ആടിത്തിമിര്‍ത്ത് പെപ്പെയും കൂട്ടരും; കത്തിക്കയറുന്ന താളവുമായി അജഗജാന്തരത്തിലെ പാട്ട്

Mail This Article
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘അജഗജാന്തരം’ ചിത്രത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി. നാടൻപാട്ട് കലാകാരി പ്രസീദ ചാലക്കുടി ആലപിച്ച ‘ഓളുളെരൂ’ എന്നു തുടങ്ങുന്ന പാട്ടാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. ചുരുങ്ങിയ സമയത്തിനകം തന്നെ മികച്ച സ്വീകാര്യതയോടെ പാട്ട് ട്രെന്‍ഡിങ്ങിൽ ഇടം പിടിച്ചു. സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ് ‘ഓളുളെരൂ’.
മാവിലൻ ഗോത്രത്തിന്റെ പരമ്പരാഗത ഗാനമാണ് ‘ഓളുളേരു’. അങ്ങേയറ്റം താളത്മകമായ ആലാപനവും സംഗീതവുമാണ് പാട്ടിനെ പെട്ടന്നു ജനകീയമാക്കിയത്. വിവാഹ വീട്ടിലെ ആഘോഷരംഗങ്ങളാണ് പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. ‘അജഗജാന്തര’ത്തിലെ നായകനായ പെപ്പെയും (ആന്റണി വർഗീസ്) കൂട്ടരും ആടിത്തിമിർക്കുന്നതാണ് ഗാനരംഗങ്ങളിൽ കാണാനാകുക.
ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അജഗജാന്തരം’. ആന്റണി വർഗീസിനെക്കൂടാതെ ചെമ്പൻ വിനോദ്, അർജുൻ അശോകൻ, ജാഫർ ഇടുക്കി, രാജേഷ് ശർമ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. കോവിഡ് വ്യാപനത്തെത്തുടർന്ന് ഒന്നിലേറെ തവണ റിലീസ് നീട്ടിവച്ച ചിത്രമാണ് ‘അജഗജാന്തരം’.