ത്രില്ലടിപ്പിച്ചോ ത്രയം?; റിവ്യു
Thrayam Review
Mail This Article
ത്രില്ലർ സിനിമകൾക്ക് മലയാളി പ്രേക്ഷകർക്കിടയിൽ എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ട്. അടുത്തകാലത്ത് തികച്ചും വ്യത്യസ്ഥമായ പ്രമേയത്തിലിറങ്ങിയ നിരവധി ത്രില്ലർ ചിത്രങ്ങൾ വലിയ സ്വീകാര്യത നേടിയിരുന്നു. പതിവ് ത്രില്ലർ ഫോർമാറ്റുകളിൽ നിന്നുമുള്ള ഈ പുതുമ ‘ത്രയം’ എന്ന ചിത്രത്തിലും പ്രകടമാണ്. ഒരു രാത്രിയിൽ ഒരേ നഗരത്തിൽ പല കുറ്റകൃത്യങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ വളരെ സങ്കീർണമായി സമ്മേളിക്കുന്നു, അതേ രാത്രിയിൽ തന്നെ അതിലെ ചുരുളുകളെല്ലാമഴിയുന്നു. എങ്കിലും ചില ചോദ്യങ്ങൾ ബാക്കിയാക്കി സിനിമ പര്യവസാനിക്കുന്നു.
പ്രമേയത്തിൽ പുതുമ അവകാശപ്പെടാമെങ്കിലും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതിൽ പൂർണത കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും ഒരു രാത്രിയെ മാത്രം കാൻവാസാക്കി മടുപ്പിക്കാതെ കഥ പറയാൻ കഴിഞ്ഞതിൽ നവാഗത സംവിധായകൻ കൂടിയായ സഞ്ജിത്ത് ചന്ദ്രസേനൻ കയ്യടി അർഹിക്കുന്നു.
ഒരു രാത്രി ഒരുക്കിയ കെണി, പല തരത്തിൽ അതിൽ ചെന്നകപ്പെടുന്ന കഥാപാത്രങ്ങൾ, അതിൽ നിന്നും രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങൾ, പ്രണയവും രതിയും ഭയവും ലഹരിയും പണത്തോടുള്ള അടങ്ങാത്ത ആർത്തിയുമെല്ലാം ആ രാത്രിയിൽ ലയിക്കുന്നു. വളരെ സങ്കീർണമായ സാഹചര്യങ്ങളിലൂടെ തികച്ചും അസ്വഭാവികമായി ഈ കുറ്റവാളികൾക്കിടയിലുണ്ടാകുന്ന പരസ്പര ബന്ധമാണ് ചിത്രത്തിന്റെ കാതൽ. റിപ്പീറ്റ് സീനുകൾക്ക് നൽകിയിരിക്കുന്ന അമിത പ്രാധാന്യം ചിത്രത്തിന്റെ ഒഴുക്കിനെ കാര്യമായി തടസ്സപ്പെടുത്തുന്നുണ്ട്.
ധ്യാൻ ശ്രീനിവാസനും സണ്ണി വെയ്നും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് ത്രയം. അജു വർഗീസ് നിരഞ്ജ് മണിയൻപിള്ള രാജു,രാഹുൽ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, ഡെയ്ൻ ഡേവിസ്, കാർത്തിക് രാമകൃഷ്ണൻ, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹൻ, അനാർക്കലി മരിക്കാർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. വളരെ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങൾക്ക് കൃത്യമായി സ്ക്രീൻ സ്പേസ് നൽകാൻ കഴിഞ്ഞത് സിനിമയുടെ വിജയമാണ്.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിച്ച ചിത്രമാണ് ‘ത്രയം’. ഗഗനാചാരിക്കു ശേഷം അജിത് വിനായക ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങിയ ചിത്രം കൂടിയാണിത്.