അർദ്ധരാത്രിയും ഹൗസ്ഫുൾ ഷോ; വിഡിയോ പങ്കുവച്ച് മനോജ് കെ. ജയൻ
Mail This Article
രാത്രി ഒരു മണിക്ക് കോഴിക്കോട് ഹൈലൈറ്റ് മാളിലെ തിയറ്ററിൽ ആരാധകരോടൊപ്പം സെൽഫി എടുക്കുന്ന നടൻ മനോജ്.കെ ജയന്റെ വിഡിയോ ശ്രദ്ധ നേടുന്നു. ആർപ്പുവിളിക്കുന്ന ആരാധകർക്കൊപ്പമാണ് താരത്തിന്റെ സെൽഫി വിഡിയോ. രേഖാചിത്രത്തിന്റെ പ്രദർശനത്തിനു ശേഷമായിരുന്നു ആരാധകർക്കൊപ്പമുള്ള താരത്തിന്റെ വിഡിയോ. സംവിധായകൻ ജോഫിൻ ടി. ചാക്കോ, സഹഅഭിനേതാക്കളായ ഉണ്ണി ലാലു, മേഘ എന്നിവരെയും വിഡിയോയിൽ കാണാം.
മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ് മനോജ് കെ.ജയൻ കൂടി അഭിനയിച്ച രേഖാചിത്രം എന്ന സിനിമ. വിൻസന്റ് എന്ന കഥാപാത്രത്തെയാണ് സിനിമയിൽ താരം അവതരിപ്പിച്ചിരിക്കുന്നത്. ആസിഫ് അലി നായകനായ ചിത്രത്തിൽ അനശ്വര രാജൻ ആണ് നായികാ കഥാപാത്രമായത്.
റിലീസ് ചെയ്ത് ആറു ദിവസത്തിനുള്ളിൽ 34.3 കോടിയാണ് ചിത്രം നേടിയത്. 2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി രേഖപ്പെടുത്തിയ രേഖാചിത്രം ആസിഫ് അലിയുടെ കരിയറിൽ തന്നെ ഏറ്റവും മികച്ച ബോക്സ് ഓഫിസ് ഇനിഷ്യലും സ്വന്തമാക്കി.
കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിർമിച്ചത്. ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.