുന്നൊരു പരിപാടിയാണത്. ആരോടും വലിയ തുക ചോദിക്കരുത്. കിട്ടില്ല. രണ്ടോ മൂന്നോ രൂപ ചോദിച്ചാൽ  മിക്കവരും തരും. ചെറിയ പൈസ ആയതുകൊണ്ട് ആരും അത് തിരിച്ചു ചോദിക്കുകയുമില്ല. രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ക്യാംപസിൽ രണ്ട് റൗണ്ട് നടന്നാൽ സുഖമായിട്ടന്നൊരു 300 രൂപ വരെയൊക്കെ ഒപ്പിക്കാം. അങ്ങനെ  തെണ്ടിപ്പിരിച്ചെടുത്ത തുക കൊണ്ട് കോൺവന്റ് ജങ്ഷനിലെ ഡി.സി. ബുക്സിൽ നിന്ന് കയ്യോടെ വാങ്ങി "വിശുദ്ധ മദ്യപനെ". കൂട്ടത്തിൽ പുള്ളിക്ക് ഒരു കമ്പനിക്കായി കുറഞ്ഞ വിലയുടെ ഒരു പൈന്റ്  കുപ്പിയും സംഘടിപ്പിച്ചു. 

 

അനുരാഗിന്റെ മുറിയിലിരുന്ന് ഒറ്റയിരുപ്പിന് തീർത്തു രണ്ടും. അന്ന് മനസ്സിൽ കയറിപ്പറ്റിയതാണ് ആൻഡ്രിയാസ് എന്ന കഥാപാത്രം. കള്ളുകുടി എന്ന ശീലത്തിന്റെ കുഴപ്പം കൊണ്ട് ജീവിതം കടലെടുത്തു പോയ കണക്കില്ലാത്ത മനുഷ്യരുടെ മഹാപ്രതിനിധി.എന്നെങ്കിലും ഒരു കുടിയന്റെ കഥ എഴുതണം എന്ന് ആദ്യമായി മനസ്സിൽ ഉറപ്പിച്ചത് യോസഫ് റോത്തിന്റെ ആൻഡ്രിയാസിനെ ആത്മാവിൽ അറിഞ്ഞ ദിവസമാണ്.

 

"കുടിയന്റെ കഥയെഴുതാൻ കഷ്ടപ്പെടേണ്ടല്ലോ. നീ ആത്മകഥ എഴുതിയാൽ പോരേ?" ചില കൂട്ടുകാരൊക്കെ അങ്ങനെ ചോദിക്കുമ്പോൾ അന്ന് വലിയ ക്രെഡിറ്റ് ആയി തോന്നിയിരുന്നു. അവരുടെ ചുണ്ടുകളിൽ ഒളിഞ്ഞിരുന്ന പരിഹാസച്ചിരികളുടെ ആഴം അറിഞ്ഞതും അപമാനം തോന്നാൻ തുടങ്ങിയതുമൊക്കെ പിന്നീടായിരുന്നു. അപ്പോഴേക്കും അധ്യാപകവൃത്തിയിൽ പ്രവേശിച്ചിരുന്നു.

 

വൈമാനികനും ഫ്രഞ്ച് സാഹിത്യകാരനുമായിരുന്ന അന്ത്വാൻ ഡി സാന്റ് ക്‌സ്യുപെരിയുടെ ലിറ്റിൽ പ്രിൻസ് എന്ന പുസ്തകത്തിൽ ഒരു മദ്യപൻ ഉണ്ട്. മനസ്സിലെ അപമാനഭാരം മറക്കാനായി നിരന്തരം കുടിച്ചു കൊണ്ടിരിക്കുന്ന ഒരാൾ.മുഴുക്കുടിയൻ എന്ന് പൊതുജനം പരിഹസിക്കുന്നതായിരുന്നു അയാളുടെ അപമാനഭാരത്തിന്‌ കാരണം!!!

