ഇരുട്ടിലാകുമോ ഇന്ത്യയുടെ കളി; ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ ഫ്യൂസൂരി കെഎസ്ഇബി; ഞെട്ടി ക്രിക്കറ്റ് പ്രേമികൾ

Mail This Article
തിരുവനന്തപുരം ∙ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. 2.5 കോടി രൂപ കുടിശികയുണ്ടെന്നു പറഞ്ഞാണ് സ്റ്റേഡിയത്തിലെ വൈദ്യുതിബന്ധം വിഛേദിച്ചത്. 28ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്‍റി-20 ക്രിക്കറ്റ് മത്സരം നടക്കാനിരിക്കെയാണ് അപ്രതീക്ഷിത നടപടി.
നാല്‍പ്പതിനായിരത്തിലധികം കാണികളെ ഉല്‍ക്കൊള്ളാവുന്ന തരത്തിൽ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ ജോലികൾ പുരോഗമിക്കുകയാണ്. മത്സരങ്ങളില്ലാതെ കാടുപിടിച്ചു കിടന്ന സ്റ്റേഡിയം നവീകരിച്ചാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സജ്ജമാക്കിയത്. ട്വന്‍റി-20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയിലെ ആദ്യ മത്സരത്തിനാണ് കാര്യവട്ടം വേദിയാവുന്നത്.
ഗാലറിയുടെയും ഫ്ലഡ്‌ലൈറ്റ് സംവിധാനത്തിന്റെയും അറ്റകുറ്റപ്പണികള്‍ അവസാനഘട്ടത്തിലാണ്. 2019 ഡിസംബര്‍ എട്ടിനാണ് കാര്യവട്ടം സ്റ്റേഡിയത്തില്‍ അവസാന രാജ്യാന്തര മത്സരം നടന്നത്. അന്ന് ഇന്ത്യക്കെതിരെ വെസ്റ്റ്ഇന്‍ഡീസ് എട്ടു വിക്കറ്റിനു ജയിച്ചിരുന്നു. കേരളം കാത്തിരിക്കുന്ന മത്സരത്തിനു തൊട്ടുമുൻപ് കെഎസ്ഇബി ഫ്യൂസ് ഊരിയതിന്റെ ഞെട്ടലിലാണു ക്രിക്കറ്റ് പ്രേമികൾ.
English Summary: KSEB cut the electricity connection of Karyavattom Greenfield Stadium