ADVERTISEMENT

തിരുവനന്തപുരം∙ കേരളം വ്യവസായ സൗഹൃദമായി മാറിയെങ്കിലും അതു തകർക്കാൻ ചിലർ ദ്രോഹമനസ്സോടെ പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ സംരംഭങ്ങൾ തുടങ്ങുമ്പോൾ തന്നെ ചിലർ രാഷ്ട്രപതി മുതൽ പഞ്ചായത്ത് പ്രസിഡന്റ് വരെയുള്ളവർക്കു പരാതി അയയ്ക്കും. സംരംഭകർ ഇവരെ കാണേണ്ട പോലെ കാണണമെന്നാണ് ഉദ്ദേശ്യം. ഇതു നാടിന്റെ ശാപമാണ്. ഇവർ പ്രവർത്തിക്കുന്നതു പൊതു താൽപര്യത്തിനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 2000 കോടി രൂപ ചെലവിൽ ആക്കുളത്ത് ബൈപാസിനോടു ചേർന്നു നിർമിച്ച ലുലു മാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Lulu-Mall-Inauguration-2
തിരുവനന്തപുരം ലുലു മാൾ ഉദ്ഘാടന ചടങ്ങിൽനിന്ന്. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ

കൂടുതൽ പേർക്കു തൊഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നോളജ് ഇക്കണോമി മിഷൻ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. 10000 കോടി രൂപയുടെ നിക്ഷേപമാണു ലക്ഷ്യം. സംരംഭങ്ങൾ തുടങ്ങാനുള്ള നടപടിക്രമങ്ങൾ ഇതിനായി ലളിതമാക്കി. 3200 കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ഇതിനകം ലഭിച്ചു. 4700 സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾ പുതുതായി തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ‌

Lulu-Mall-Inauguration-1
തിരുവനന്തപുരം ലുലു മാൾ ഉദ്ഘാടന ചടങ്ങിൽനിന്ന്. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ

കേരളത്തിന്റെ അഭിവൃദ്ധിക്കായി എല്ലാ ശേഷിയും ഉപയോഗിച്ചു പ്രവർത്തിക്കുന്നയാളാണു ലുലു ഗ്രൂപ്പ് മേധാവി എം.എ.യൂസഫലിയെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ കേരളത്തിന്റെ അനൗദ്യോഗിക അംബാസഡർ എന്നു വിശേഷിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Lulu-Mall-Inauguration-3
തിരുവനന്തപുരം ലുലു മാൾ ഉദ്ഘാടന ചടങ്ങിൽനിന്ന്. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ
ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ലുലുമാളിന്റെ  രാത്രി ദൃശ്യം
ലുലുമാളിന്റെ രാത്രി ദൃശ്യം

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അധ്യക്ഷത വഹിച്ചു. യുഎഇ വാണിജ്യ മന്ത്രി ഡോ.താനി അഹമ്മദ് അൽ സെയൂദി, കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രി ജി.ആർ.അനിൽ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എംപിമാരായ ശശി തരൂർ, ജോസ് കെ.മാണി, നടൻ മമ്മൂട്ടി, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, യുഎഇ അംബാസഡർ ഡോ.അഹമ്മദ് അബ്ദുൽ റഹ്മാൻ അൽ ബന്ന, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, കൗൺസിലർ ഡി.ജി.കുമാരൻ, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്റഫ് അലി എന്നിവർ പ്രസംഗിച്ചു.

