മല്ലികാബാണന്റെ കൂരമ്പുകൾ

Mail This Article
എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ വീണുപോയില്ലെന്നേയുള്ളൂ. അതായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിൽ കിട്ടിയ സ്വീകരണത്തിന്റെ പൂരം. തന്നെ പ്രസിഡന്റാക്കാൻ തുനിഞ്ഞിറങ്ങിയ കെ.സി.വേണുഗോപാലിന്റെയും തനിക്കെതിരെ ചാവേറായ ശശി തരൂരിന്റെയും നാട്ടിൽ തനിക്കിത്ര ആരാധകരുണ്ടെന്ന് ഖർഗെ സ്വപ്നേപി നിരൂപിച്ചില്ല. ഇഷ്ടം കൂടിയതാണോ ഇടയിലൂടെ തരൂരിന്റെ ആളുകൾ ഒരുവേള ഇടിക്കുന്നതാണോ എന്നുപോലും ശങ്കിച്ചുപോയെന്നു കേൾക്കുന്നു. വേണുവും സംഘാടകനായ ഡിസിസി പ്രസിഡന്റ് പാലോട് രവിയും ഫോട്ടോയുടെ ഫ്രെയിമിനു പുറത്തുപോകാതെ കഷ്ടിച്ചു പിടിച്ചുനിന്നത് കോൺഗ്രസുകാരനെന്ന ഒറ്റ മിടുക്കിലാണ്. തല്ലാൻ പണം വാങ്ങിയ ക്വട്ടേഷൻ സംഘം കൂലിക്കെടുത്തവരെത്തന്നെ ആളുമാറി തല്ലുന്ന ഇടപാട് സിനിമയിൽ കണ്ടിട്ടുണ്ട്. മൊത്തത്തിൽ അതിന്റെയൊരു രീതി ഉണ്ടായിരുന്നു. ‘‘ഓവറാക്കല്ലേ, ഓവറാക്കല്ലേ’’ എന്ന് രവി കണ്ണും കലാശവും കാട്ടിയെന്നും ആരും മൈൻഡ് ചെയ്തില്ലെന്നും കേൾക്കുന്നു. സ്നേഹം എത്ര ഡിഗ്രി പ്രകടിപ്പിക്കണമെന്നു കൃത്യമായി പറഞ്ഞുകൊടുക്കാത്തതിന്റെ തകരാറാണ്. വേണുവിൽ ഹൈക്കമാൻഡിനുള്ള സ്വാധീനത്തെപ്പറ്റി ഖർഗെയ്ക്ക് മുൻപേ സംശയമില്ല. കേരളത്തിലെ ജനപ്രീതി എത്രയെന്ന് പൊടിക്കു ശങ്ക ഉണ്ടായിരുന്നെങ്കിൽ അതും നിശ്ശേഷം മാറിയിട്ടുണ്ടാകണം.
