പുതിയ കാലം: മനുഷ്യൻ ഇര, മൃഗങ്ങൾ വേട്ടക്കാർ
Mail This Article
വീട്ടുമുറ്റത്ത് പാഞ്ഞെത്തിയ കൊലയാളി
വീടിനു പിന്നിൽ നിൽക്കുകയായിരുന്നു കൊല്ലം ജില്ലയിലെ ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസ് (രാജൻ–64). പെട്ടെന്നു കാട്ടുപോത്ത് കുതിച്ചെത്തി കുത്തിമറിച്ചിട്ടു. സാമുവലിന്റെ ജീവനെടുത്ത് അതു പാഞ്ഞു. മലയോരത്തെ ജനത്തിന്റെ ജീവൻ സുരക്ഷിതമല്ലെന്നു മനസ്സിലാക്കാൻ ഈയൊരു അനുഭവം ധാരാളം.
കഴിഞ്ഞ മേയ് 19ന് ആയിരുന്നു സംഭവം. ടാപ്പിങ് നടത്തിയിരുന്ന അയൽവാസി സജിക്കുനേരെയാണ് ആദ്യം പോത്ത് പാഞ്ഞടുത്തത്. മരത്തിൽ ചാടിക്കയറിയതിനാൽ സജി രക്ഷപ്പെട്ടു. തുടർന്നു പോത്ത് സാമുവലിനെ വയറ്റിൽകുത്തി മറിച്ചിട്ടു. തുടയിലും നെഞ്ചിലും കുത്തിയശേഷം കൊമ്പിൽ തൂക്കിയെറിഞ്ഞു. സജി കല്ലുംമണ്ണും വാരിയെറിഞ്ഞപ്പോൾ പോത്ത് തിരികെവന്നു. രക്ഷപ്പെടാൻ സജി വീണ്ടും മരത്തിൽ കയറി.
സാമുവൽ മരിച്ച് 9 മാസം പിന്നിട്ടിട്ടും നഷ്ടപരിഹാരത്തിന്റെ രണ്ടാം ഗഡു 5 ലക്ഷം ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും പുനലൂരിൽ നവകേരള സദസ്സുമായി എത്തിയപ്പോൾ കുടുംബാംഗങ്ങൾ പരാതി നൽകി.
തുക അനുവദിച്ചിട്ടുണ്ടെന്നു പിന്നാലെ മറുപടിയും ലഭിച്ചു. ഒരു മാസം കഴിഞ്ഞിട്ടും തുക നൽകാൻ വനംവകുപ്പ് തയാറാകുന്നില്ല.
തളർന്നുപോയ മകനെ താങ്ങി ഈ മാതാപിതാക്കൾ
പ്ലസ് ടു നല്ല മാർക്കോടെ ജയിച്ച മകനെ കൂലിപ്പണിയെടുത്തു കിട്ടിയ പണം കൂട്ടിവച്ച് സ്വകാര്യ കോളജിൽ ബികോം പഠനത്തിനു ചേർക്കുമ്പോൾ കാസർകോട് ദേലംപാടി അളിയനടുക്കത്തെ പ്രഭാകരനും ഭാര്യ സുഗന്ധിക്കും ഒരുപാടു പ്രതീക്ഷയുണ്ടായിരുന്നു. താങ്ങാവുമെന്നു കരുതിയ മകൻ പ്രമോദ് (23) അഞ്ചര വർഷത്തോളമായി ചക്രക്കസേരയിൽ ജീവിതം തള്ളിനീക്കുന്നു.
2018 നവംബർ 15. നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ വനപാലകർ തുരത്തുന്നതിനിടെ ആനകൾ ആൾക്കൂട്ടത്തിനു നേരെ പാഞ്ഞടുത്തു. ആളുകൾ ചിതറി ഓടുന്നതിനിടെ പ്രമോദ് റബർ തോട്ടത്തിലെ കിണറ്റിൽ വീണു. നട്ടെല്ലു തകർന്നു.
