അടുത്ത പടത്തിലും ഉൾപ്പെടുത്തണമെന്നു പറഞ്ഞിരുന്നതാണ്: ടിടിഇ വിനോദിനെ ഓർത്ത് സാന്ദ്ര തോമസ്
Mail This Article
ടിക്കറ്റ് ചോദിച്ചതിന്റെ പേരിൽ ഓടുന്ന ട്രെയിനിൽനിന്ന് ഇതരസംസ്ഥാന തൊഴിലാളി തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ കെ. വിനോദിനെ അനുസ്മരിച്ച് നിർമാതാവ് സാന്ദ്ര തോമസ്. അഭിനയിക്കാൻ ഏറെ ആഗ്രഹമുള്ള വിനോദിനെ സിനിമയുടെ ക്യാമറാമാൻ ആണ് ചിത്രത്തിലേക്ക് ശുപാർശ ചെയ്തതെന്ന് സാന്ദ്ര തോമസ് ഓർത്തെടുക്കുന്നു. സാന്ദ്ര തോമസ് നിർമിച്ച നല്ല നിലാവുള്ള രാത്രിയിൽ എന്ന ചിത്രത്തിൽ ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് വിനോദ് അഭിനയിച്ചത്. കൊടുത്ത വേഷം വളരെ ഭംഗിയായി അവതരിപ്പിച്ച വിനോദിന് ഇനിയും സിനിമയിൽ അവസരം കൊടുക്കണമെന്ന് അന്നേ തീരുമാനിച്ചിരുന്നു എന്ന് സാന്ദ്ര തോമസ് പറയുന്നു. അടുത്തിടെ സാന്ദ്ര തോമസിന്റെ അച്ഛൻ ഒറ്റയ്ക്ക് കണ്ണൂരിലേക്ക് യാത്ര ചെയ്തപ്പോൾ വിനോദിന്റെ അടുത്ത് തന്നെ സീറ്റ് തരപ്പെടുത്തി കൊടുത്ത് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തിരുന്നുവെന്നും വളരെ നല്ല സ്വഭാവത്തിനുടമയായ വിനോദിന്റെ അപ്രതീക്ഷിത വേർപാട് ഞെട്ടിച്ചുവെന്നും സാന്ദ്ര തോമസ് പറയുന്നു.
‘‘എന്റെ കഴിഞ്ഞ പടം നല്ല നിലാവുള്ള രാത്രിയിൽ എന്ന പടത്തിൽ നമ്മുടെ ക്യാമറാമാൻ ശുപാർശ ചെയ്തിട്ടാണ് വിനോദ് എത്തുന്നത്. ഒരു ചെറിയ കഥാപാത്രം ആയിരുന്നു എങ്കിൽ പോലും വളരെ നന്നായി ചെയ്തിട്ട് പോയി. സാധാരണ ചെറിയ കഥാപാത്രങ്ങൾ ചെയ്തിട്ട് പോകുന്നവരുമായി വലിയ സൗഹൃദം ഒന്ന് ഉണ്ടാകാറില്ല. പക്ഷെ വിനോദ് അങ്ങനെ ആയിരുന്നില്ല. ഞങ്ങളുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തി ആയിരുന്നു വിനോദ്. രണ്ടു മാസം മുൻപ് എന്റെ പപ്പയ്ക്ക് കണ്ണൂർ പോകേണ്ട ഒരു ആവശ്യം വന്നപ്പോൾ അദ്ദേഹം ആണ് ടിക്കറ്റ് എടുത്ത് തന്നത്. അദ്ദേഹത്തിന്റെ അടുത്ത് തന്നെ ടിക്കറ്റ് എടുത്തു തരികയും ഭക്ഷണം വാങ്ങിക്കൊടുക്കുകയും ചെയ്തു. ഇന്നലെ ടിവിയിൽ ഈ വാർത്ത കണ്ടപ്പോൾ ഞാൻ പെട്ടെന്ന് ഞെട്ടിപ്പോയി.
ഈ ഒരു വാർത്ത തീർത്തും അവിചാരിതമായിപ്പോയി, അതും ഇത്രയും ഒരു ദാരുണമായ അന്ത്യം അദ്ദേഹത്തെപ്പോലെ നല്ലൊരു വ്യക്തിക്ക് സംഭവിച്ചതിൽ വളരെയധികം വിഷമം തോന്നുന്നു. എന്നോട് കഴിഞ്ഞ ദിവസം സംസാരിച്ചപ്പോഴും പറഞ്ഞിരുന്നു അടുത്ത പടത്തിലും എന്നെ ഉൾപ്പെടുത്തണം, കൂടുതൽ കഥാപാത്രങ്ങൾ ചെയ്യണം എന്നൊക്കെ. ഒരു രാഷ്ട്രീയ പ്രവർത്തകൻ ആയിട്ടാണ് നല്ല നിലാവുള്ള രാത്രിയിൽ അഭിനയിച്ചത്. നമ്മൾ കൊടുത്ത വേഷം പെട്ടെന്ന് തന്നെ ഉൾക്കൊണ്ട് വളരെ നന്നായി അദ്ദേഹം ചെയ്തു. ഞങ്ങൾ എല്ലാവരും അന്നേ പറഞ്ഞതാണ് അടുത്ത പടത്തിലും വിനോദിനെ എടുക്കണം എന്നത്.’’– സാന്ദ്ര തോമസ് പറയുന്നു.
