ADVERTISEMENT

അടൂർ ∙ വായ്പക്കുടിശിക അടച്ചുതീർത്തിട്ടും 2 വർഷത്തിനു ശേഷം വ്യാപാരിയെ അറസ്റ്റ് ചെയ്യാനിടയായത് ബാങ്കിന്റെ വീഴ്ചമൂലമെന്നു വ്യക്തമായി. കലക്‌‌ഷൻ ഏജന്റിന്റെ കയ്യിൽ കൊടുത്തിരുന്ന പണം ബാങ്കിൽ അടയ്ക്കാതെ വന്നതിനാലാണ് ആദ്യം കുടിശികയായതെന്ന് അറസ്റ്റിലായ ചായക്കട – സ്റ്റേഷനറി വ്യാപാരി അറുകാലിക്കൽ പടിഞ്ഞാറ് സുമേഷ് ഭവനിൽ സുരേന്ദ്രൻപിള്ള (60) പറഞ്ഞു. 

പിന്നീടാണ് ബാങ്ക് കോടതിയിൽ ചെക്ക് കേസ് നൽകിയതും നോട്ടിസ് ലഭിച്ചതും. അതിനു ശേഷം മകളുടെ സ്വർണം പണയം വച്ചാണ് 2019 ഡിസംബർ 30ന് കുടിശിക പൂർണമായി അടച്ചുതീർത്തത്. കേരള ബാങ്ക് ഏഴംകുളം ശാഖയിൽ നിന്നെടുത്ത വായ്പയുടെ കുടിശിക അടച്ചുതീർത്തിട്ടും ചെക്ക് കേസ് പിൻവലിക്കുന്നതിൽ ബാങ്ക് അധികൃതരും ബന്ധപ്പെട്ട അഭിഭാഷകനും വേണ്ടതു ചെയ്തില്ല. ഇതെതുടർന്നാണ് കഴിഞ്ഞദിവസം സുരേന്ദ്രൻപിള്ളയെ അറസ്റ്റ് ചെയ്തത്.

‘‘ഈ മാസം ഒന്നിനു രാവിലെയാണ് കോടതിയിൽനിന്നു വാറന്റ് ഉണ്ടെന്നു പറഞ്ഞ് പൊലീസുകാർ അറുകാലിക്കൽ പടിഞ്ഞാറു ഭാഗത്തെ ചായക്കടയിൽ എത്തിയത്. വായ്പക്കുടിശികയുടെ പേരിലുള്ള ചെക്ക് കേസാണെന്നറിഞ്ഞപ്പോൾ കുടിശിക അടച്ചുതീർത്തതാണെന്ന് പൊലീസുകാരോടു പറഞ്ഞു. പക്ഷേ, വാറന്റ് ഉള്ളതിനാൽ കോടതിയിൽ ഹാജരാക്കാതെ പറ്റില്ലെന്നായിരുന്നു മറുപടി. 

രാവിലത്തെ ആഹാരം പോലും കഴിക്കും മുൻപേ നാട്ടുകാർ കാൺകെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. സ്റ്റേഷനിൽ ഇരിക്കുന്നതിനിടെ പരാതികളും മറ്റും നൽകാൻ അവിടെയെത്തിയ പരിചയക്കാരുടെ മുൻപിലും അപമാനിതനാകേണ്ടി വന്നു. 3.30നു ശേഷമാണു കോടതിയിൽ ഹാജരാക്കിയത്. കുടിശിക അടച്ചുതീർത്തതിന്റെ ബാങ്ക് രേഖ ഹാജരാക്കാൻ കോടതി നിർദേശിക്കുകയും ജാമ്യത്തിൽ വിടുകയുമായിരുന്നു. ഇതറിഞ്ഞപ്പോൾ ബാങ്ക് അധികൃതരും ബന്ധപ്പെട്ട അഭിഭാഷകനും എത്തി ചെക്ക് കേസ് പിൻവലിച്ചു. ഇതു നേരത്തേ ചെയ്തിരുന്നെങ്കിൽ നിരപരാധിയായ ഞാൻ പൊലീസ് സ്റ്റേഷനും കോടതിയും കയറേണ്ടിവരില്ലായിരുന്നു’’ – സുരേന്ദ്രൻപിള്ള പറഞ്ഞു.

2015ൽ ആദ്യം ഒരു ലക്ഷം രൂപയാണ് കച്ചവട ആവശ്യത്തിനായി പരസ്പര ജാമ്യത്തിൽ വായ്പ എടുത്തത്. അത് അടച്ചുതീർത്തതിനു ശേഷം 2 ലക്ഷം രൂപ കൂടി വായ്പയെടുത്തു. അതു കൃത്യമായി ദിവസവും അടച്ചുകൊണ്ടിരുന്നതാണെന്നും സുരേന്ദ്രൻപിള്ള പറഞ്ഞു. 

English Summary: Surendran Pillai arrest followup

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com