ഖർഗെ വന്നത് വൈക്കം സത്യഗ്രഹ ശതാബ്ദിയിൽ പ്രസംഗിക്കാനായിരുന്നു. തിരുവനന്തപുരത്ത് ശശി തരൂരിന്റെ അസാന്നിധ്യമായിരുന്നുവെങ്കിൽ വൈക്കത്ത് കീഴ്മേൽ മറിഞ്ഞു. വേദിയിലേക്കു വൈകിയെത്താൻ കക്ഷി കാട്ടിയ അച്ചടക്കം കാണാതെ പോകരുത്. എന്തായിരുന്നു കയ്യടിയും ആരവവും. ചില നേതാക്കൾ വേദിയിൽ എരിപൊരി കൊണ്ടതു മാത്രം മിച്ചം. സത്യഗ്രഹ ശതാബ്ദിയല്ലേ, ഒരു ഗാന്ധിവേഷം വേദിയിൽ നിൽക്കട്ടെ എന്ന ഭാവനാപൂർണമായ തീരുമാനം പക്ഷേ, പാരയായി. ഗാന്ധിജി കൂടി തരൂരിനൊപ്പം ഫോട്ടോ പിടിക്കാൻ ഓടി തങ്ങളെ കൊച്ചാക്കുമെന്നു സംഘാടകർ കരുതിയില്ല. ഫോട്ടോ എടുത്ത നിമിഷം തന്നെ വേദി വിട്ടുപോകാൻ ഗാന്ധിജിയോട് ആവശ്യപ്പെട്ടതു തീർത്തും ഉചിതമായി. ‘തരൂരിനോടു കൂട്ടുകൂടിയാൽ ഗാന്ധി പോലും പുറത്ത്’ എന്ന മഹത്തായ സന്ദേശം വ്യക്തമാക്കാനുള്ള സുവർണാവസരം പാഴാക്കിയില്ലെന്ന് സംഘാടകർക്ക് അഭിമാനിക്കാൻ വകയായി. പിണറായി പ്രസംഗിക്കുന്ന വേദിയിൽ വൈകിയെത്തി കയ്യടി വാങ്ങി മൊത്തം അലമ്പാക്കുന്ന വിദ്യ തുടങ്ങിവച്ചത് വി.എസ്.അച്യുതാനന്ദനാണ്. തരൂരിന്റെ കോൺഗ്രസ് വേഷത്തിൽ അച്യുതാനന്ദന്റെ ഒരു ആംഗലേയ വേർഷൻ കാണാൻ വലിയ ബുദ്ധിമുട്ടില്ല.
വൈക്കം ക്ഷേത്രത്തിലേക്കുള്ള വഴികൾ എല്ലാവർക്കുമായി തുറക്കാനുള്ള മഹാസമരമായിരുന്നു സത്യഗ്രഹം. എന്നിട്ടും ഖർഗെയുടെ വേദിയിൽ തന്റെ വഴി തടഞ്ഞുവെന്നാണ് കെ.മുരളീധരൻ പൊട്ടിത്തെറിച്ചത്. മുൻ കെപിസിസി പ്രസിഡന്റായ തനിക്കു പ്രസംഗിക്കാൻ കഴിയുമെന്നു മുരളി വെറുതേ കരുതി. ‘ഇനി മത്സരിക്കാൻ വേറെ ആളെ നോക്കണം’ എന്നു മുരളി പറഞ്ഞതായാണു കേൾവി. ‘മത്സരിക്കാനില്ല’ എന്ന് ഒരു കോൺഗ്രസുകാരൻ പറയുന്നത് കേട്ട ചരിത്രം അധികമില്ല. മത്സരിക്കാൻ ആളെ കിട്ടാൻ പാർട്ടിയിൽ ഒരു പാടുമില്ല. ജയിക്കാൻ കഴിയുന്നവരെ കണ്ടെത്താനാണു പെടാപ്പാട്.
കെപിസിസി സമ്പൂർണ നേതൃയോഗം നാളെ ചേരുമെന്നു കേൾക്കുന്നു. പാർട്ടി പുനസ്സംഘടന തന്നെ വിഷയം. ഇനിയും തന്നെ നാണം കെടുത്തരുതെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞിരുന്നു. നാണം മറയ്ക്കേണ്ടിവന്നാൽ അറ്റകൈക്ക് കൈപ്പത്തി ഉപയോഗിക്കാവുന്നതേയുള്ളൂ. ഗ്രൂപ്പ് തർക്കം മൂലമാണ് തീരുമാനം അന്തമില്ലാതെ പോകുന്നതത്രെ. മൊത്തം എത്ര ഗ്രൂപ്പുണ്ടെന്നും ആരൊക്കെ ഏതൊക്കെ ഗ്രൂപ്പിലെന്നും ഒരു പട്ടിക തർക്കം കൂടാതെ പുറത്തുവിടാനെങ്കിലും കഴിഞ്ഞാൽ അത്രയും കൺഫ്യൂഷൻ തീരുമായിരുന്നു. വാസ്തവത്തിൽ ബ്രഹ്മപുരത്തെക്കാൾ ഉൾച്ചൂടാണ് കോൺഗ്രസിൽ. തീ പണ്ടേ അണഞ്ഞതുകൊണ്ട് മുഴുവൻ അറിയുന്നില്ലെന്നു മാത്രം. അൽപം പുക ബാക്കിയുണ്ട്. അതുകൂടി അടങ്ങിയാൽ പിന്നെ ചാരമേ ശേഷിക്കൂ. ഭൗതികാവശിഷ്ടം എന്നും അതിനെ വിളിക്കാറുണ്ട്.