ഒരുപാടു ചികിത്സകൾ നടത്തി. മൂന്നു ലക്ഷത്തിലേറെ രൂപ ചെലവായെങ്കിലും വനംവകുപ്പ് ആകെ നൽകിയത് ഒരു ലക്ഷം രൂപ മാത്രം. അച്ഛൻ കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്. മകനെ പരിചരിക്കേണ്ടതിനാൽ അമ്മയ്ക്കു പണിക്കു പോകാൻ സാധിക്കുന്നില്ല. നല്ല ചികിത്സ നൽകിയാൽ മകൻ എഴുന്നേറ്റു നടക്കുമെന്ന പ്രതീക്ഷയിലാണ് ഈ മാതാപിതാക്കൾ.
വീണുപോയ അച്ഛന് താങ്ങായി മകൻ
2019 ഡിസംബർ 18നു പാതിരാത്രിയാണു കണ്ണൂർ കൊട്ടിയൂർ പന്നിയാംമലയിലെ വേലിക്കകത്ത് മാത്യുവിന്റെ (75) ജീവിതം മകന്റെ കൈകളിലേക്കു മറിഞ്ഞു വീഴുന്നത്. അന്നു രാത്രി വീടിനു സമീപത്തെ കൃഷിയിടത്തിൽനിന്നു ശബ്ദം കേട്ടു പുറത്തിറങ്ങിയതാണ് മാത്യു. കയ്യിൽ പടക്കവും തീപ്പെട്ടിയും. കാട്ടാനയെ തുരത്താൻ പടക്കത്തിന്റെ തിരിയിൽ തീകൊളുത്താൻ ശ്രമിക്കുമ്പോഴേക്കും പിടി വീണിരുന്നു. കൈമുട്ടിയതു കാട്ടാനയുടെ മസ്തകത്തിലാണ്. കയ്യാലയിൽ ചേർത്ത് മാത്യുവിനെ ആന അമർത്തി ഞെരിച്ചു.
നിലവിളി കേട്ട് ഓടിയെത്തിയ മകനും അയൽക്കാരും കാട്ടാനയെ തുരത്തി. ഗുരുതരമായി പരുക്കേറ്റ മാത്യുവിന്റെ ചികിത്സയ്ക്കായി ചെലവിട്ടത് 21 ലക്ഷം രൂപ. രണ്ടരവർഷം കട്ടിലിൽത്തന്നെ കഴിഞ്ഞു. ഭാര്യ എൽസിക്കു പ്രായാധിക്യം കാരണമുള്ള അസുഖങ്ങളുണ്ട്. ഓട്ടമൊബീൽ എൻജിനീയറിങ് ഡിപ്ലോമ പാസായ മകൻ ജിഷോർ ജോലിക്കു പോകാതെ മാത്യുവിനെ പരിചരിക്കുന്നു. ചെസിൽ രാജ്യാന്തരതലത്തിൽ ഉൾപ്പെടെ ഇരുനൂറിലധികം സമ്മാനം നേടുകയും മാസ്റ്റേഴ്സ് ടൂർണമെന്റിൽ പങ്കെടുത്ത് റാങ്കിങ് കരസ്ഥമാക്കുകയും ചെയ്ത ജിഷോർ കശുമാവ് നഴ്സറി നടത്തിയാണു കുടുംബം പോറ്റുന്നത്. മികച്ച കർഷകനായിരുന്ന മാത്യു ഇപ്പോൾ ജിഷോറിന്റെ കൈപിടിച്ച് വല്ലപ്പോഴും കൃഷിയിടത്തിലേക്കു നടക്കും.
മാത്യുവിന്റെ ചികിത്സയുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്നായിരുന്നു പ്രഖ്യാപനം. ലഭിച്ചത് 7.5 ലക്ഷം രൂപ മാത്രം. അതു ലഭിക്കാനാകട്ടെ കർഷകരും നാട്ടുകാരും രാപകൽ സമരം വരെ നടത്തേണ്ടിയും വന്നു.
