ഗോണ്ടുകളുടെ വരകൾക്ക് എന്താണിത്ര ചുവപ്പ്?
Mail This Article
നല്ല മഞ്ഞൾ വിളയാൻ ഗോണ്ട് ഗ്രാമങ്ങൾ അവരുടെ പൊന്നോമനകളെ നർമദാമാതായ്ക്ക് ബലി കൊടുക്കുമായിരുന്നു. ഇന്നു ഗോണ്ടുകളുടെ വരകളിൽ ആ ചരിത്രം പ്രതിഫലിക്കുന്നു... പല വരകളും കാലിക പ്രസക്തിയുള്ളതാകുന്നു...
പച്ചമഞ്ഞളിന്റെ നിറം ചുവപ്പാണ്, പറിച്ചെടുത്ത് ഒടിച്ചു നോക്കി മൂപ്പ് ഉറപ്പാക്കും. ചതച്ചു നീരെടുത്തു ചുണ്ണാമ്പു ചാലിക്കും. കടും നിറങ്ങളുടെ ചായക്കൂട്ടിനു പച്ചിലച്ചാറ് നീലവും കുങ്കുമവും കൂട്ടിയിളക്കും. അതുകൊണ്ടു ഗോണ്ടുകൾ സ്വപ്നങ്ങൾ വരച്ചിടും.ഇന്ത്യയിൽ ഏറ്റവും അധികം മഞ്ഞൾ കൃഷി ചെയ്യുന്ന ഗോത്ര സമൂഹമാണു നർമദാ തടത്തിലെ ‘ഗോണ്ട് വംശം’. വർഷത്തിൽ രണ്ടു തവണ വിളവെടുക്കും. മഞ്ഞളിന്റെ ഗുണനിലവാരമാണു ഗോണ്ടുകളുടെ ഐശ്വര്യം. നല്ല മഞ്ഞൾ വിളയാൻ ഓരോ ഗോണ്ട് ഗ്രാമങ്ങളും അവരുടെ പൊന്നോമനകളെ നർമദാമാതായ്ക്കും ബലികൊടുക്കും– നരബലി.
1500 വർഷം പഴക്കമുള്ള ആചാരമാണത്. രാജ്യത്ത് ഏറ്റവും അധികം നരബലികൾ നടത്തിയ സമൂഹം. ബ്രിട്ടിഷ് ഇന്ത്യയുടെ ഗവർണർ ജനറലായിരുന്ന ലോർഡ് ഹെൻറി ഹാഡിംജ് നേരിട്ട് ഇടപെട്ട 1845 വരെ ഈ ദുരാചാരം തുടർന്നു. നരബലി നിരോധിച്ചു നിയമം പാസാക്കി അന്ധവിശ്വാസങ്ങളെ തടയാൻ കഴിയില്ലെന്ന തിരിച്ചറിവ് ലോർഡ് ഹാഡിംജ് എന്ന പട്ടാള മേധാവിക്കുണ്ടായിരുന്നു.
നർമദാ തടത്തിലെ തെലങ്കാന മുതൽ മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് വഴി ഇന്ത്യയുടെ നല്ലൊരു ഭൂഭാഗം മുഴുവൻ വ്യാപിച്ചു കിടന്ന ഗോത്രമാണു ഗോണ്ടുകൾ. അവർക്കു തിരിച്ചറിവുണ്ടാക്കി മനസ്സു മാറ്റണം. അല്ലെങ്കിൽ രഹസ്യമായി നരബലികൾ തുടരും.
രാസവളം ബ്രിട്ടനിൽ നിന്നും ജൈവവളം ആഫ്രിക്കയിൽ നിന്നും ലോർഡ് ഹാഡിംജ് നർമദാതടത്തിലേക്ക് ഇറക്കുമതി ചെയ്തു. ഈ വളമിട്ടു മഞ്ഞൾ നടാൻ ഗോണ്ടുകളെ പഠിപ്പിച്ചു. അവർ അത്ഭുതപ്പെട്ടു. അതുവരെ ലഭിച്ചതിലും നല്ല മഞ്ഞൾ, ചുടുചോര വാർന്നു വീഴാത്ത മണ്ണിലും വിളഞ്ഞു.
