‘വിസ്മയയുടെ ഭർത്താവിനെ പിരിച്ചുവിട്ടത് അഭിമാന നടപടി; കെഎസ്ആർടിസിയുടെ പ്രവർത്തനം ലാഭത്തിനല്ല, സേവനത്തിന്’
Mail This Article
തിരുവനന്തപുരം∙ സ്ത്രീധന പീഡനത്തെതുടർന്ന് മരിച്ച വിസ്മയയുടെ ഭർത്താവും കേസിലെ പ്രതിയുമായ മോട്ടർ വാഹന വകുപ്പിലെ എഎംവിഐ കിരൺ കുമാറിനെ പിരിച്ചുവിടാൻ കഴിഞ്ഞത് തന്നെ സംബന്ധിച്ച് അഭിമാനകരമായ നടപടിയായിരുന്നെന്ന് മുൻ ഗതാഗത മന്ത്രി ആന്റണി രാജു. മന്ത്രിസ്ഥാനം രാജിവച്ചശേഷം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മീറ്റ് ദ് പ്രസിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണം ആരംഭിച്ച് 46–ാം ദിവസം കിരൺ കുമാറിനെ പിരിച്ചുവിട്ടു. സർവീസ് റൂൾസിൽ അത്തരത്തിൽ വകുപ്പുണ്ടായിട്ടും ആദ്യമായാണ് പിരിച്ചു വിടാൻ നടപടിയെടുത്തത്. എത്രകാലം മന്ത്രിയായി എന്നതല്ല എന്തു ചെയ്തു എന്നതിലാണ് കാര്യമെന്നും ആന്റണി രാജു പറഞ്ഞു.
പ്രഫഷനലുകളെ ഉൾപ്പെടുത്തി കെഎസ്ആർടിസി ഡയറക്ടർ ബോർഡ് രൂപീകരിച്ചു. 12 വർഷമായി നടപ്പിലാക്കാതിരുന്ന ശമ്പള പരിഷ്കരണം നടപ്പിലാക്കി. കെഎസ്ആർടിസി സ്വിഫ്റ്റ് രൂപീകരിച്ചു. സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കാനുള്ള നടപടി ആരംഭിച്ചു. കെഎസ്ആർടിസിയുടെ 3150 കോടി രൂപയുടെ കടം 2293 കോടിയാക്കി കുറച്ചു. 2021–22 വരെയുള്ള ഓഡിറ്റ് പൂർത്തിയാക്കി. പ്രതിദിന വരുമാനം 9.5 കോടി സ്വന്തമാക്കി റെക്കോർഡിട്ടു. ഇന്ധന പമ്പുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച്, ബസില്ലാത്ത പല സ്ഥലങ്ങളിലും ഗ്രാമവണ്ടി പദ്ധതി നടപ്പിലാക്കി. റോഡ് ക്യാമറ വിവാദത്തിൽ പ്രതിപക്ഷ ആരോപണങ്ങൾ പൊളിഞ്ഞു. ഏത് കാര്യത്തിലും വിമർശനം ഉന്നയിക്കുന്ന പ്രതിപക്ഷ സമീപനം തിരുത്തണം. കേരളത്തിന്റെ പുരോഗതിക്കൊപ്പം പ്രതിപക്ഷം നിൽക്കണം. കെഎസ്ആർടിസി ലാഭത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനമല്ല, സേവനത്തിനായി പ്രവർത്തിക്കുന്നതാണ്. ലാഭ നഷ്ടം നോക്കി കെഎസ്ആർടിസിയെ വിലയിരുത്താൻ കഴിയില്ലെന്നും ആന്റണി രാജു പറഞ്ഞു.