കൊല്ലപ്പെട്ടത് 6 പേർ, പ്രതി ഒരാൾ!; അവകാശികൾ വാങ്ങാതെ കോടികൾ
Mail This Article
കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊല കേസിന് 20 വയസ്. 2001 ജനുവരി ആറിനാണ് ആലുവയിലെ പൈപ്പ് ലൈൻ റോഡിനോട് ചേർന്നുള്ള മാഞ്ഞൂരാൻ വീട്ടിലെ മാഞ്ഞൂരാൻ ഹാർഡ്‌വെയേഴ്‌സ് നടത്തിയിരുന്ന മാഞ്ഞൂരാൻ അഗസ്‌റ്റിൻ (48), ഭാര്യ മേരി (42), മക്കളായ ജെസ്മോൻ (12), ദിവ്യ (14), അഗസ്‌റ്റിന്റെ അമ്മ ക്ലാര (78), സഹോദരി കൊച്ചുറാണി (42) എന്നിവർ കൊല്ലപ്പെട്ടത്. പ്രതി അഗസ്റ്റിന് വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് ജീവപര്യന്തമാക്കി. കേസിലെ ഏകപ്രതിയായ എം.എ.ആന്റണിയുടെ(ആന്റപ്പൻ) വധശിക്ഷ സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് പിന്നീട് ഉപാധികളില്ലാതെ ജീവപര്യന്തമായി ഇളവു ചെയ്യുകയായിരുന്നു.
അവകാശികൾ വാങ്ങാതെ കോടികൾ
കൊലപാതകത്തിന് പത്തു വർഷം പിന്നിട്ടപ്പോൾ മാഞ്ഞൂരാൻ വീട് പൊളിച്ചുനീക്കി. തുരുമ്പെടുത്ത ഗേറ്റും തൂണുകളും മാത്രമാണ് അവിടെയിപ്പോഴുള്ളത്. കൊല്ലപ്പെട്ട കുടുംബനാഥൻ അഗസ്റ്റിന് സ്വകാര്യ അക്കൗണ്ടിൽ ഉണ്ടായിരുന്ന ലക്ഷങ്ങളുടെ നിക്ഷേപം ഇപ്പോൾ കോടികളായി. കേസിൽ വിധിയുണ്ടായിട്ടും ഈ നിക്ഷേപത്തിനോ, ബാങ്ക് ലോക്കറിൽ പൊലീസ് കണ്ടെടുത്ത് കോടതിയിൽ സമർപ്പിച്ച സ്വർണാഭരണങ്ങളോ അവകാശികൾ തിരികെ വാങ്ങിയില്ല.
2001ൽ അഗസ്‌റ്റിൻ, ബേബി എന്നിവരുടെ ജഡങ്ങൾ കിടന്നതിനു സമീപം ചുവരിൽ രക്‌തംകൊണ്ട് അമ്പടയാളം വരച്ചിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽനിന്നും തലേദിവസം രാത്രിയാണ് എല്ലാവരും കൊല്ലപ്പെട്ടതെന്നു മനസിലായി. ആറുപേരുടെ കൊലപാതകം അതോടെ വലിയ ചർച്ചയായി. ഭൂമിയും പണവും സ്വർണവും അടക്കം വൻ സമ്പത്തിന്റെ ഉടമയായിരുന്നു കൊല്ലപ്പെട്ട അഗസ്‌റ്റിൻ. കൂട്ടക്കൊലയ്‌ക്കു ശേഷം ബാങ്ക് ലോക്കറിൽ പൊലീസ് നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ കറൻസിയും സ്വർണവും സ്‌ഥലത്തിന്റെ ആധാരങ്ങളും മറ്റും കണ്ടെടുത്തു. കേസന്വേഷണത്തിനായി റൂറൽ ജില്ലാ പൊലീസ് സൂപ്രണ്ട് എം. സേതുരാഘവന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി ഏബ്രഹാം ചെറിയാൻ ഉൾപ്പെട്ട 30 അംഗ സ്‌ക്വാഡ് രൂപീകരിച്ചു.
