മൂവാറ്റുപുഴയാറിൽ വീട്ടമ്മ ഒഴുകി നീങ്ങിയത് 20 മണിക്കൂർ; ഒടുവിൽ പുനർജന്മം

Mail This Article
പിറവം∙ കാൽവഴുതി തോട്ടിൽ വീണ വയോധിക മൂവാറ്റുപുഴയാറിലെ കുത്തൊഴുക്ക് അതിജീവിച്ച് ജീവിതത്തിനും മരണത്തിനും ഇടയിലൂടെ ഒഴുകിയത് 20 മണിക്കൂർ. ഒടുവിൽ ജീവിതത്തിലേക്കു തിരികെ കയറുമ്പോഴേക്കും അവർ 9 കിലോമീറ്റർ പിന്നിട്ടിരുന്നു. സൗത്ത് മാറാടി ചേലാടി പുത്തൻപുരയിൽ ചെറിയാന്റെ ഭാര്യ അന്നക്കുട്ടിയാണ് (68) ആയുസ്സിന്റെ ബലത്തിൽ ഒരു രാവും പകലിന്റെ പകുതിയും കടന്ന് രാമമംഗലം മെതിപാറയ്ക്കു സമീപം ജീവിതത്തിലേക്കു തിരിച്ചു കയറിയത്.
മൂവാറ്റുപുഴയാറിലെ അപകട മേഖലയായ കായനാട് ചെക്ക് ഡാം ഉൾപ്പെടെ തരണം ചെയ്ത അന്നക്കുട്ടിക്ക് ആറിന്റെ മധ്യഭാഗത്ത് ഉറച്ചു നിന്ന മരക്കമ്പിൽ പിടിത്തം കിട്ടിയതാണ് രക്ഷയായതെന്ന് പൊലീസ് പറയുന്നു.
ചൊവ്വാഴ്ച വൈകിട്ട് ഏഴോടെയാണ് അന്നക്കുട്ടിയെ കാണാതായത്. വീടിനു സമീപത്തുള്ള തോട്ടിൽ കാൽവഴുതി വീഴുകയായിരുന്നു. തോട് മൂവാറ്റുപുഴയാറിലേക്കാണ് ചേരുന്നത്.
ഇന്നലെ വൈകിട്ട് നാലോടെ രാമംമഗലം മെതിപാറയ്ക്കു സമീപം വള്ളത്തിൽ വരികയായിരുന്ന രാമമംഗലം പനങ്ങാട്ടിൽ വർഗീസാണ് അന്നക്കുട്ടിയെ കാണുന്നത്. പുഴയുടെ മധ്യത്തിൽ മണൽത്തിട്ടയിൽ ഉറച്ച മരക്കമ്പിൽ പിടിച്ചു കിടക്കുകയായിരുന്നു അന്നക്കുട്ടി.
വള്ളം കണ്ടതോടെ അടുത്തേക്കു നീന്താൻ ശ്രമിച്ച് കുഴഞ്ഞുപോയി. വർഗീസും ഒപ്പമുണ്ടായിരുന്ന സുമേഷ് ഉണ്ണിയും ചേർന്നാണ് കരയിലെത്തിച്ചത്. ആരോഗ്യനില മോശമായതിനാൽ അന്നക്കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.