പണി തന്നത് കാട്ടുപന്നി, പണം ഇര അടയ്ക്കണം
കാട്ടുപന്നിയെ ഇടിച്ചു നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിലിടിച്ചു പരുക്കേറ്റ് ആശുപത്രിയിൽ കിടക്കുന്ന ഡ്രൈവറോട് ഒടിഞ്ഞ പോസ്റ്റിന്റെ പണമടയ്ക്കാൻ കെഎസ്ഇബി ആവശ്യപ്പെട്ടത് പാലക്കാട് ജില്ലയിലെ മംഗലം ഡാമിലാണ്. പോസ്റ്റിന്റെ വിലയായി 20,000 രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ഓട്ടോ ഡ്രൈവർ പാണ്ടിക്കടവ് സി.ആർ.ഷൈജു ഞെട്ടി. തന്റേതല്ലാത്ത കാരണത്താൽ സംഭവിച്ച നഷ്ടത്തിനു തുക അടയ്ക്കില്ലെന്നു ഷൈജു തീർത്തു പറഞ്ഞു. വിവാദമായതോടെ തുടർനടപടി ഒഴിവാക്കി.
രാത്രി ഓട്ടം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം. ഓട്ടോയുടെ അറ്റകുറ്റപ്പണിക്കു നല്ല പണം മുടക്കേണ്ടി വന്നു. ഇതിനിടെയാണ് പോസ്റ്റ് തകർത്ത പണം അടയ്ക്കണമെന്നു കെഎസ്ഇബി ആവശ്യപ്പെട്ടത്. വാഹനമിടിച്ച് വൈദ്യുതി പോസ്റ്റ് പൊട്ടിയതിനാൽ വാഹനമുടമ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു അവരുടെ വാദം.
എല്ലാം ഓർമിപ്പിച്ച് ആ 48 തുന്നിക്കെട്ട്!
തിരുവനന്തപുരം ആര്യനാട് ഐത്തി വാറുകാട് നെല്ലിവിള മേക്കുംകര പുത്തൻ വീട്ടിൽ കെ.ലാസർ (76) പറയുന്നു:
‘48 തുന്നിക്കെട്ടലിന്റെ പാടുകൾ ഇപ്പോഴും എന്റെ ഇടതുകയ്യിൽ ഉണങ്ങിയിട്ടില്ല. വീടിനു തൊട്ടുപിന്നിൽ പതുങ്ങിയിരുന്ന കാട്ടുപോത്ത് എന്നെ കുത്തിയെറിഞ്ഞു. കൈമുട്ടു ഭാഗത്ത് കൊമ്പ് ആഴ്ന്നിറങ്ങി. കമഴ്ന്നടിച്ചു വീണപ്പോൾ ദേഹമാസകലം പരുക്കേറ്റു. താടിയെല്ലും വാരിയെല്ലും പൊട്ടി. 12 ദിവസം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ. ഇപ്പോഴും നടക്കാൻ ബുദ്ധിമുട്ടുണ്ട്. തോൾവേദനയും നെഞ്ചുവേദനയും അലട്ടുന്നു. ചികിത്സയ്ക്കു വലിയതുക ചെലവായി. സർക്കാർ ഒരു പൈസ പോലും ചികിത്സാസഹായം നൽകിയില്ല. ഡോക്ടറെ കാണാൻപോലും പണമില്ല. ക്ഷേമപെൻഷൻ ലഭിച്ചിരുന്നപ്പോൾ മരുന്നു വാങ്ങിയിരുന്നു. അതും മുടങ്ങിയതോടെ വളരെ ബുദ്ധിമുട്ടിലാണ്. ഇൗ പ്രദേശത്ത് ഇപ്പോഴും കാട്ടുപോത്തുകളുടെ ശല്യമുണ്ട്. കാട്ടുപന്നികൾ കൂട്ടത്തോടെ ഇറങ്ങി കൃഷി നശിപ്പിക്കുന്നതും പതിവാണ്’.
കഴിഞ്ഞ ഒക്ടോബർ 11ന് രാവിലെയാണ് ലാസറിനെ കാട്ടുപോത്ത് ആക്രമിച്ചത്. വനമേഖലയിൽനിന്ന് അകലെയാണ് ലാസറിന്റെ വീട്.