ബന്ധുക്കളെയും പരിസരത്തുള്ളവരെയും ചോദ്യം ചെയ്തതിൽനിന്ന് അഗസ്റ്റിന്റെ ബന്ധുവായ ആന്റണിയാണു കൃത്യം ചെയ്തതെന്ന നിഗമനത്തിലാണു പൊലീസ് എത്തിയത്. പക്ഷേ, സംഭവദിവസം രാത്രി ആലുവ സ്റ്റേഷനിൽനിന്ന് മുംബൈയിലേക്കു പോയ ആന്റണി ദമാമിലേക്കു കടന്നിരുന്നു. പൊലീസ് മുംബൈയിലേക്കു പോയി. സിഐ ചന്ദ്രാക്ഷൻ അവിടെ നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ ആന്റണി മുംബൈയിൽ വിൽക്കാൻ നൽകിയതായി കണ്ടെത്തി. കേസന്വേഷണത്തിനു സൗദിയിലേക്കു പോകുന്നതിനായി പൊലീസ് സർക്കാരിൽ അപേക്ഷ നൽകിയെങ്കിലും ചില സാങ്കേതിക തടസങ്ങളാൽ അതു നീണ്ടു. തുടർന്ന് പൊലീസ് ബദൽ മാർഗങ്ങൾ തേടി.
ഭാര്യയുടെ ഫോൺ വഴി നിരീക്ഷണത്തിൽ
ക്രിമിനൽ പുള്ളികളെ കൈമാറുന്നതിനുള്ള ധാരണയൊന്നും ഇന്ത്യയുമായി സൗദി അറേബ്യക്ക് അന്ന് ഇല്ലാതിരുന്നതിനാൽ ആന്റണിയെ നിയമാനുസൃതം ഇന്ത്യയിലെത്തിക്കുകയെന്നത് എളുപ്പം നടക്കാവുന്ന കാര്യമായിരുന്നില്ല. പൊലീസ് തന്ത്രപൂർവമായ നീക്കമാരംഭിച്ചു. ആലുവയിലെ ഒരു ഷോപ്പിങ് കോംപ്ലക്‌സിൽ ഒരു മിനി ടെലിഫോൺ എക്‌സ്‌ചേഞ്ച് സജ്‌ജീകരിച്ചു. ആന്റണിയുടെ ഭാര്യ ജമ്മയെ ഇവിടെ കൊണ്ടുവന്ന് ആന്റണിയുമായി ടെലിഫോണിലൂടെ പൊലീസ് എഴുതിക്കൊടുത്ത വാചകങ്ങൾ മാത്രം പറയിപ്പിച്ചു. തുടർന്ന്, ആന്റണി ജമ്മയുമായി മറ്റു ഫോണുകളിലൂടെ സംസാരിക്കാതിരിക്കാൻ ജമ്മയെ പൊലീസ് നിരീക്ഷണത്തിലാക്കി. ജമ്മ താമസിക്കുന്ന വീടിനു സമീപമുള്ള എല്ലാ ഫോണുകളും ഡിസ്‌കണക്‌ട് ചെയ്‌തു.
സിഐ ബി.ശശിധരനും ഡിവൈഎസ്പി ഏബ്രഹാം ചെറിയാനും മുംബൈയിലെത്തി ആന്റണിയെ സൗദിക്കു കയറ്റിവിട്ട കോസ്‌മോസ് ട്രാവൽ ഉടമ അരുൺ മേമനുമായി കണ്ട് കാര്യങ്ങൾ മനസിലാക്കി. ആന്റണി പോയതിൽ പിന്നെ വീട്ടിൽ പ്രശ്‌നങ്ങളാണെന്നും ആന്റണിയെ തിരികെ കൊണ്ടു വരണമെന്നാവശ്യപ്പെട്ടു ഭാര്യ മുംബൈയിലെ ഓഫിസിലെത്തിയിരിക്കുകയാണെന്നും ഇതിനുള്ള ചെലവു വഹിച്ചുകൊള്ളാമെന്നും അരുൺ മേമൻ സന്ദേശമയച്ചതിന്റെ അടിസ്‌ഥാനത്തിൽ സൗദിയിലെ സ്‌പോൺസർ ആന്റണിയെ കയറ്റി വിടാൻ തയാറാകുകയായിരുന്നു. തുടർന്നു സാഹർ എയർപോർട്ടിൽ ട്രാൻസിറ്റ് ലോഞ്ചിൽ വച്ച് ആന്റണിയെ പൊലീസ് പിടികൂടി.