 

അത്തരത്തിൽ വായിച്ചും കണ്ടും കേട്ടും ഒക്കെ പരിചിതരായ ഒരുപാട് കുടിയന്മാരെക്കുറിച്ചുള്ള കഥകൾ ഓർമയുടെ ഖജനാവിൽ നിറഞ്ഞുകൊണ്ടിരുന്നു. പെട്ടെന്ന് കാണുമ്പോൾ കോമാളികൾ എന്ന് തോന്നിപ്പിക്കുന്ന ദുരന്ത കഥാപാത്രങ്ങളാകും സത്യത്തിൽ മിക്ക മുഴുക്കുടിയൻമാരും. ആത്മാവിന്റെ കണ്ണാടിക്ക് മുന്നിൽ സ്വയം നിന്ന് നോക്കുമ്പോളൊക്കെ  സ്വന്തം തലയിൽ ഒരു കോമാളിത്തൊപ്പി തെളിഞ്ഞുവരുന്നത് പോലെ തോന്നിത്തുടങ്ങിയിരുന്നു അന്നെനിക്ക്. അങ്ങനെയുള്ള ഒരു കുടിയന്റെ കഥ കുത്തിക്കുറിക്കാൻ തുടങ്ങുന്നത് അമൃത ആശുപത്രിയിൽ ഇരുന്നാണ്. 

 

രണ്ടു മാസത്തോളം എന്റെ അമ്മ അമൃതയിൽ അഡ്മിറ്റ് ആയിരുന്നു . കൂട്ടുകിടപ്പുകാരനായി ഞാനും അവിടെത്തന്നെ. ഒരു കൊടും കള്ളുകുടിയൻ ആ ശീലം മൂലം കൊടൂരമായ ഒരു കൊലപാതകക്കേസിൽ കുടുങ്ങിപ്പോകുന്ന കഥച്ചരടുണ്ടാക്കി ആ കിടപ്പു കാലത്ത്. കയ്യോടെ ചെന്ന് അൻവർ റഷീദിനോട് അഭിപ്രായം ചോദിച്ചു. മദ്യപാനിയുടെ കഥയും അതിലെ മർഡർ മിസ്റ്ററിയും തമ്മിൽ മോരും മുതിരയും പോലൊരു മാച്ചിങ്ങില്ലായ്മ മണക്കുന്നു എന്നവൻ പറഞ്ഞു. അന്നെനിക്ക് മലയാളസിനിമയിൽ സംശയം ചോദിക്കാൻ അതിലും വലിയ ഒരാളില്ല. ഇന്നും. അൻവർ പറഞ്ഞത് അക്ഷരം പ്രതി പാലിച്ച് കൊലപാതകവും കുഴമറിച്ചിലുകളും ഒക്കെ കഥയിൽനിന്ന് കോരിയെടുത്ത് കാട്ടിലെറിഞ്ഞു കളഞ്ഞു. കോമഡി ട്രാക്കിൽ ഒരു കുടിയന്റെ ജീവിതകഥ നേരെയങ്ങ്   പറയാം എന്നൊരു ധാരണയിലെത്തി. അതായിരുന്നു പാവാട സിനിമയുടെ പ്രാഗ്‌രൂപം. അതായത് ഇന്നത്തെ കഥയുടെ പെറ്റിക്കോട്ട് പരുവം. ആ പെറ്റിക്കോട്ട് കഥ ചെന്ന് ആദ്യം പറഞ്ഞത് ആരോടാണെന്നോ? സാക്ഷാൽ മമ്മൂട്ടിയോട്.

 