മുഖ്യമന്ത്രിയെ പിന്തുണച്ച് തരൂർ

തിരുവനന്തപുരം∙ വികസന പദ്ധതികൾ തടസ്സപ്പെടുത്തരുതെന്ന മുഖ്യമന്ത്രിയുടെ നിലപാടിനു പിന്തുണയുമായി ശശി തരൂർ എംപി. വികസനത്തിന്റെ കാര്യത്തിൽ രാഷ്ട്രീയം വേണ്ട. കേരളം നിക്ഷേപ സൗഹൃദമാണെന്ന സന്ദേശമാണു ലോകത്തിനു നൽകേണ്ടത്. അതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിക്കണം. ഹർത്താലിന്റെയും സമരത്തിന്റെയും പേരിൽ പല നിക്ഷേപകരും അയൽ സംസ്ഥാനങ്ങളിലേക്കു പോയി. അതു മാറ്റാൻ മുഖ്യമന്ത്രി ശ്രമിക്കുന്നതു നല്ല കാര്യമാണ്. നാട് നന്നാകണമെങ്കിൽ കൂടുതൽ തൊഴിലവസരങ്ങൾ വേണം. അതിനായി നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകണം–തരൂർ പറഞ്ഞു.

രാജ്യത്തെത്തന്നെ വമ്പൻ മാളുകളിൽ ഒന്ന്

20 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ രാജ്യത്തെത്തന്നെ വമ്പൻ മാളുകളിൽ ഒന്നായ ലുലുമാൾ ഇന്നു പ്രവർത്തനം തുടങ്ങും. കഴക്കൂട്ടം – കോവളം ബൈപാസിൽ ടെക്നോപാർക്കിനു സമീപമാണ് മാൾ. 

1500 കോടിയുടെ പുതിയ പദ്ധതികളുമായി ലുലു ഗ്രൂപ്പ്

തിരുവനന്തപുരം∙ കേരളത്തിൽ 1500 കോടിയിലേറെ രൂപയുടെ പുതിയ നിക്ഷേപ പദ്ധതികളുമായി ലുലു ഗ്രൂപ്പ്. 500 കോടി രൂപ ചെലവിൽ നിർമിക്കുന്ന തിരുവനന്തപുരത്തെ ഹയാത്ത് റീജൻസി ഹോട്ടൽ അടുത്ത ജൂണിൽ തുറക്കും. 300 കോടി ചെലവിട്ടു നിർമിക്കുന്ന കോഴിക്കോട് ലുലു മാൾ 2023 ജൂണിലും 250 കോടിയുടെ കോട്ടയത്തെ ലുലു മാൾ 2023 സെപ്റ്റംബറിലും പൂർത്തിയാകും. കയറ്റുമതി ലക്ഷ്യമിട്ട് 150 കോടി രൂപ ചെലവില്‍ നിർമിക്കുന്ന കൊച്ചിയിലെ മീൻ സംസ്കരണ കേന്ദ്രം അടുത്ത ഏപ്രിലിൽ തുറക്കും.

കേരളത്തിലെ മത്സ്യത്തൊഴിലാളികളിൽ നിന്നു നേരിട്ടു മീൻ ശേഖരിച്ചാണു കയറ്റി അയയ്ക്കുക. കളമശേരിയിൽ 250 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഫുഡ് പാർക്ക് 2023 ഡിസംബറിൽ പൂർത്തിയാകും. തിരുവനന്തപുരത്ത് വിഴിഞ്ഞം തുറമുഖം നിർമാണം പൂർത്തിയാകുമ്പോഴേക്കും ഇലക്ട്രോണിക് അസംബ്ലിങ് ഹബ് തുടങ്ങും. ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ ഉടൻ തയാറാകും.

∙ ‘കേരളത്തിൽ നിക്ഷേപിക്കുകയെന്നത് എന്റെ കടമയാണ്. കോഴിക്കോട്, കോട്ടയം ലുലു മാളുകൾ ഉടൻ നിർമാണം പൂർത്തിയാകും. തിരുവനന്തപുരത്തെ ലുലു മാൾ സ്വപ്നപദ്ധതി ആയിരുന്നു. മറ്റു സംസ്ഥാനങ്ങളിലും നിക്ഷേപിക്കുന്നുണ്ടെങ്കിലും കേരളത്തിൽ സംരംഭങ്ങൾ തുടങ്ങുന്നതാണ് ഏറ്റവും സന്തോഷകരം.’ – എം.എ.യൂസഫലി (ലുലു ഗ്രൂപ്പ് സിഎംഡി)

English Summary: Thiruvananthapuram Lulu shopping mall opened

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com