ആചാരമൂഢതയുടെ പാപഭാരം അവരെ തളർത്തി. നല്ല വിളവിനു വേണ്ടി ബലികൊടുത്ത പൊന്നോമനകളുടെ ഓർമകളിൽ ഗോണ്ട് ഗ്രാമങ്ങൾ വിതുമ്പി. ആഭിചാരികളായ പൂജാരിമാർ ബലിക്കല്ലിൽ ആത്മാഹുതി ചെയ്തു. ചുരിയ സൽവാഹ് ഗ്രാമത്തിലെ മുഖ്യൻ ആത്മഹത്യ ചെയ്യുന്നതിന്റെ ചിത്രങ്ങൾ വർഷങ്ങളോളം ഗോണ്ടുകൾ വരച്ചു. അവരുടെ കലയിൽ ബലിബിംബങ്ങൾ തെളിഞ്ഞു.
2022 ഒക്ടോബർ 14 (ഡേവിഡ് ഹാൾ ആർട്ട് ഗാലറി, ഫോർട്ട്കൊച്ചി)
ഇരട്ടനരബലിക്കേസിന്റെ ഞെട്ടിക്കുന്ന വാർത്തകളുടെ ഒത്ത നടുവിലേക്കാണ് 11 ഗോണ്ടുകൾ വന്നിറങ്ങിയത്. ഇലന്തൂർ കേസുമായി ഇവരുടെ വരവിന് എന്തെങ്കിലും ബന്ധമുണ്ടാവുമെന്ന വന്യമായ സംശയത്തോടെയാണ് അവരെ നോക്കിയത്. നാരായൻ ധീൻ പ്രധാൻ, രാം സിങ് ഉർവട്ടി, നാഗുഷ്യ ശ്യാം, ആനന്ത് ശ്യാം, ജാപാനി ശ്യാം, പ്രസാദ് കൂസ്രാം, ശാക്കുൻലത കുഷ്രാം, കാമിലി കുഷ്രാം, സച്ചിൻ ടേകാം, സുശീല ശ്യാം, ധനയ്യാ ശ്യാം എന്നിവരാണു ഗോണ്ട് സംഘത്തിലുള്ളത്. ഇവരുടെ ചിത്ര പ്രദർശനമാണ് ഡേവിഡ്ഹാൾ ആർട്ട് ഗാലറിയിൽ നടക്കുന്നത്. വൈറ്റ് റോസ് ഫൗണ്ടേഷനാണു പ്രദർശനം സംഘടിപ്പിക്കുന്നത്.
ബ്രിട്ടിഷ് നരവംശ ശാസ്ത്രജ്ഞൻ ജോർജ് തോമസ് ബെറ്റാനിയുടെ (1891) ആദിമ മതങ്ങൾ (പ്രിമിറ്റിവ് റിലീജിയൻ) എന്ന പഠന ഗ്രന്ഥത്തിലും ബ്രിട്ടിഷ് സഞ്ചാരി അന്ന ഹാരിയറ്റ് ലിയോവൻസിന്റെ (1884) ‘ലൈഫ് ആൻഡ് ട്രാവൽ ഇൻ ഇന്ത്യ ബിഫോർ ദ് ഡെയ്സ് ഓഫ് റെയിൽറോഡ്’ എന്ന സഞ്ചാര പ്രബന്ധത്തിലും ഗോണ്ടുകളുടെ അന്ധവിശ്വാസങ്ങളും നരബലികളും രേഖപ്പെടുത്തിയിട്ടുണ്ട്. ബലിദൃശ്യങ്ങളുടെ രേഖാചിത്രവുമുണ്ട്.
