ഇന്ത്യയുടെ ചുവന്ന തെരുവ് വിദേശിയുടെ കാഴ്ചയിൽ; ലോകത്തിനു മുന്നിൽ നാണമില്ലാതെ രണ്ടു പെണ്ണുങ്ങൾ
Mail This Article
ആദ്യത്തെ രംഗം തന്നെ മുന്നറിയിപ്പാണ്. കത്തിയിൽ നിന്നു തുടച്ചുകളയുന്ന രക്തം. കത്തി വീണ്ടും സൂക്ഷിച്ചുവയ്ക്കുന്നുണ്ട്; ഇനിയും ആവശ്യം വരുമെന്നതിനാൽ. രക്തത്തിൽ കുളിച്ചു കിടന്ന പൂർണനഗ്നനായ പുരുഷന്റെ മൃതദേഹം. രേണുക പുറത്തേക്ക്. ആർക്കും സംശയം തോന്നാതെ കാലുറപ്പിച്ചു നടക്കുകയാണ്. കൊലപാതകിയിൽ നിന്ന് മറ്റൊരു ജീവിതത്തിലേക്ക്. ഡൽഹിയിൽ നിന്ന് ഛത്തർപൂരിലേക്ക്. ആ നിമിഷം മുതൽ രേണുകയെ പിന്തുടരുന്ന ക്യാമറക്കാഴ്ചകളാണ് ദ് ഷെയിംലെസ്സ്. തായ്‌വാൻ, ബൾഗേറിയ സഹകണത്തോടെ കോൺസ്റ്റാന്റിൻ ബൊജനോവ് ഒരുക്കിയ അദ്ഭുത ചിത്രം. അനസൂയ സെൻഗുപ്ത എന്ന കൊൽക്കത്തിയിൽ നിന്നുള്ള നിർമാതാവും മോഡലുമായ നടിയുടെ ലൈംഗിക തൊഴിലാളിയായും കാമുകിയായും പ്രതികാര മൂർത്തിയുമായുള്ള അതിശയപ്പെടുത്തുന്ന പകർന്നാട്ടത്തിലേക്ക്. കാനിൽ അഭിനയത്തിനു കയ്യടി നേടിയ അനസൂയ, ഷെയിംലെസ്സിലൂടെ ഇന്ത്യയുടെ ഹൃദയവും കീഴടക്കാനുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു.
ഡൽഹിയിൽ പൊലീസുകാരനെ കുത്തിവീഴ്ത്തി കടന്നുകളയുന്ന രേണുകയുടെ മുന്നോട്ടുള്ള യാത്ര മുഴുവൻ ലഹരിക്കു കടം കൊടുത്താണ്. നിരന്തരമായി സിഗരറ്റ്. ബ്രൗണ് ഷുഗർ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ. വെള്ളത്തിനു പകരം വിസ്കി ചോദിക്കുന്ന, വെള്ളം കലർത്താതെ ഒറ്റ വലിക്ക് ഒരു ഗ്ലാസ്സ് അകത്താക്കുന്ന യുവതി.
ആരുടെ മുന്നിലും ഒരവസ്ഥയിലും ചൂളുന്ന വ്യക്തിയല്ല. ആർക്കു നേരെയും തലയുയർത്തി നിൽക്കുന്ന സ്ത്രീത്വം.എതു തെമ്മാടിയെയും ഗുണ്ടയെയും അടിമയാക്കാൻ പോകുന്ന വശ്യതയുടെ അഗ്നി കണ്ണുകളിലും.
ഒമറ ഷെട്ടി, ഓരോഷിഖ ഡേ, രോഹിത് കോകട്ട്, കിരൺ ഭിവ്‌ഗദെ എന്നിവരാണു മറ്റു വേഷങ്ങളിൽ എത്തുന്നത്. ഓരോരുത്തരുടെയും അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ്. കഥയേക്കാൾ, പ്രമേയത്തേക്കാൾ , മനസ്സിൽ തറയ്ക്കുന്നത് ഇവരുടെ മുഖങ്ങൾ തന്നെയാണ്. തങ്ങളെ ഏൽപിച്ച കഥാപാത്രങ്ങളെ പൂർണതയിലെത്തിച്ച അഭിനയപ്രകടനം. ഷെയിംലെസ്സ് ഓർത്തിരിക്കാൻ പോകുന്നതും അഭിനയ മികവിന്റെ പേരിൽ തന്നെയാണ്.
