ADVERTISEMENT

കൊച്ചി ∙ പ്രായപൂർത്തിയാകാത്ത ദലിത് സഹോദരിമാർ വാളയാറിൽ പീഡനത്തിനിരയാകുകയും ദുരൂഹസാഹചര്യത്തിൽ മരിക്കുകയും ചെയ്ത കേസിൽ പുനർവിചാരണ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. 3 പ്രതികളെ വിട്ടയച്ച പാലക്കാട് പോക്സോ കോടതി വിധി റദ്ദാക്കി. ‘വിചാരണ പ്രഹസന’മാണ് അവിടെ നടന്നതെന്ന രൂക്ഷ പരാമർശവും നടത്തി.

പ്രതികളായ വലിയ മധു, കുട്ടി മധു, ഷിബു എന്നിവർ 20നു വിചാരണക്കോടതിയിൽ ഹാജരാകണം. തുടരന്വേഷണം ആവശ്യമെങ്കിൽ സർക്കാരിനു കീഴ്ക്കോടതിയിൽ അപേക്ഷ നൽകാമെന്നും വ്യക്തമാക്കി.

സർക്കാരിന്റെയും കുട്ടികളുടെ അമ്മയുടെയും അപ്പീലുകളിലാണ് ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എം. ആർ. അനിത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പൊലീസിന്റെയും പ്രോസിക്യൂട്ടറുടെയും വിചാരണക്കോടതിയുടെയും ഭാഗത്തു ഗുരുതര വീഴ്ചയുണ്ടെന്നു കോടതി വിമർശിച്ചു. ആദ്യഘട്ട അന്വേഷണത്തിലെ പാളിച്ചയും പ്രോസിക്യൂഷന്റെ ഫലശൂന്യ പ്രവർത്തനവും മൂലം നീതി അട്ടിമറിക്കപ്പെട്ടു. സത്യം കണ്ടെത്താൻ വിചാരണക്കോടതിയും ഇടപെട്ടില്ല.

തെളിവുകൾ ഇല്ലാത്തതു കൊണ്ടല്ല പ്രതികളെ വിട്ടയച്ചത്; ശരിയായ വിചാരണ ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടായി. പുനർവിചാരണവേളയിൽ വാക്കാലോ രേഖാമൂലമോ ഉള്ള കൂടുതൽ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനും പ്രതിഭാഗത്തിനും അവസരം നിഷേധിക്കരുതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

കേസ് ഇങ്ങനെ

13 വയസ്സുള്ള പെൺകുട്ടിയെ 2017 ജനുവരി 13നും 9 വയസ്സുള്ള സഹോദരിയെ 2017 മാർച്ച് നാലിനും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതാണു കേസിന് ആധാരം. വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് എന്നീ 4 പ്രതികൾക്കെതിരെ 6 കേസുകളുണ്ടായിരുന്നു.

2 പെൺകുട്ടികളെയും പീഡിപ്പിച്ച കേസിൽ പ്രതിയായ പ്രദീപ് അപ്പീൽ പരിഗണനയിലിരിക്കെ ജീവനൊടുക്കിയതിനാൽ ഈ കേസുകൾ ഒഴിവാക്കി ബാക്കി 4 കേസുകളാണു പരിഗണിച്ചത്. വലിയ മധു 2 പെൺകുട്ടികളെയും പീഡിപ്പിച്ച കേസിലും, കുട്ടി മധു, ഷിബു എന്നിവർ മൂത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതികളാണ്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകം 

പാലക്കാട് ∙ ‍വാളയാർ കേസിലെ തുടർനടപടിയിൽ പേ‍ാസ്റ്റുമേ‍ാർട്ടം റിപ്പേ‍ാർട്ടിലെ നിരീക്ഷണം നിർണായകമായേക്കും. സഹേ‍ാദരിമാരിൽ 9 വയസ്സുകാരിയുടെ ദുരൂഹമരണത്തിലെ കെ‍ാലപാതകസാധ്യത അന്വേഷിക്കണമെന്നായിരുന്നു പേ‍ാസ്റ്റ്മേ‍ാർട്ടം നടത്തിയ ജില്ലാ പെ‍ാലീസ് സർജൻ ഡേ‍ാ.പി.ബി. ഗുജറാളിന്റെ റിപ്പേ‍ാർട്ട്. 

അന്വേഷണത്തിൽ ഏറെ പ്രാധാന്യം നൽകേണ്ട ഈ നിരീക്ഷണം അന്ന് അവഗണിക്കപ്പെട്ടു. സാക്ഷിപറയാൻ ആരും തയ്യാറാകുന്നില്ലെന്നായിരുന്നു പെ‍ാലീസ് നിലപാട്. വിചാരണവേളയിലും റിപ്പേ‍ാർട്ടിലെ ഈ നിർദേശം വേണ്ടവിധം പരിഗണിച്ചില്ല.

ഇളയ കുട്ടിയും മരിച്ചതോടെ സംഭവം വിവാദമായപ്പോഴാണു ഡോ. ഗുജറാളിന്റെ നേതൃത്വത്തിൽ പേ‍ാസ്റ്റ്മേ‍ാർട്ടം നടത്തിയത്. 13 വയസ്സുള്ള പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന്റെ 51–ാം ദിവസമാണ് അനുജത്തിയെ ഷെഡ് പേ‍ാലുള്ള വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ പ്രായം, തൂങ്ങിമരിച്ചെന്നു പറയുന്ന സ്ഥലത്തിന്റെ ഉയരം, കുട്ടിയുടെ ഉയരം, മെ‍ാത്തത്തിൽ ആ സ്ഥലത്തെ സ്ഥിതി എന്നിവ വിശകലനം ചെയ്താണു കെ‍ാലപാതകസാധ്യതയും അന്വേഷിക്കാമെന്നു ഫൊറൻസിക് വിദഗ്ധൻ രേഖപ്പെടുത്തിയത്. പേ‍ാസ്റ്റ്മേ‍ാർട്ടം റിപ്പേ‍ാർട്ടിനെ‍ാപ്പം കേസിന്റെ ഗൗരവം കൂടുതൽ വ്യക്തമാക്കാൻ പരുക്കുകളുടെ ഫേ‍ാട്ടേ‍ാകളും നൽകി. എന്നാൽ, തൂങ്ങിമരണമെന്ന നിഗമനത്തിൽ പെ‍ാലീസ് ഉറച്ചുനിന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com