ADVERTISEMENT

കൽപറ്റ ∙ ഉരുൾപൊട്ടൽ ദുരന്തം അടക്കമുള്ള ദുരിതങ്ങളിൽനിന്നു കരകയറാൻ വഴി തേടുന്ന വയനാടിനെ പാടെ അവഗണിച്ച് കേന്ദ്ര ബജറ്റ്. ദുരന്തബാധിതരുടെ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് കേന്ദ്രസഹായം പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വന്യമൃഗ ആക്രമണം മൂലം വയനാട്ടിൽ ആളുകൾ കൊല്ലപ്പെടുന്നത് ദേശീയ തലത്തിൽ ചർച്ചയായെങ്കിലും വന്യമൃഗശല്യം കുറയ്ക്കാൻ പ്രത്യേക പദ്ധതിയോ ഫണ്ടോ അനുവദിച്ചില്ല. കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരെ സിപിഎമ്മും സിപിഐയും രംഗത്തെത്തിക്കഴിഞ്ഞു.

ഉരുൾപൊട്ടലിൽ 1,220 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. 1,555 വീടുകൾ പൂർണമായും വാസയോഗ്യമല്ലാതായി. 2,219 കോടി രൂപ ആവശ്യപ്പെട്ട് കേരളം പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ് പഠനം നടത്തി അപേക്ഷ നൽകിയിട്ടും കേന്ദ്ര സർക്കാർ അനുകൂല നിലപാട് എടുത്തില്ല. ദുരിതാശ്വാസത്തിനായി 219.23 കോടി രൂപയുടെ അടിയന്തര സഹായം അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യവും പരിഗണിച്ചില്ല. ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കൽപറ്റ, മേപ്പാടി എന്നിവിടങ്ങളിൽ സ്ഥലം ഏറ്റെടുത്ത് ടൗൺഷിപ് നിർമാണത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേന്ദ്രത്തിന്റെ നിലപാട് വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കുൾപ്പെടെ തിരിച്ചടിയാണ്. സംസ്ഥാന സർക്കാരിന് ഒറ്റയ്ക്ക് പുനരധിവാസം നടത്താൻ സാധിക്കാത്ത സാഹചര്യമാണ്. ഉരുൾപൊട്ടലുണ്ടായി അഞ്ചാം മാസമാണ് കേന്ദ്രം അതിതീവ്രദുരന്തമായി പ്രഖ്യാപിച്ചതുപോലും. ആ അവഗണന ബജറ്റിലും തുടർന്നു.

മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവ യുവതിയെ കൊന്നുതിന്നതുൾപ്പെടെ, വയനാട്ടിലെ വന്യമൃഗ ആക്രമണം ദേശീയശ്രദ്ധ നേടിയിരുന്നു. കൊല്ലപ്പെട്ട യുവതിയുടെ വീട് പ്രിയങ്ക ഗാന്ധി എംപി സന്ദർശിക്കുകയും വന്യമൃഗ ആക്രമണം തടയാൻ ഫണ്ടിന്റെ അഭാവം ഉണ്ടെന്നു വിലയിരുത്തുകയും ചെയ്തിരുന്നു. പാർലമെന്റിലുൾപ്പെടെ കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെടുമെന്നും അവർ അറിയിച്ചു. കഴിഞ്ഞ വർഷം കേന്ദ്ര വനംമന്ത്രി ഭൂപേന്ദർ യാദവ്  ജില്ലയിൽ സന്ദർശനം നടത്തിയിരുന്നു. വന്യമൃഗ ശല്യം കുറയ്ക്കാൻ മാർഗങ്ങൾ തേടുമെന്നു പറഞ്ഞിരുന്നെങ്കിലും ഈ വർഷവും അതു പരിഗണിച്ചില്ല.

കേന്ദ്ര സർക്കാരിന്റെ ആസ്പിരേഷനൽ ഡിസ്ട്രിക്ട് പദ്ധതിയിൽ കേരളത്തിൽനിന്ന് ഇടം നേടിയ ഏക ജില്ലയാണ് വയനാട്. ഉരുൾപൊട്ടലുണ്ടായപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാടു സന്ദർശിക്കുകയും സഹായവാഗ്ദാനം നൽകുകയും ചെയ്തു. അതുകൊണ്ടുതന്നെ കൂടുതൽ കേന്ദ്ര സഹായമുണ്ടാകുമെന്നും ബജറ്റിൽ പരിഗണന ലഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.

English Summary:

Wayanad's Plea Ignored: Central Government Neglect in Budget 2025, No Funds for Landslide Relief

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com