ഛത്തർപൂരിലെ ചുവന്നതെരുവിലെ ഒറ്റമുറി വീട് രേണുകയുടെ അവസാനത്തെ അഭയ കേന്ദ്രമല്ല.പണം ഉണ്ടാക്കാനുള്ള ഇടത്താവളം മാത്രമാണ്.രക്ഷപ്പെടുക എന്നതാണ് ലക്ഷ്യം. അതിനുള്ള യാത്ര തുടങ്ങുകയാണ്. കാര്യം കഴിഞ്ഞാൽ ഏതു പുരുഷനെയും ഒറ്റനോട്ടം കൊണ്ട് ഓടിക്കുന്ന രേണുക, പ്രായപൂർത്തിയായിട്ടില്ലാത്ത ഒരു പെൺകുട്ടിയുടെ നിഷ്കളങ്കതയിൽ സ്നേഹം കണ്ടെത്തുന്നതാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. രേണുകയുടെ ജീവിതം അതോടെ മാറിമറിയുകയാണ്. ദേവികയെ അവൾക്ക് ഉപേക്ഷിക്കാനാവുന്നില്ല. തിരിച്ചും. എന്നാൽ രണ്ടുസ്ത്രീകളുടെ ജീവിതം എന്നും അപകടകരമാണ്.മുന്നോട്ടുള്ള വഴി വെല്ലുവിളികളുടേതും. രേണുകയും ദേവികയും നേരിടേണ്ടി വരുന്ന വെല്ലുവിളികൾ സമാനതകളില്ലാത്തതാണ്. അവരുടെ വിലക്കപ്പെട്ട പ്രണയം ചുവന്നതെരുവിന്റെ ഭിത്തിയിൽ അടയാളപ്പെടുത്തുന്ന ചിത്രം, ഇന്ത്യയെ ചൂഷണം ചെയ്യുന്നതെന്ന വിമർശനം നേരിട്ടേക്കാം. ചിത്രം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയവും വിമർശിക്കപ്പെട്ടേക്കാം. ഇന്ത്യയിലെ ഒരു മുൻനിര പാർട്ടിയുടെ നേതാവിനെ ഓർമിപ്പിക്കുന്നുണ്ട് ചിത്രത്തിലെ രാഷ്ട്രീയക്കാരൻ. അയാളുടെ അണികൾ ഉയർത്തുന്ന മുദ്രാവാക്യവും കൊടിയുടെ നിറവും ആശീർവാദങ്ങളും ഒരൊറ്റ പാർട്ടിക്കു നേരെ തന്നെയാണ് വിരൽ ചൂണ്ടുന്നത്.
ചിത്രം മുന്നോട്ടുവയ്ക്കുന്ന രാജ്യത്തിന്റെ ചുവന്ന തെരുവിന്റെ ചിത്രീകരണത്തിൽ വലിയ പുതുമ അവകാശപ്പെടാനാവില്ല. നേരത്തേ തന്നെ ഒട്ടേറെ ചിതങ്ങൾ ഒപ്പിയെടുത്ത ദൃശ്യങ്ങളുടെ തനിയാവർത്തനം തന്നെയാണ്. എന്നാൽ, രേണുകയെപ്പോലെ ഒരു യുവതിയെ ഇതിന് മുൻപ് സിനിമാ ലോകം കണ്ടിട്ടുണ്ടെന്നു തോന്നുന്നില്ല. പൊലീസുകാരനെ കുത്തിമലർത്തിയ കത്തി പല തവണ പിന്നീടും അവർ ഉപയോഗിക്കുന്നുണ്ട്. ഒരിക്കൽ ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടിലെ മങ്ങിയ ഇരുട്ടിൽ ദേവികയ്ക്കു വേണ്ടി കാത്തിരുന്ന് ക്ഷമ നഷ്ടപ്പെടുമ്പോൾ രേണുക ആ കത്തി എടുക്കുന്നുണ്ട്. അതു പലതവണ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നു. അതിലേക്കു തന്നെ നോക്കിനിൽക്കുമ്പോൾ അവരുടെ കണ്ണുകൾ വല്ലാതെ തിളങ്ങുന്നുണ്ട്. അത് പകയുടേതാണ്. ആർക്കും വേണ്ടാത്ത ജീവിതം അടിച്ചേല്പിച്ച ലോകത്തോട്. പ്രതികാരത്തിന്റേതാണ്. ചതിച്ചിട്ടു രക്ഷപ്പെടാൻ ശ്രമിക്കുന്ന ആണുങ്ങളോടും പെണ്ണുങ്ങളോടും. അപൂർവമായി പ്രണയത്തിന്റേതും. അതു ദേവികയോട് മാത്രമുള്ളതാണ്. പോകരുതേ എന്നു രേണുക അപേക്ഷിക്കുന്നത് അവളോട് മാത്രമാണ്. വീണ്ടും കാണാൻ ആഗ്രഹിക്കുന്നത്. ഏതു തടസ്സവും മറികടന്ന് ഓടിയെത്തുന്നത്. അവളെ തൊടുന്ന ആർക്കും എതിരെ ഉയരുന്ന മൂർച്ചയേറിയ ആ കത്തിമുനയും.
ആൾക്കൂട്ടം കാത്തിരിക്കുകയാണ്. കൂട്ടം തെറ്റി നടക്കുന്നവരെ തേടി. വിലക്കപ്പെട്ട വഴി തിരഞ്ഞെടുക്കുന്നവരെ കാത്ത്. സഹിച്ചും ക്ഷമിച്ചുമുള്ള ആ കാത്തിരിപ്പിന് പരിധിയുണ്ട്.ഒരിക്കൽ ഇരയെ ലഭിച്ചാൽ, അവർ ആ നിമിഷം തീർക്കും. പിന്നെ ബാക്കിയുണ്ടാകില്ല എന്ന് രേണുകയ്ക്ക് അറിയാത്തതാണോ. എന്നിട്ടും വലിയൊരു ആൾക്കൂട്ടത്തിനു നേരെ പ്രണയത്തിന്റെ മാത്രം കരുത്തിൽ എന്തിന് ഓടിച്ചെന്നു. പോകരുതേ എന്ന വിലക്കാൻ തോന്നും.ഓടിരക്ഷപ്പെടൂ എന്നു വിളിച്ചുകൂവാൻ തോന്നും. എന്നാൽ, രക്ഷപ്പെടാൻ ശ്രമിക്കുന്ന ഓരോ ഗേറ്റും വാതിലും പൂട്ടിയിരിക്കുകയാണ്. വിറക് കത്തിച്ച തീയുടെ ചൂടിൽ ദേവിക കാത്തിരിക്കുന്നുണ്ട്. ആ ചൂടിൽ എരിഞ്ഞുതീരാൻ രേണുക വരില്ലേ. അവർക്ക് ആരെയും പേടിയില്ല. അവർക്ക് നാണമില്ല. പ്രണയം എന്തിനു നാണിക്കണം...?