ഫോർട്ട്കൊച്ചിയിൽ തങ്ങുന്ന ഗോണ്ടുകളുമായി നേരിട്ടു സംസാരിക്കാൻ ഒറ്റ വഴി മാത്രമേ കണ്ടുള്ളു. ചിത്രകാരനും ലളിതകലാ അക്കാദമിയുടെ മുൻ ചെയർമാനുമായ തൃപ്പൂണിത്തുറ സ്വദേശി ടി.എ. സത്യപാലൻ. അതീവരഹസ്യമായി ഇപ്പോഴും മൃഗബലികൾ നടക്കുന്ന ഗോണ്ട് ഉൾഗ്രാമങ്ങളിൽ അവർക്കൊപ്പം മാസങ്ങളോളം ജീവിച്ചിട്ടുണ്ട് സത്യപാലൻ. മികച്ച ഗോണ്ട് കലാകരന്മാരെ കണ്ടെത്തി ചിത്രങ്ങൾ വരപ്പിച്ചു പുറംലോകത്തിനു കാണിച്ചു കൊടുത്തതും സത്യപാലാണ്.
അദ്ദേഹം പരിചയപ്പെടുത്തിയ ഗോണ്ടുകളുടെ ജീവിതം മറ്റൊന്നാണ്. ഗോത്ര വംശീയതയുടെ ബലിയടയാളങ്ങൾ ആർട്ട് ഗാലറിയിലെ ചിത്രങ്ങളിൽ കണ്ടു. രാം സിങ് ഉർവട്ടിയുടെ ചിത്രങ്ങളുടെ മറയത്ത് ഉപേക്ഷിക്കപ്പെട്ട ഒരു ‘മഴു’ ബിംബമായി കാണാം. പ്രദർശനത്തിന്റെ കവാടചിത്രം സച്ചിൻ ടേകാമിന്റേതാണ്– ബലിമൃഗങ്ങളുടെ അറ്റ തലയ്ക്കു വേരുപിടിക്കുന്നതും അതൊരു വനമായി വളരുന്നതുമാണു തീം.
ഈ ചിത്രങ്ങൾക്ക് ഇലന്തൂരിനെക്കാൾ അടുപ്പം കടമ്മനിട്ടയോടാണ്. ഇടനെഞ്ചിൽ പന്തം കുത്തിയ കാട്ടാളനും, ഇടിമിന്നൽ പൂക്കുന്ന വാനവും, ആകാശത്തു ചത്തുകിടക്കുന്ന അച്ഛനും, മുല പാതി മുറിഞ്ഞവൾ കനലായ ആറ്റിൻകരയും, ആനകേറാമലേൽ ആടുകേറാമലേൽ ആയിരം കാന്താരി പൂത്തതും... ഗോണ്ട് ചിത്രങ്ങളുടെ കാവ്യ തർജമകളാണ്. അവർ കടമ്മനിട്ട കവിതകൾ കേട്ടിട്ടില്ല. പടയണി കണ്ടിട്ടില്ല.
പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിനും കടമ്മനിട്ടയ്ക്കും ഇടയിലെ കേവല ദൂരം 11 കിലോമീറ്ററാണ്. ഡേവിഡ്ഹാൾ ആർട്ട് ഗാലറിയിലെ ചിത്രങ്ങളിൽ നിന്ന് ഇലന്തൂരിലേക്കു നൂറ്റാണ്ടുകളുടെ ഗോത്രദൂരമുണ്ട്. മറക്കാൻ ആഗ്രഹിക്കുന്ന നരബലിക്കഥകൾ പേരിനെങ്കിലും പറയാൻ തയാറായതു ഗോണ്ട് ചിത്രകാരൻ വെങ്കട് ശ്യാമാണ്. ബലി വിഷയമാക്കിയ സ്വന്തം ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.
