ADVERTISEMENT

ദേവികുളം∙ ഇനി സിപിഎമ്മിലേക്ക് ഇല്ലെന്ന് പാർട്ടിയുമായി രണ്ടു വർഷമായി അകന്നുനിൽക്കുന്ന ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ. അടഞ്ഞുകിടക്കുന്ന വാതിൽ അടഞ്ഞുതന്നെ കിടന്നോട്ടെയെന്ന് രാജേന്ദ്രൻ വ്യക്തമാക്കി. പക്ഷേ ഉപദ്രവിക്കാൻ ശ്രമിക്കരുത്. ഉപദ്രവിച്ചാൽ മറ്റു വഴി തേടേണ്ടി വരും. തനിക്കെതിരെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. ശശി വ്യാജ തെളിവുകളുണ്ടാക്കിയതായും രാജേന്ദ്രൻ ആരോപിച്ചു.

Read also: ഇ.പിക്ക് രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധം, അദ്ദേഹം പാർട്ണറെ തള്ളിപ്പറയില്ല: വി.ഡി. സതീശൻ

സിപിഎം അംഗത്വം പുതുക്കാൻ താൽപര്യമില്ലെന്ന് രാജേന്ദ്രൻ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. ചതിയന്മാർക്ക് ഒപ്പം പ്രവർത്തിക്കാൻ കഴിയില്ലെന്നും സിപിഎമ്മില്‍ താൻ തുടരരുതെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി. ശശി ആഗ്രഹിക്കുന്നുവെന്നും രാജേന്ദ്രൻ ചൂണ്ടിക്കാട്ടിയിരുന്നു.

രാജേന്ദ്രനെ ബിജെപിയിലെത്തിക്കാൻ ശ്രമം നടക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സിപിഎമ്മിലേക്ക് ഇനിയില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയം. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തതോടെയാണു രാജേന്ദ്രന്റെ ബിജെപി പ്രവേശനം സംബന്ധിച്ച പ്രചാരണം വ്യാപകമായത്. ബിജെപിയുടെ ചെന്നൈയിൽ നിന്നുള്ള ദേശീയനേതാവും പ്രാദേശിക നേതാക്കളും രാജേന്ദ്രനെ കഴിഞ്ഞ മാസം ഇക്കാനഗറിലെ വീട്ടിൽ വന്നു കണ്ടു ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷം സംസ്ഥാന നേതാക്കളും രാജേന്ദ്രനെ സമീപിച്ചിരുന്നു.

മൂന്നാറിലെ തോട്ടം മേഖലയിൽ രാജേന്ദ്രനു സ്വാധീനമുള്ള തമിഴ് മേഖലകളിലെ വോട്ടുകളാണു ബിജെപിയുടെ ലക്ഷ്യം. ഇതിനായി പാർട്ടിയിലെ സ്ഥാനങ്ങളും വാഗ്ദാനം നൽകിയിരുന്നു. ഇതറിഞ്ഞതോടെ സിപിഎം നേതാക്കളും രംഗത്തിറങ്ങി. കഴിഞ്ഞ ജനുവരി 24നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഫെബ്രുവരി 9നു ജില്ലാ സെക്രട്ടറി സി.വി.വർഗീസും രാജേന്ദ്രനെ കണ്ടു സംസാരിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ തോൽപിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണു രാജേന്ദ്രനെ സിപിഎം സസ്പെൻഡ് ചെയ്തത്. മൂന്നു തവണ എംഎൽഎയായിരുന്നു രാജേന്ദ്രൻ.

English Summary:

Ex-MLA S. Rajendran Breaks Ties with CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com