‘നാടുവിടുന്നവർ വേണ്ട, നേതാക്കൾ തമ്മിലടിക്കരുത്; നിയമസഭയിൽ മത്സരിക്കുന്നവർ കോർപറേഷനിലും മത്സരിക്കണം’

Mail This Article
തിരുവനന്തപുരം ∙ നിയമസഭയിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർ കോർപറേഷൻ തിരഞ്ഞെടുപ്പിലും മത്സരിക്കേണ്ടി വരുമെന്ന് സംസ്ഥാന നേതാക്കളോടും മുൻ എംഎൽഎമാരോടും കെ.സി.വേണുഗോപാൽ. തിരുവനന്തപുരം ഡിസിസിയുടെ കോർ കമ്മിറ്റി യോഗത്തിലായിരുന്നു നേതാക്കൾക്ക് കെ.സി. വേണുഗോപാലിന്റെ മുന്നറിയിപ്പ്. സീനിയർ നേതാക്കളും കോർപറേഷനിൽ മത്സരിക്കേണ്ടി വരും. അടിത്തറ കോർപറേഷനാണ്. വാർഡിലെ ജനങ്ങൾ കൂടെ നിന്നെങ്കിൽ മാത്രമേ നിയമസഭ പിടിക്കാനാകൂ. വാർഡുകളിൽ നിങ്ങളുടെ സേവനം ഉറപ്പാക്കണമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. മുൻ എംഎൽഎമാർ അടക്കം സീനിയർ ജൂനിയർ വ്യത്യാസമില്ലാതെ പ്രഗത്ഭരായ നേതാക്കൾ തിരുവനന്തപുരം കോർപറേഷനിലേക്ക് മത്സരിക്കുമെന്ന തരത്തിൽ കോൺഗ്രസിൽ ചർച്ച നടന്നതായി മനോരമ ഓൺലൈൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
‘‘മത്സരിച്ചു നാട് വിടുന്ന സ്ഥാനാർഥിയെ ആകരുത് വാർഡുകളിൽ നിർത്തേണ്ടത്. ജനങ്ങൾക്കൊപ്പം നിൽക്കുന്നവരെ വേണം മത്സരിപ്പിക്കേണ്ടത്. ഒരു തരത്തിലും നേതാക്കൾ തമ്മിലടിക്കരുത്. ഒരുമിച്ച് ഇരുന്നാൽ തീരുന്ന പ്രശ്നങ്ങളേയുള്ളൂ. പക്ഷേ ഇരിക്കാൻ നേതാക്കൾ തയാറാകുന്നില്ല. പല കാരണങ്ങളും പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്. ആ ഒഴിഞ്ഞുമാറൽ ഇനി വേണ്ട.’’ – കെ.സി. വേണുഗോപാൽ നേതാക്കൾക്ക് മുന്നറിയിപ്പു നൽകി.
ജില്ലയിലെ 1546 വാർഡ് കമ്മിറ്റികൾ കേന്ദ്രീകരിച്ച് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് തീരുമാനം. ഡിസിസി ഓഫിസിലെ വാർ റൂമിൽ നിന്നും എല്ലാ വാർഡ് കമ്മിറ്റികളിലെയും നേതാക്കളെ ഫോണിൽ വിളിച്ചു പ്രശ്നങ്ങൾ ചോദിച്ചറിയും. വാർഡുകളിൽ നടത്തുന്ന സാമുദായിക സർവേക്ക് മുൻഗണന നൽകിയാകും സ്ഥാനാർഥി പ്രഖ്യാപനം. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയ്ക്ക് എതിരെ കോടതിയെ സമീപിക്കാനും യോഗത്തിൽ തീരുമാനമായി.
ജില്ലയിലെ 14 നിയമസഭാ നിയോജക മണ്ഡലങ്ങളിലും രണ്ട് സീനിയർ നേതാക്കൾ വീതം 28 പേർക്ക് ചുമതല നൽകി. വാർഡ് പ്രസിഡന്റുമാരുമായി ഈ നേതാക്കൾ കൂടിക്കാഴ്ച നടത്തും. ഇതിനുശേഷം മണ്ഡല തലത്തിൽ ഡിസിസി പ്രസിഡന്റും എഐസിസി സെക്രട്ടറിയും ജില്ലയുടെ ചുമതലയുള്ള കെപിസിസി സെക്രട്ടറിയും വാർഡ് പ്രസിഡന്റുമാരുടെ യോഗങ്ങളിൽ പങ്കെടുക്കും. കെപിസിസിക്കും ഡിസിസിക്കും കിട്ടുന്ന പരാതികൾ നിയോജക മണ്ഡലം കോർകമ്മിറ്റി തന്നെ പരിഹരിക്കണമെന്ന് യോഗത്തിൽ തീരുമാനമായി. പാർട്ടിക്ക് അടിത്തറയില്ലാത്ത നേമം മണ്ഡലത്തിലെ പ്രവർത്തകരോട് ഡിസിസി ഓഫിസിൽ നേതാക്കൾ 6 മണിക്കൂറോളമാണ് പ്രശ്നപരിഹാര ചർച്ച നടത്തിയത്.