∙ പൂതനാമോക്ഷം
അഴിമതി നടത്തി സിപി എമ്മിലെ വനിതാ നേതാക്കൾ ‘പൂതനയെപ്പോലെ തടിച്ചുകൊഴുത്തു’ എന്നു ബിജെപി നേതാവ് കെ.സുരേന്ദ്രൻ പറഞ്ഞതായാണു പുതിയ പുകില്. സ്ത്രീവിരുദ്ധ പരാമർശത്തിനു പൊലീസ് കേസുമെടുത്തു. ഏതായാലും സുരേന്ദ്രനെതിരെ മാത്രമേ കേസുള്ളൂ. തൽക്കാലം പൂതനയെ പ്രതിയാക്കിയിട്ടില്ല. വകുപ്പും വ്യക്തമല്ല.
പൂതനയെപ്പോലെ ‘തടിച്ചുകൊഴുത്തു’ എന്നു പറയാൻ കാരണമെന്തെന്നു വ്യക്തമല്ല. അമ്പാടിയിൽ വേഷം മാറിയെത്തി ഉണ്ണിക്കണ്ണനെ വിഷം പുരട്ടിയ മുല കുടിപ്പിച്ചു എന്നല്ലാതെ പൂതനയുടെ ശരീരം തടിച്ചതായി പുരാണത്തിലൊന്നും കേട്ടിട്ടില്ല. തന്നെയുമല്ല മാലതീമാല ചൂടിയും കസ്തൂരീ തിലകമണിഞ്ഞും അതിമനോഹരിയായി പൂതന എത്തി എന്നാണു കഥ. ‘നൂതനനായൊരു പൈതലുമന്നേരം പൂതന തന്നെയും നോക്കിനിന്നാൻ’ എന്നേ കവിയും പറഞ്ഞിട്ടുള്ളൂ. കുട്ടികൾപോലും കണ്ണെടുക്കാത്ത രൂപം എന്നു കരുതണം. സാഹചര്യം സമഗ്രമായി പരിശോധിക്കുമ്പോൾ ‘തടിച്ചുകൊഴുത്ത’ എന്നത് സുരേന്ദ്രന്റെ ഭാവന മാത്രമാകാനേ വഴിയുള്ളൂ.
ഏതായാലും, പൂതനയ്ക്കു കണ്ണൻ നൽകുന്നതു വധമല്ല, പകരം മോക്ഷമാണ്. പൂതനാമോക്ഷം എന്നാണു പുരാണങ്ങളിൽ. പൂതനയുടെ പേരിൽ വധശ്രമം അക്കാലത്തും ആരോപിക്കപ്പെട്ടിട്ടില്ല. കംസന്റെ ഇടപെടൽ മൂലം അൽപം അപഭ്രംശം സംഭവിച്ചിരുന്നില്ലെങ്കിൽ മുലയൂട്ടൽ വാരത്തിന് ഈരേഴു പതിനാലു ലോകത്തിലും ബ്രാൻഡ് അംബാസഡർ ആകേണ്ട ആളായിരുന്നു എന്നു കരുതണം. സ്ത്രീവിരുദ്ധതയ്ക്കു കേസ് എടുക്കൽ എളുപ്പമല്ല.