ഒരു ദിവസം മൊത്തം നിന്നൊരു സിനിമാ ഷൂട്ടിങ് പോലും കണ്ടിട്ടില്ലാത്ത ആളാണ് അന്ന് ഞാൻ. മമ്മൂക്കയെ കുറിച്ച് ഒരു പുസ്തകം തയ്യാറാക്കിയതിന്റെ പേരിൽ അദ്ദേഹത്തിന്റെ വീട്ടിൽ ചെല്ലാൻ ഒരവസരം കിട്ടിയിരുന്നു. പുസ്തകം കൊണ്ട് കൊടുത്തിട്ട് തിരിച്ചിറങ്ങാൻ നിൽക്കുന്ന നേരത്താ കഥയുടെ ചന്ദ്രഹാസം എടുത്തൊന്ന് വീശി നോക്കിയതാണ്. കഥ ഒന്നും കേൾക്കാൻ കഴിയില്ലെന്ന് എടുത്ത വായ്‌ക്ക് പറഞ്ഞു. പിന്നെ പുതിയ ഹോം തിയറ്റർ സംവിധാനത്തിൽ ഒരു പടം ഒക്കെ ഇട്ടു കാണിച്ചു തന്നു. കുറേ വർത്തമാനം പറഞ്ഞു. അവസാനം, 5 മിനിറ്റ് കൊണ്ട് കഥപറഞ്ഞ് തീർക്കണമെന്ന കണ്ടീഷനിൽ  എനിക്ക് മുൻപിൽ മമ്മൂക്ക ഇരുന്നു തന്നു. ജീവിതത്തിലാദ്യമായി ഒരു സിനിമാനടനോട്‌ കഥ പറയുകയാണ്. പ്രാണൻ എടുത്ത് കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി. പത്തിരുപത് മിനിറ്റ് ആയിട്ടും പുള്ളി രസിച്ചിരുന്നു കേൾക്കുന്നുണ്ട്. പറഞ്ഞുപറഞ്ഞ് എന്റെ കോൺഫിഡൻസ് അങ്ങനെ കൂടിക്കൂടി വന്നപ്പോഴാണ് കഥയുടെ രസച്ചരട് മുറിച്ചുകൊണ്ട് ഘനഗംഭീരമായ ആ ശബ്ദം പ്രതീക്ഷയുടെ കടയ്‌ക്കൽ കോടാലി വെച്ചത്.

 

" ഇനി മുന്നോട്ട് പറയേണ്ട. ഇത് തീപ്പെട്ടി ചന്ദ്രന്റെ അതേ ട്രാക്ക് ആണ്."

 

അതേതാണപ്പാ ഒരു തീപ്പട്ടി ചന്ദ്രൻ എന്ന മട്ടിൽ അമ്പരന്നു ഞാനിരിക്കുമ്പോൾ മമ്മൂക്ക തുടർന്നു. " ടി .എ. റസാഖ് എനിക്കുവേണ്ടി എഴുതുന്ന ഒരു പടമാണ്. ഇതേപോലെ ഒരു കഥാപാത്രവും കഥയുമാണ്. തന്നെയുമല്ല മോഹൻലാലിന്റെ ഹലോ എന്നൊരു സിനിമ വരുന്നുണ്ട്."

 

എന്റെ ചളിഞ്ഞ മോന്ത കണ്ടിട്ടാകണം ആശ്വസിപ്പിക്കുന്ന മട്ടിൽ അദ്ദേഹം ഇത്രയും കൂടി പറഞ്ഞു. " ഗ്രാമീണ കഥയൊന്നും അല്ലാതെ  അർബൻ ബാക്ക് ഗ്രൗണ്ടിൽ ഉള്ള സബ്ജക്റ്റ് വല്ലതും ഉണ്ടെങ്കിൽ ആലോചിച്ചിട്ട് വന്നു പറയ്‌."

 

നമ്മുടെ കയ്യിൽ ക്വിന്റല്‍ കണക്കിന് കഥ ഇരിക്കുന്ന മട്ടിലാണ് പുള്ളിയുടെ പറച്ചിൽ. ഇതു തന്നെ ഒരു തരത്തിൽ ഒപ്പിച്ചെടുത്ത പാട് എനിക്കേ അറിയൂ. എന്നാലും ആത്മവിശ്വാസത്തിൽ തന്നെ പറഞ്ഞു. " ആലോചിച്ചിട്ട് വരാം മമ്മൂക്കാ."

 

എവിടുന്നാലോചിക്കാൻ.എന്താലോചിക്കാൻ. ഒരെത്തും പിടിയും ഇല്ലാതെ അവിടെ നിന്നിറങ്ങി.അന്ന് ആഗ്രഹത്തിന്റെ അയയിൽ നിന്നെടുത്ത് മടക്കിപ്പൂട്ടി പെട്ടിയ്‌ക്കകത്ത് വച്ചതാണ് ആ കുടിയൻ കഥയുടെ പെറ്റിക്കോട്ട്. വർഷങ്ങൾക്കുശേഷം ഒരു പാവാടയായി വിടരുമെന്ന് ആരറിഞ്ഞു . ആ ചിത്രപ്പാവാട തുന്നിയ കഥ അടുത്ത വാൾ വീശലിൽ വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com