മുന്നിൽ പാമ്പ്, കാട്ടാന തൊട്ടടുത്ത്
2016 മുതൽ 2024 ഫെബ്രുവരി 15 വരെയുള്ള കാലയളവിലെ വനം വകുപ്പ് കണക്കുപ്രകാരം സംസ്ഥാനത്തു വന്യജീവി ആക്രമണങ്ങളിൽ കൂടുതൽപേർ കൊല്ലപ്പെട്ടതു പാമ്പുകടിയേറ്റ്. തൊട്ടടുത്ത് കാട്ടാനകളും കാട്ടുപന്നികളും. ഇക്കാലയളവിൽ പുലിയുടെ ആക്രമണത്തിൽ കേരളത്തിൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും കണക്കുകൾ പറയുന്നു.
ആകെ: 848 മരണം
പാമ്പുകടിയേറ്റ്: 573 മരണം
കാട്ടാന ആക്രമണം: 169 മരണം
കാട്ടുപന്നി ആക്രമണം: 47 മരണം
കാട്ടുപോത്ത് ആക്രമണം: 8
കടുവ ആക്രമണം: 8
മറ്റു മൃഗങ്ങൾ മൂലം: 43
കാട്ടാനയെ കാണാൻ ‘കാഴ്ചയില്ലാത്ത’ ക്യാമറ
അതിരപ്പിള്ളി തുമ്പൂർമൂഴിയിൽ ജനവാസ മേഖലയിലും റോഡിന്റെ പരിസരത്തും കാട്ടാനയെത്തിയാൽ മുന്നറിയിപ്പു നൽകാൻ വനംവകുപ്പ് സ്ഥാപിച്ച എഐ ക്യാമറകൾക്കു ശനിദശ. ഒരു വർഷം മുൻപു ക്യാമറകളും ഡിജിറ്റൽ മുന്നറിയിപ്പു ബോർഡുകളും സ്ഥാപിച്ചെങ്കിലും സാമൂഹിക വിരുദ്ധർ തകരാറിലാക്കി.
മാസങ്ങളോളം പ്രവർത്തനരഹിതമായിരുന്ന ക്യാമറ ഈയിടെ നന്നാക്കിയെങ്കിലും ഏതാനും ആഴ്ച മുൻപു വീണ്ടും തകരാറിലായി. ദിവസവും നൂറുകണക്കിനു വിനോദ സഞ്ചാരികളെത്തുന്ന മേഖലയായതിനാൽ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് ആർട്ടിഫിഷ്യൽ എലിഫന്റ് ഡിറ്റക്‌ഷൻ സംവിധാനം സ്ഥാപിച്ചത്. 100 മീറ്റർ അകലെനിന്നേ ആനയുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിയുന്ന സംവിധാനമാണിത്. ആന റോഡിന്റെ പരിസരത്ത് എത്തിയാൽ റോഡരികിലെ എൽഇഡി ബോർഡിൽ മുന്നറിയിപ്പു സന്ദേശവും ചിത്രവും തെളിയുമെന്നാണു സങ്കൽപം.
കാട്ടുപന്നി വഴിമുടക്കി; അർഷാദിന് ഗതിമുട്ടി
കാട്ടുപന്നി ഇടിച്ചു ബൈക്കു മറിഞ്ഞുണ്ടായ അപകടത്തിലാണ് പത്തനംതിട്ട കോന്നി മണ്ണീറ പാലമൂട്ടിൽ അർഷാദ് ഷാജഹാന് (27) ഗുരുതര പരുക്കേറ്റത്. ജനുവരി 11നു സംസ്ഥാന പാതയിൽ മാമൂട് ജംക്‌ഷനിലായിരുന്നു സംഭവം. പാഞ്ഞെത്തിയ പന്നി ബൈക്കിന്റെ ടയറിൽ ഇടിച്ചു. ബൈക്ക് മറിഞ്ഞ് റോഡിൽ വീണ് അർഷാദിന്റെ കൈ ഒടിഞ്ഞു; കാലിനു പൊട്ടലുണ്ടായി. ബോധം നഷ്ടപ്പെട്ട അർഷാദിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.15 ദിവസം ആശുപത്രിയിൽ കിടന്നു. വലതുകൈക്ക് 5 ഒടിവാണുണ്ടായത്. കലഞ്ഞൂരിൽ തടി ലോറിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അർഷാദ്. അച്ഛനും അമ്മയും രണ്ട് ഇളയ സഹോദരന്മാരും ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് കുടുംബം.
നാളെ: വീട് വിട്ട് ഓടിയവർ