എറണാകുളം വരാപ്പുഴ മഞ്ഞുമ്മൽ സ്വദേശിയായ 45 വയസ്സുകാരനായ കെ. വിനോദ് എറണാകുളം സൗത്ത് സ്റ്റേഷനിലെ ടിടിഇ ആണ്. എറണാകുളം -പട്‌ന ട്രെയിനിൽ ചൊവ്വാഴ്ച വൈകീട്ട് ഡ്യൂട്ടിയിലായിരുന്ന വിനോദിനെ രാത്രി 7.30ഓടെ തൃശൂർ വെളപ്പായയിലെത്തിയപ്പോഴാണ് ഒഡിഷ സ്വദേശിയായ രജനികാന്ത എന്ന പ്രതി ട്രെയിനിൽനിന്ന് തള്ളിയിട്ടു കൊന്നത്.
സിനിമാപ്രവർത്തകരുമായി അടുത്ത ബന്ധമുള്ള വിനോദ് മോഹൻലാൽ ചിത്രങ്ങളായ പുലിമുരുകൻ, എന്നും എപ്പോഴും എന്നിവയിൽ ചെറിയ വേഷം ചെയ്തിട്ടുണ്ട്. എസ്ആർവി സ്കൂളിൽ സംവിധായകൻ ആഷിക് അബുവിന്റെ സഹപാഠിയാണു വിനോദ്. ആ ബന്ധമാണു സിനിമയിലേക്കു വഴി തുറന്നത്. ആഷിക് ചിത്രമായ ഗ്യാങ്സ്റ്ററിൽ മമ്മൂട്ടിയുടെ ഗുണ്ടാസംഘത്തിലെ പ്രധാനിയായി അഭിനയിച്ചു. വില്ലാളിവീരൻ, മംഗ്ലീഷ്, ഹൗ ഓൾഡ് ആർ യു, അച്ഛാദിൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമാ രംഗത്തു വിനോദ് കണ്ണൻ എന്നാണ് അറിയപ്പെട്ടിരുന്നത്.
വിനോദിനെ അനുസ്മരിച്ച് സഹപ്രവർത്തകർ:
ജോളി ജോസഫ് (നിർമാതാവ്): ദൈവമേ , എന്തൊരു പരീക്ഷണമാണ് ....റിസർവേഷൻ ഇല്ലാതെ പെട്ടെന്ന് ട്രെയിനുകളിൽ സഞ്ചരിക്കേണ്ടിവരുമ്പോൾ സഹായത്തിന് വിളിക്കുന്നവരിൽ ഒരാൾ. ജോഷി സാറിന്റെ അസ്സോഷ്യേറ്റ് ഡയറക്ടറായ ചങ്ങാതി സിബിക്കുട്ടന്റെയും (സിബി ജോസ് ചാലിശ്ശേരി) എന്റെയും അടുത്ത സുഹൃത്തായിരുന്ന സ്നേഹത്തോടെ ചിരിയോടെ സംസാരിക്കുന്ന ഒരു പാവം മനുഷ്യൻ വിനോദ്. പൊറിഞ്ചു മറിയം ജോസ്, പാപ്പൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
മലയാള സിനിമയുടെ സ്വന്തം ടിടിഇ എന്നറിയപ്പെട്ടിരുന്ന വിനോദ് മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളുടെയും, ജോഷി സാറിന്റെ പടങ്ങൾ കൂടാതെ മംഗ്ലീഷ്, ഹൗ ഓൾഡ് ആർ യു, അച്ഛാദിൻ, രാജമ്മ അറ്റ് യാഹൂ, പെരുച്ചാഴി, മിസ്റ്റർ ഫ്രോഡ്, കസിൻസ്, വിക്രമാദിത്യൻ, ഒപ്പം, പുലിമുരുകൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ ആഷിഖ് അബുവിന്റെ സഹപാഠിയായിരുന്ന വിനോദ് ആഷിക്കിന്റെ മമ്മൂട്ടി ചിത്രം ഗ്യാങ്സ്റ്ററിലൂടെയാണ് സിനിമയിലേക്ക് വന്നത്. വിനോദിന്റെ വിയോഗത്താൽ സങ്കടപെടുന്ന കുടുംബത്തിനും കൂട്ടുകാർക്കും ശക്തി നൽകണേ തമ്പുരാനെ.
വിനോദ് ഗുരുവായൂർ: പ്രിയ വിനോദ് മാപ്പ്.... സിനിമ വലിയൊരു ആഗ്രഹം ആയിരുന്നു... ചെറിയ വേഷങ്ങൾ ചെയ്തു.... സ്വപ്‌നങ്ങൾ ബാക്കിയാക്കി.. പോയല്ലോ പ്രിയ സുഹൃത്തേ
മർഫി ദേവസ്സി (സംവിധായകന്‍): ‘നല്ല നിലാവുള്ള രാത്രി’ എന്ന എന്റെ ആദ്യ സിനിമയിൽ അഭിനയിച്ച വിനോദ് എന്ന നടൻ കൊല്ലപ്പെട്ടിരിക്കുന്നു. ഇന്ത്യൻ റെയിൽവേയിലെ ടിടിആർ ആയിരുന്ന അദ്ദേഹത്തെ ഒരു ഇതര സംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. അതീവ ദുഃഖത്തോടെ ആദരാഞ്ജലികൾ നേരുന്നു.