‘ഒന്നു പുഞ്ചിരിക്കൂ, ഒച്ച ഫോട്ടോയിൽ കിട്ടില്ല മിസ്റ്റർ’, വൈറലാകാൻ സിത്താരയും

Mail This Article
മലയാളിക്ക് ഏറെപ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാർ. സിത്താരയുടെ പാട്ടിനും ഡാൻസിനും ആരാധകരേറെ. ഇപ്പോൾ ടിക്ടോക്കിൽ അഭിനയിച്ചു തകർക്കുകയാണ് സിത്താര. മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷിനൊപ്പമാണ് സിത്താരയുടെ തകർപ്പൻ ഭാവാഭിനയം.
ശ്രീനിവാസൻ ചിത്രം വടക്കുനോക്കി യന്ത്രത്തിലെ സൂപ്പർഹിറ്റ് ഡയലോഗുമായാണ് സിത്താര എത്തുന്നത്. മാമുക്കോയയും ശ്രീനിവാസനും തമ്മിലുള്ള എക്കാലത്തെയും ഹിറ്റ് കോമഡിരംഗം. ഒന്നു പുഞ്ചിരിക്കു, ഒച്ച ഫോട്ടോയിൽ കിട്ടില്ല മിസ്റ്റർ എന്ന രംഗത്തിനാണ് സിത്താരയുടെ അഭിനയം. സിത്താരയുടെ ടിക്ടോക് വിഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വിഡിയോ സിത്താര തന്നെയാണ് ഫെയ്സ് ബുക്കിലൂടെ പങ്കുവച്ചത്. ‘ആദ്യത്തെ ടിക് ടോക് വിഡിയോ, മേക്കപ്പ് ആർടിസ്റ്റ് ബിജീഷിനൊപ്പം’ എന്ന കുറിപ്പോടെയാണു വിഡിയോ പങ്കുവച്ചത്.
പാട്ടുകളിലൂടെ ആസ്വാദകരുടെ മനംകവർന്ന സിത്താര നവരാത്രിയോട് അനുബന്ധിച്ചു പുറത്തിറക്കിയ ഡാൻസ് വിഡിയോ സോഷ്യൽ മീഡിയയിൽ കയ്യടി നേടിയിരുന്നു. പത്തുവർഷത്തിനു ശേഷം ചിലങ്ക അണിയുന്നു എന്ന കുറിപ്പോടെയായിരുന്നു വിഡിയോ എത്തിയത്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘കുമ്പളങ്ങി നൈറ്റ്സി’ലെ ചെരാതുകള്‍ എന്ന ഗാനവും ഏറെ ശ്രദ്ധനേടിയിരുന്നു.