തൃശൂർ ‘എടുക്കാൻ’ വീണ്ടും സുരേഷ് ഗോപി?; പ്രഖ്യാപനത്തിനു മുൻപേ ചുവരെഴുത്തുമായി പ്രവർത്തകർ

Mail This Article
തൃശൂർ∙ ലോക്സഭാ തിരഞ്ഞെടുപ്പും സ്ഥാനാർഥികളെയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, തൃശൂരിൽ ബിജെപി സ്ഥാനാർഥിയായി സുരേഷ് ഗോപിക്കായി ചുവരെഴുത്ത്. ബിജെപി പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്‍പേ നടനായി പ്രചാരണം തുടങ്ങിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു മുതൽ ‘തൃശൂരുകാരനാ’യി മാറിയ സുരേഷ് ഗോപി ഇത്തവണയും ഇവിടെനിന്ന് മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഇതിനിടെയാണ് തിരഞ്ഞെടുപ്പു പോലും പ്രഖ്യാപിക്കും മുൻപ് ചുവരെഴുത്തു തുടങ്ങിയത്.
തൃശൂർ ലോക്സഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണ മികച്ച മത്സരം കാഴ്ചവയ്ക്കാൻ സുരേഷ് ഗോപിക്കു സാധിച്ചിരുന്നു. സാധാരണ ബിജെപി ഒരു ലക്ഷം വോട്ടു നേടുന്ന മണ്ഡലത്തിൽ സുരേഷ് ഗോപി പിടിച്ചെടുത്തത് 2,93,000 വോട്ട്. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും പരീക്ഷണം നടത്തിയെങ്കിലും തോൽവി തന്നെ ഫലം. മാത്രമല്ല, രണ്ടു തവണയും മൂന്നാം സ്ഥാനത്തുനിന്ന് മുന്നേറാനും കഴിഞ്ഞില്ല. ഇതിനിടെയാണ് ഒരിക്കൽക്കൂടി സുരേഷ് ഗോപിയെ തൃശൂരിൽ നിർത്തി ബിജെപി തിരഞ്ഞെടുപ്പു പരീക്ഷണത്തിന് ഒരുങ്ങുന്നത്.
യുഡിഎഫിൽനിന്ന് ഇത്തവണയും സിറ്റിങ് എംപിയും കോൺഗ്രസ് നേതാവുമായ ടി.എൻ. പ്രതാപൻ തന്നെ തൃശൂരിൽ പോരിനിറങ്ങുമെന്നാണ് വിവരം. കഴിഞ്ഞ തവണ ഒരു ലക്ഷത്തിൽ താഴെ വോട്ടുകൾക്കാണ് പ്രതാപൻ ജയിച്ചുകയറിയത്. മുൻ കൃഷിമന്ത്രിയും തൃശൂരുകാർക്ക് പരിചിത മുഖവുമായ സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ എൽഡിഎഫ് സ്ഥാനാർഥിയാകാനാണ് സാധ്യത.