പൊലീസ് സംഘം ആന്റണിയുമായി ഇന്ത്യൻ എയർലൈൻസിന്റെ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തി. ഫെബ്രുവരി 11 മുതൽ 17 വരെ തീയതികളിൽ ആന്റണിയെ അജ്‌ഞാത കേന്ദ്രത്തിൽ പൊലീസിന്റെ ഉന്നത ഉദ്യോഗസ്‌ഥർ ചോദ്യം ചെയ്തു. ഫെബ്രുവരി 18നു കാലടി പ്ലാന്റേഷൻ കോർപറേഷൻ ഗസ്‌റ്റ് ഹൗസിൽ വച്ച് ആന്റണിയുടെ അറസ്റ്റു രേഖപ്പെടുത്തി. പൊലീസിന്റെ ചോദ്യം ചെയ്യലിനോട് ആന്റണി ആദ്യം സഹകരിച്ചില്ല. പലകള്ളങ്ങൾ പറഞ്ഞെങ്കിലും പൊലീസ് തെളിവുകൾ നിരത്തിയതോടെ ആന്റണി കുറ്റം ഏറ്റുപറഞ്ഞു.
കൊല്ലപ്പെട്ട അഗസ്‌റ്റിന്റെ ബന്ധുവും കുടുംബ സുഹൃത്തുമായിരുന്നു ആന്റണി. ആലുവ നഗരസഭ ഓഫിസിൽ താൽക്കാലിക ഡ്രൈവറായിരുന്ന ഇയാൾക്കു വിദേശത്തു ജോലിക്കു പോകാൻ കൊച്ചുറാണി സാമ്പത്തികസഹായം വാഗ്‌ദാനം ചെയ്‌തിരുന്നു. അതു നൽകാത്തതിലുള്ള വൈരാഗ്യമാണു കൂട്ടക്കൊലയ്‌ക്കു കാരണമെന്നാണു പൊലീസ് കണ്ടെത്തിയത്.
ഒറ്റയ്ക്ക് 6 പേരെ കൊലപ്പെടുത്താനാവുമോ?
ആലുവ മാഞ്ഞൂരാൻ വീട്ടിലെ കൂട്ടക്കൊലക്കേസിൽ ജനങ്ങളുടെ മനസ്സിൽ മായാതെ നിൽക്കുന്ന സംശയമാണിത്. ഈ കേസിലെ പ്രതി ആന്റണിക്ക് (ബ്ലാക്ക് ബെൽട്ട് അന്റപ്പൻ) വിചാരണ കോടതി വിധിച്ച വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി ഇളവു ചെയ്തപ്പോഴും അതേ ചോദ്യം വീണ്ടും അവശേഷിച്ചു.
ശാസ്ത്രീയമായി കുറ്റം തെളിയിച്ച അന്വേഷണ സംഘങ്ങൾക്കും വിചാരണക്കോടതിക്കും എന്നാൽ ഇക്കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല. കാരണം, തെളിവുകൾ അത്രയ്ക്കു ശക്തമായിരുന്നു. ആദ്യം ഹൈക്കോടതിയും തുടർന്നു സുപ്രീംകോടതിയും ഈ കേസ് അപൂർവങ്ങളിൽ അത്യപൂർവമായി പരിഗണിച്ച് ആന്റണിയുടെ വധശിക്ഷ ശരിവച്ചതാണ്. പ്രതി സമർപ്പിച്ച ദയാഹർജി രാഷ്ട്രപതിയും തള്ളി. പിന്നീടു സുപ്രീംകോടതി തുറന്ന കോടതിയിൽ വീണ്ടും പ്രതിയുടെ ഹർജി പരിഗണിച്ചു. വധശിക്ഷ ഇളവു ചെയ്തത് നിയമവിദഗ്ധർക്കും അതിശയമായി. സാധാരണ നിലയിൽ ദയാഹർജി തള്ളിയാൽ ഇത്തരം നടപടിയുണ്ടാകാറില്ല.
ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസ്, ക്രൈംബ്രാഞ്ച് പ്രത്യേക സംഘം, ഒടുവിൽ ഹൈക്കോടതിയുടെ നിർദേശപ്രകാരം സിബിഐ – ഈ മൂന്ന് അന്വേഷണ സംഘങ്ങളുടെ നിഗമനങ്ങളും സമാനമായിരുന്നു. 6 പേരെ കൊലപ്പെടുത്തിയത് ഒരാൾ ഒറ്റയ്ക്ക്. തെളിവുകൾ മുഴുവൻ ആന്റണിക്കു പ്രതികൂലം. കരാട്ടെ ബ്ലാക്ക് ബെൽട്ട് നേടിയ അഭ്യാസിയാണ് ആന്റണി. കൊല്ലപ്പെട്ട 6 പേരിൽ ഒരാൾ മാത്രമായിരുന്നു ആന്റണിയെ പ്രതിരോധിക്കാൻ ശേഷിയുണ്ടായിരുന്ന മുതിർന്ന പുരുഷൻ. മറ്റ് 5 പേരിൽ 3 സ്ത്രീകളും 2 കുട്ടികളും. വീടിനുള്ളിൽ പതിയിരുന്ന് അപ്രതീക്ഷിതമായി അക്രമിച്ചതോടെ ആർക്കും ആന്റണിയെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല.
ഇന്നത്തെ ശാസ്ത്രീയ കുറ്റാന്വേഷണ രീതികളിൽ പലതും ആദ്യമായി കേരള പൊലീസും സിബിഐയും പ്രയോഗിച്ച കേസാണിത്– പ്രതിയുടെ രക്തസാംപിൾ പരിശോധന, നുണപരിശോധന ബ്രെയിൻ മാപ്പിങ്, ഒടുവിൽ കോടതി മുൻപാകെ കുറ്റസമ്മത മൊഴി.
കൊല്ലപ്പെട്ട കൊച്ചുറാണി, ബന്ധുകൂടിയായ പ്രതി ആന്റണിയെ സാമ്പത്തികമായി സഹായിക്കുമായിരുന്നു. ജോലി തേടി വിദേശത്തു പോകാനുള്ള തുക നൽകാമെന്ന വാക്കു കൊച്ചുറാണി പാലിക്കാതെ വന്നതിലുള്ള വൈരാഗ്യമാണ് അവരെ അടിച്ചു വീഴ്ത്താനും പേനാക്കത്തികൊണ്ടു പ്രത്യാക്രമണം നടത്തിയപ്പോൾ കൊലപ്പെടുത്താനും കാരണമായി അന്വേഷണ സംഘം കണ്ടെത്തിയത്. കൊച്ചുറാണിയെ കൊല്ലുന്നതു കണ്ട അമ്മ ക്ലാരയെയും വകവരുത്തി. അഗസ്റ്റിനും ഭാര്യ മേരിയും 2 കുഞ്ഞുങ്ങൾക്കൊപ്പം അന്നു സിനിമയ്ക്കു പോവുമ്പോൾ ആന്റണി വീട്ടിലുണ്ടായിരുന്നു. മടങ്ങിവരുമ്പോൾ കൊലപാതകത്തിൽ ആദ്യം സംശയിക്കുമെന്നതു തന്നെയാണ് സിനിമ കഴിഞ്ഞ് അവർ മടങ്ങിവരാൻ കാത്തിരുന്നതും കൊലപ്പെടുത്തിയതും. ആലുവ കൂട്ടക്കൊല സംബന്ധിച്ച് സിബിഐ കുറ്റപത്രത്തിൽ പറയുന്നതിങ്ങനെ.
