പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന നിലവാരം കുറഞ്ഞത്: സതീശനെതിരെ സുകുമാരൻനായർ

Mail This Article
പെരുന്ന∙ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മത, സാമുദായിക സംഘടനകള്‍ക്കെതിരായ പ്രസ്താവനകള്‍ നിലവാരം കുറഞ്ഞതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. ആവശ്യം വരുമ്പോള്‍ സഹായം തേടുന്നതും പിന്നീട് തള്ളിപ്പറയുന്നതും നല്ലതല്ല. പ്രതിപക്ഷനേതാവും എന്‍എസ്എസ് ആസ്ഥാനത്ത് വന്ന് സഹായം തേടിയിരുന്നു. എന്നിട്ടാണ് പുതിയ സ്ഥാനലബ്ധിയില്‍ മതിമറന്ന് വിമര്‍ശനമെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.
സുകുമാരന്‍ നായരുടെ പ്രസ്താവനയിൽനിന്ന്:
ഇപ്പോഴത്തെ പ്രതിപക്ഷനേതാവ്, തല്‍സ്ഥാനം ഉറപ്പായി എന്നറിഞ്ഞപ്പോള്‍ മുതല്‍ മത-സാമുദായികസംഘടനകളെ നിലവാരംകുറഞ്ഞ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ കാണാനിടയായി. ഈ രാജ്യത്തെ ഒരു ദേശീയപ്പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യം അതാണോ എന്ന് അതിന്റെ നേതൃത്വം വിലയിരുത്തേണ്ടിയിരിക്കുന്നു. രാജ്യത്തെ എല്ലാ മത-സാമുദായികവിഭാഗങ്ങളെയും സംഘടനകളെയും തങ്ങളോടു ചേര്‍ത്തുനിര്‍ത്തിയ അനുഭവമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഇന്നോളം ഉണ്ടായിട്ടുള്ളത്.
രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ മത-സാമുദായികസംഘടനകള്‍ ഇടപെടാന്‍ പാടില്ല. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും അഭിപ്രായം പറയാനുമുള്ള അവകാശം വ്യക്തികള്‍ക്കുള്ളതുപോലെ മത-സാമുദായികസംഘടനകള്‍ക്കും ഉണ്ടെന്ന് രാഷ്ട്രീയനേതൃത്വങ്ങള്‍ മനസ്സിലാക്കണം.
പാര്‍ട്ടിയുടെ നയപരമായ നിലപാടുകള്‍ വ്യക്തമാക്കേണ്ടത് കെപിസിസിയാണ്, പ്രതിപക്ഷനേതാവല്ല. മത-സാമുദായികസംഘടനകളോടും അതിന്റെ നേതാക്കളോടുമുള്ള പുതിയ പ്രതിപക്ഷനേതാവിന്റെ ഇപ്പോഴത്തെ സമീപനം സംബന്ധിച്ചും ശബരിമല വിശ്വാസസംരക്ഷണം സംബന്ധിച്ചും കെപിസിസിയുടെ നിലപാട് എന്താണെന്ന് അറിയേണ്ടതുണ്ട്. ആവശ്യം വരുമ്പോള്‍ മത-സാമുദായികസംഘടനകളെ സമീപിക്കുകയും സഹായം അഭ്യർഥിക്കുകയും ചെയ്യുകയും, അതിനുശേഷം തള്ളിപ്പറയുകയും ചെയ്യുന്ന സ്വഭാവം ആര്‍ക്കും യോജിച്ചതല്ല.
ഈ തിരഞ്ഞെടുപ്പില്‍ മുന്നണി വ്യത്യാസമില്ലാതെതന്നെ, എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍പ്പെട്ട ബഹുഭൂരിപക്ഷം സ്ഥാനാർഥികളും എന്‍എസ്എസില്‍ വന്ന് സഹായം അഭ്യർഥിക്കുകയുണ്ടായി. തിരഞ്ഞെടുപ്പില്‍ ആര്‍ക്കും എതിരായ ഒരു നിലപാട് എന്‍എസ്എസ് സ്വീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പുദിവസത്തില്‍ ഉണ്ടായ എന്‍എസ്എസിന്റെ അഭിപ്രായപ്രകടനം വിവാദമാക്കിയെങ്കിലും യഥാർഥത്തില്‍ അത് ഏതെങ്കിലും ഒരു പാര്‍ട്ടിക്കോ മുന്നണിക്കോ എതിരായിരുന്നില്ല.
English Summary: NSS General Secretary G Sukumaran Nair criticises Opposition Leader VD Satheesan