നരബലിയും ഗോണ്ടുകളും
∙ മഞ്ഞൾകൃഷിയാണ് കുലത്തൊഴിൽ, നല്ല വിളവിനുവേണ്ടിയാണ് രണ്ടു നൂറ്റാണ്ടു മുൻപ് ഇവർ നരബലി നടത്തിയിരുന്നത്.
∙ ഗ്രാമത്തിന് ഏറ്റവും പ്രിയപ്പെട്ട സ്ത്രീകൾ കുട്ടികൾ പുരുഷന്മാർ എല്ലാവരെയും നർമദാദേവിക്കു ബലി കൊടുത്തിരുന്നു. പലപ്പോഴും ഗ്രാമമുഖ്യന്റെ മക്കളെ തന്നെ ബലികൊടുക്കുമായിരുന്നു. നമുക്ക് ഉള്ളതിൽ ഏറ്റവും മികച്ചതിനെ ദൈവത്തിനു കൊടുക്കുകയെന്ന രീതിയായിരുന്നു അത്.
∙ ബലി പൂർത്തിയാക്കിയാൽ ശരീരം ഭാഗിച്ച് എല്ലാ മഞ്ഞൾപ്പാടങ്ങളിലും കുഴിച്ചിട്ടു രക്തം തളിക്കും. ഇതോടെ നല്ല ചുവപ്പ് നിറമുള്ള മഞ്ഞൾ വിളയും ഗോണ്ടുകൾക്ക് അഭിവൃദ്ധിയുണ്ടാവും, ഇതായിരുന്നു അന്ധവിശ്വാസം.
നല്ല മഞ്ഞൾ വിളയാനുള്ള വളം കിട്ടിയതോടെ അന്ധവിശ്വാസം പൊളിഞ്ഞു. ദുരാചാരം ഇല്ലാതായി.
ജൺഗഡ് സിങ്ങിന്റെ ആത്മബലി
ഗോണ്ടുകളുടെ കൂട്ടത്തിലെ മികച്ച കലാകാരനായിരുന്നു ജൺഗഡ് സിങ് ശ്യാം. ജപ്പാനിലെ ഒരു ആർട്ട് ഗാലറി മാനേജർ മധ്യപ്രദേശിൽ വന്നു ജൺഗഡിനെ ജപ്പാനിലേക്കു കൂട്ടിക്കൊണ്ടുപോയി. ചിത്രങ്ങൾ വരപ്പിച്ചു. അവർക്കു വലിയ വിലകിട്ടിയതോടെ. ജൺഗഡിനെ നിർബന്ധിച്ചു ചിത്രങ്ങൾ വരപ്പിക്കാൻ ശ്രമിച്ചു. അത്തരം വരകൾ ഗോത്രരീതികൾക്കു നിരക്കുന്നതല്ലെന്നു പറഞ്ഞു മടങ്ങാൻ ഒരുങ്ങിയ ജൺഗഡിനെ അവർ ആർട്ട് ഗാലറിയിൽ പൂട്ടിയിട്ടു ചിത്രങ്ങൾ വരപ്പിച്ചു.
മനംനൊന്ത് ആർട്ട് ഗാലറിക്കുള്ളിൽ ജൺഗഡ് സിങ് ശ്യാം കലയ്ക്കു വേണ്ടി ആത്മബലി നടത്തി. ജൺഗഡിന്റെ ഇഷ്ട രാജ്യമായ ജപ്പാന്റെ പേരുതന്നെയാണു ഭാര്യ നാഗുഷ്യ ശ്യാം അവരുടെ മകൾക്കിട്ടത്– ‘ജാപ്പാനി ശ്യാം’. നാഗുഷ്യയും ജാപ്പാനിയും വരച്ച ഗോണ്ട് ചിത്രങ്ങളും ഫോർട്ടുകൊച്ചിയിൽ പ്രദർശനത്തിനുണ്ട്.
English Summary: Special Story on Gond Painting