∙ അരിക്കൊമ്പൻമാർ, കാട്ടിലും നാട്ടിലും
സംഭവിക്കുന്ന സകല ഏടാകൂടങ്ങളുടെയും ഉത്തരവാദിത്തം ഒന്നുകിൽ കോവിഡിന്റെയും അല്ലെങ്കിൽ തുടർഭരണത്തിന്റെയും തലയിൽ ചാരുന്നതു ഫാഷനായിട്ടുണ്ട്. അതിനിടയിലാണ് ഇടുക്കിയിൽ കട കുത്തിപ്പൊളിച്ചു റേഷനരി വാരുന്ന അരിക്കൊമ്പനൊപ്പം കോടതിയും റേഷനരി കിറ്റിൽ നിറച്ചുകൊടുത്തു വോട്ടു വാരുന്ന കൊമ്പൻമാർക്കൊപ്പം ലോകായുക്തയും നിലകൊണ്ടത്. ദുരന്തങ്ങൾ വരുമ്പോഴുള്ള അന്ധാളിപ്പും നിസ്സഹായതയും നാട്ടിലുണ്ട്. കാട്ടിലെ അരിക്കൊമ്പനെ കുടുക്കാൻ കൂടും കുടുക്കയും അടക്കം റെഡിയായതായിരുന്നു. പൊടുന്നനെയാണ് മനുഷ്യനെക്കാൾ ‘മനുഷ്യാവകാശം’ ആനയ്ക്കു ലഭിക്കാൻ വഴിയൊരുങ്ങിയത്. 18 കൊല്ലം കൊണ്ട് 180 കെട്ടിടങ്ങൾ പൊളിക്കുകയും 30 തവണ റേഷൻ കട തകർക്കുകയും ചെയ്തതാണ് അരിക്കൊമ്പന്റെ ചരിത്രം. പകരം തീറ്റ കിട്ടിയാൽ ആന പൊടിക്ക് അടങ്ങുമായിരിക്കും.

എത്ര കുളിപ്പിച്ചു വൃത്തിയാക്കിയാലും ദേഹത്ത് ആരോപണത്തിന്റെ അൽപം മണ്ണുവാരിയിടുന്നതാണ് രാഷ്ട്രീയത്തിലെ ആനകളുടെ ശീലം.‘ മത്തേഭൻ പാംസു സ്നാനം കൊണ്ടല്ലോ സന്തോഷിപ്പൂ’ എന്നാണു പറയുക. ചുട്ടുപൊള്ളുന്ന ചൂട് മീനം–മേട മാസക്കാലത്തു കേരളത്തിന് അപരിചിതമല്ല. ആരോപണങ്ങളുടെ ചൂട് രാഷ്ട്രീയക്കാർക്കും പുത്തരിയല്ല. കൊടുംചൂടിൽ തണൽ ആരും കൊതിച്ചുപോകും. അങ്ങനെയൊരു തണൽ ലോകായുക്ത പിടിച്ചുകൊടുത്തു എന്നേ കരുതാനാകൂ. തണൽ വിരിക്കുന്ന ആൽ ഇന്നയിടത്തേ മുളയ്ക്കാവൂ എന്നു നിയമമൊന്നുമില്ല. ലോകായുക്തയുടെ യുക്തി സാമാന്യജനത്തിന്റേതിനു നിരക്കുന്നതാകണമെന്നില്ല.
സ്റ്റോപ് പ്രസ്
വിരമിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. സിസ തോമസിനു കുറ്റപത്രം നൽകി.
സർക്കാർ സ്ത്രീകൾക്കൊപ്പമാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച പറഞ്ഞതിൽ ഇപ്പോൾ സംശയം ലവലേശമില്ല
English Summary: Aazhchakurippukal by vimathan