ഒടുവിൽ നീണ്ട മുടി മുറിച്ച് നടി മാളവിക; കാരണം കേട്ട് കയ്യടിച്ച് പ്രേക്ഷകരും

Mail This Article
നീണ്ട ഇടതൂർന്ന സ്വന്തം മുടി കേശദാനം സ്‌നേഹദാനം പദ്ധതിയിലേക്ക് ദാനം ചെയ്ത് നടി മാളവിക നായർ. മൂന്നു വർഷത്തെ ആലോചനകൾക്ക് ഒടുവിലാണ് തന്റെ നീളമുള്ള മുടി ദാനം ചെയ്യാനുള്ള തീരുമാനം എടുത്തതെന്ന് മാളവിക പറയുന്നു. അരയൊപ്പം മുടിയുള്ള മാളവികയുടെ മുടി ആരാധകർക്ക് ഏറെ ഇഷ്ടമായിരുന്നു. അതുകൊണ്ടു തന്നെ നീണ്ട മുടിയുള്ള മാളു എന്നാണ് തന്നെ പലരും വിളിച്ചിരുന്നതെന്ന് മാളവിക പറയുന്നു. തന്റെ നീണ്ട മുടിയുടേയും മുടി മുറിച്ചതിനു ശേഷമുള്ള തന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ടായിരുന്നു മുടി ദാനം ചെയ്ത വിവരം മാളവിക പങ്കുവച്ചത്.

‘‘2024 ഏപ്രിൽ 16ന് ഞാൻ ഒരു മഹത്തായ തീരുമാനമെടുത്തു. എന്റെ നീണ്ട മുടി ചെറുതാക്കി മുറിച്ചു. പലരും ആരാധിക്കുന്ന എന്റെ നീണ്ട മുടി എനിക്ക് ‘നീണ്ട മുടിയുള്ള മാളു’ എന്ന വിളിപ്പേര് നേടിത്തന്നിരുന്നു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ‘കേശദാനം സ്‌നേഹദാനം’ എന്ന പരിപാടിയിൽ പങ്കെടുത്തതിനുശേഷമാണ് മുടി ദാനം ചെയ്യണമെന്ന ചിന്ത എന്നിലുറച്ചത്. മൂന്ന് വർഷത്തെ ആലോചനയ്ക്കു ശേഷമാണ് ഒടുവിൽ ഞാൻ മുടി മുറിക്കാൻ തീരുമാനിച്ചത്.
എന്നെ അറിയുന്നവർക്ക്, പ്രത്യേകിച്ച് എന്റെ മുടിയുടെ ഏറ്റവും വലിയ ആരാധകർക്ക് ഇത് ഞെട്ടലുണ്ടാക്കുമെന്ന് എനിക്കറിയാം. എന്നാൽ മുടി ആവശ്യമുള്ള ഒരാൾക്ക് അത് ദാനം ചെയ്യാൻ തീരുമാനിച്ച വിവരം അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. മറ്റൊരാൾക്ക് സ്‌പെഷലാണെന്ന് തോന്നാനും ആത്മവിശ്വാസം ഉയർത്തിപിടിക്കാനും കാരണമാവുന്നുവെന്നുള്ളതിൽ സന്തോഷമുണ്ട്.

എന്റെ തീരുമാനത്തോടുള്ള അചഞ്ചലമായ പിന്തുണയ്ക്കും സ്വീകാര്യതയ്ക്കും മാതാപിതാക്കളോട് ഹൃദയംഗമമായ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെ ആദ്യമായി നീളം കുറഞ്ഞ മുടിയുമായി കാണുന്നത് അവർക്ക് എളുപ്പമായിരിക്കില്ല. പക്ഷേ അവരുടെ സ്നേഹം എന്റെ ഒപ്പമുണ്ടാകുമെന്ന് എനിക്കറിയാം. സ്‌നേഹവും സന്തോഷവും പകരാൻ ഏറ്റവും ചെറിയ കാരുണ്യപ്രവൃത്തികൾക്ക് പോലും കഴിയുമെന്ന് ഓർക്കുക.’’–മാളവിക നായർ കുറിച്ചു

മുടി ദാനം ചെയ്യൂ, സ്നേഹം പരക്കട്ടെ, പുതിയ തുടക്കമാകട്ടെ എന്ന ഹാഷ് ടാഗോടുകൂടിയാണ് മുടി ദാനം ചെയ്ത വിവരം മാളവിക ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ഒപ്പം നീളമുള്ള മുടിയുടെയും മുടി മുറിച്ചതിന് ശേഷമുള്ള ഫോട്ടോയും വിഡിയോയും മാളവിക പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് മാളവികയുടെ കുറിപ്പിന് കമന്റുകളുമായി എത്തിയത്. ഒരു നല്ല കാര്യത്തിന് വേണ്ടിയാണല്ലോ നന്നായി എന്നാണ് പലരും കമന്റ് ചെയ്യുന്നത്. മാളവികയുടെ നീളൻ മുടി മിസ്ചെയ്യും എന്ന് പറയുന്നവരും കുറവല്ല.
മമ്മൂട്ടി നായകനായ കറുത്തപക്ഷികളിൽ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകൾ മല്ലിയെന്ന കാഴ്ചയില്ലാത്ത പെൺകുട്ടിയുടെ കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് സിനിമയിലെത്തിയ താരമാണ് മാളവിക. ആദ്യ ചിത്രത്തിലൂടെ തന്നെ 2007-2008ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാറിന്റെ അവാർഡും താരം സ്വന്തമാക്കിയിരുന്നു. ഓർക്കുക വല്ലപ്പോഴും, ശിക്കാർ, മായ ബസാർ, അക്കൽധാമയിലെ പെണ്ണ്, ഭ്രമം, സിബിഐ 5, ഡഫേദാർ എന്നിവയാണ് മാളവിക അഭിനയിച്ച മറ്റു സിനിമകൾ. പഠനത്തിൽ ഏറെ ശ്രദ്ധ കൊടുക്കുന്ന മാളവിക എറണാകുളം സെന്റ് തെരേസാസ് കോളജിൽ നിന്നും ജേർണലിസം ആൻഡ് മാസ് കമ്യുണിക്കേഷനിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്.