2004 ഒക്‌ടോബർ 18 ന് ആണു സാക്ഷിവിസ്‌താരം തുടങ്ങിയത്. ആന്റണി കുറ്റക്കാരനാണെന്ന് എറണാകുളം സിബിഐ പ്രത്യേക കോടതി കണ്ടെത്തി. ഇന്ത്യൻ ശിക്ഷാ നിയമത്തിൽ കൊലപാതകം (വകുപ്പ് 302), മോഷണം (379), കൊലപ്പെടുത്താൻ വേണ്ടി അതിക്രമിച്ചു കയറൽ (449), തെളിവു നശിപ്പിക്കൽ (201) എന്നീ കുറ്റകൃത്യങ്ങൾ പ്രതി ചെയ്‌തതായി കോടതി വിലയിരുത്തി. കേസിൽ 77 സാക്ഷികളെ വിസ്‌തരിച്ചു. ദൃക്‌സാക്ഷികൾ ഉണ്ടായിരുന്നില്ല. 90 രേഖകളും 94 തൊണ്ടി സാധനങ്ങളും ഹാജരാക്കി. സംഭവ ദിവസം രാത്രി വീട്ടിൽ ഇല്ലാതിരുന്നതിനു പ്രതി നൽകിയ വിശദീകരണം വ്യാജമാണെന്നു കോടതി വ്യക്തമാക്കി.
സിബിഐ പ്രത്യേക കോടതി 2005 ഫെബ്രുവരി രണ്ടിന് ആന്റണിക്ക് വധശിക്ഷ വിധിച്ചു. കേരളത്തിൽ സിബിഐ അന്വേഷിച്ച കേസുകളിൽ ആദ്യം വധശിക്ഷ വിധിച്ച കേസാണിത്. 2006 സെപ്‌റ്റംബർ 18ന് ഈ ഉത്തരവു ഹൈക്കോടതി ശരിവച്ചു. ആലുവ വത്തിക്കാൻ സ്‌ട്രീറ്റിലെ ആന്റണിയുടെ വീട്ടിൽ ഇപ്പോൾ ഭാര്യയും മക്കളുമില്ല. സംഭവത്തെ തുടർന്നു ബന്ധം ഉപേക്ഷിച്ചുപോയ അവർ കേരളത്തിനു പുറത്താണ്. ഈ വീട് മറ്റൊരാൾ വാങ്ങി. കൂട്ടക്കൊല നടന്ന മാഞ്ഞൂരാൻ തറവാട് വർഷങ്ങൾക്കു ശേഷം പൊളിച്ചുനീക്കി.
ഒരു സിനിമാക്കഥ പോലെ
2004ൽ റിലീസായ ‘സേതുരാമയ്യർ സിബിഐ’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ പശ്ചാത്തലവും ഒരു വീട്ടിൽ നടന്ന കൂട്ടക്കൊലയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരാളെ കൊന്നത് താനല്ലെന്നു വധശിക്ഷ കാത്തു ജയിലിൽ കിടക്കുന്ന കലാഭവൻ മണിയുടെ കഥാപാത്രം കുറ്റസമ്മതം നടത്തുന്നതോടെയാണ് സിനിമ മറ്റൊരു തലത്തിലേക്കു കടക്കുന്നത്. ആലുവ കൂട്ടക്കൊലയാണ് സിനിമയ്ക്കു പ്രചോദനമായതെന്നു വ്യാപക പ്രചാരണമുണ്ടായിരുന്നു.
ചിത്രത്തിന്റെ തിരക്കഥാകൃത്തായ എസ്.എൻ.സ്വാമിക്ക് കൂട്ടക്കൊല പശ്ചാത്തലമാക്കി രചന നടത്താൻ ആശയം ലഭിച്ചത് ഒരു പുസ്തകത്തിൽനിന്നാണ്. ആലുവ കൂട്ടകൊലയ്ക്കുശേഷം റിലീസായ സിനിമയായതിനാൽ ചെറിയ ഒരു പ്രചോദനം അതിൽനിന്നും ഉണ്ടായിരിക്കാമെന്നും സ്വാമി പറയുന്നു.
English Summary: 20 years of Aluva Murder Case