‘സ്വകാര്യചിത്രവും വിഡിയോയും ഷാരോണിന്റെ ഫോണിൽ; പ്രതിശ്രുത വരന് നൽകുമെന്ന് ഭയം’

Mail This Article
തിരുവനന്തപുരം ∙ കാമുകി ഗ്രീഷ്മ (22) നൽകിയ കഷായവും ജൂസും കുടിച്ച് അവശനായ പാറശാല മുര്യങ്കര സ്വദേശി ഷാരോൺ രാജ് (23) മരിച്ച സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന സൂചന നൽകി പൊലീസ്. ഗ്രീഷ്‌മയുടെ അച്ഛനും അമ്മയും അമ്മയുടെ സഹോദരനും അമ്മയുടെ സഹോദരന്റെ മകളും കസ്റ്റഡിയിലാണ്. ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.
ഗ്രീഷ്മയുടെ കുടുംബത്തിനും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് ഷാരോണിന്റെ വീട്ടുകാരുടെ ആരോപണം. ഷാരോണിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് ഗ്രീഷ്മ പൊലീസിനോടു പറഞ്ഞത്. കോളജ് യാത്രയ്ക്കിടെയിലാണ് ഇരുവരും പ്രണയത്തിലായത്. മറ്റൊരു ചെറുപ്പക്കാരന്റെ വിവാഹ ആലോചന വന്നതോടെ ഗ്രീഷ്മ ഷാരോണിൽനിന്ന് അകലാൻ ശ്രമിച്ചു. വ്യത്യസ്ത ജാതിയിലുള്ളവരായതിനാൽ വീട്ടുകാർ സമ്മതിക്കില്ലെന്നും പിരിയാമെന്നും ഗ്രീഷ്മ പറഞ്ഞെങ്കിലും ഷാരോൺ തയാറായില്ല.
പ്രണയത്തിലായിരുന്നപ്പോൾ കൈമാറിയ ഫോട്ടോകളും വിഡിയോകളും ഷാരോണിന്റെ ഫോണിലുണ്ടായിരുന്നതായി ഗ്രീഷ്മ പറയുന്നു. ഇത് പ്രതിശ്രുത വരനു കൈമാറുമോയെന്ന് ഗ്രീഷ്മ ഭയന്നു. വിഡിയോകളും ഫോട്ടോകളും ഡിലീറ്റ് ചെയ്യാൻ പലതവണ അഭ്യർഥിച്ചിട്ടും അങ്ങനെ ചെയ്യാതെ വന്നതോടെ വൈരാഗ്യം ഉണ്ടായതായാണ് ഗ്രീഷ്മ പൊലീസിനോടു പറഞ്ഞത്. തുടർന്നാണ് വിഷം നൽകാൻ പദ്ധതിയിട്ടത്. സംശയം തോന്നാതിരിക്കാൻ ഷാരോണിനോട് കൂടുതൽ അടുക്കുകയും ചെയ്തു.
ഗ്രീഷ്മയുടെ അമ്മയുടെയും അച്ഛന്റെയും ബന്ധുക്കളുടെയും മൊഴികളിൽ വൈരുധ്യമുണ്ടെന്നു പൊലീസ് പറയുന്നു. ഇവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വ്യക്തത വന്നേക്കും. ഒരാൾക്കു മാത്രമായി കൊലപാതകം ചെയ്യാനാകില്ലെന്നാണ് പൊലീസിന്റെ നിഗമനം. വീട്ടുകാർക്ക് പങ്കില്ലെന്നാണ് ഗ്രീഷ്മ പൊലീസിനു നൽകിയ മൊഴിയെങ്കിലും മുഖവിലയ്ക്കെടുത്തിട്ടില്ല. ഷാരോണും സുഹൃത്തും ബൈക്കിൽ ഗ്രീഷ്മയുടെ വീട്ടിലേക്കു പോകുന്നത് ഗ്രീഷ്മയുടെ അമ്മ കണ്ടിരുന്നു.
ചാറ്റിൽ ഷാരോൺ ഇക്കാര്യം ഗ്രീഷ്മയോട് പറഞ്ഞിട്ടുമുണ്ട്. ഷാരോൺ വീട്ടിലെത്തിയത് അറിഞ്ഞില്ലെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. ഗ്രീഷ്മ ഇടയ്ക്ക് ഷാരോണിന്റെ വീടിനടുത്തുള്ള അമ്മാവന്റെ വീട്ടിൽ വന്നു താമസിച്ചിരുന്നു. കർഷകനായ അമ്മാവന്റെ വീട്ടിൽനിന്നാണ് ഗ്രീഷ്മയ്ക്കു കീടനാശിനി കിട്ടിയതെന്നാണ് വിവരം. കീടനാശിനി ബന്ധുക്കളാണോ നൽകിയതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
English Summary: Sharon Raj Murder: More arrest expected