കാബൂളിവാലയുടെ കണ്ണീർ തോരുന്നില്ല

Mail This Article
ഇവിടെ പറയാൻ പോകുന്ന കഥ നിങ്ങളിൽ ചിലർ വായിച്ചിരിക്കും. വായിച്ചിട്ടില്ലാത്തവർക്കു വേണ്ടി പറയുകയാണ്. കഥ നടക്കുന്നത് ഒരു നൂറ്റാണ്ടു മുമ്പാണ്. കൊൽക്കത്തയിലെ ഒരു തെരുവിൽ ഒരു വീടിനു മുന്നിൽ ഉണക്ക മുന്തിരിയും അണ്ടിപ്പരിപ്പും വിൽക്കുന്ന, തലപ്പാവണിഞ്ഞ ഒരു കച്ചവടക്കാരൻ തലയിൽ പഴക്കുട്ടയും തോളിൽ മാറാപ്പുമായി പ്രത്യക്ഷപ്പെടുന്നു. ജനാലയ്ക്കൽ നിന്നുകൊണ്ട് നാലുവയസ്സുകാരി മിനി അയാളെ കൈകാട്ടി വിളിക്കുന്നു. അയാൾ സ്നേഹത്തോടെ അടുത്തു ചെന്നപ്പോൾ അവൾ പേടിച്ച് അകത്തേക്ക് ഓടിയൊളിച്ചു. അയാൾ പിള്ളേരെപിടുത്തക്കാരൻ ആണെന്നും മാറാപ്പിനുള്ളിൽ തന്നെപ്പോലുള്ള കുട്ടികൾ ആണെന്നും മിനിയെ വീട്ടുകാർ ഭയപ്പെടുത്തി.
മിനിയുടെ പിതാവ് വീടിനു പുറത്തുവന്നു കച്ചവടക്കാരനെ പരിചയപ്പെടുന്നു. കുടുംബം പുലർത്താനായി അഫ്ഗാനിസ്ഥാനിൽനിന്ന് എത്തിയ റഹ്മത് എന്ന കച്ചവടക്കാരനായിരുന്നു അയാൾ. അച്ഛൻ സ്നേഹപൂർവം മകളെ അടുത്തു വിളിച്ച് റഹ്മത്തിനു പരിചയപ്പെടുത്തി. തനിക്കും ഈ പ്രായത്തിൽ ഒരു മകൾ ഉണ്ടെന്ന് റഹ്മത് പറയുന്നു. അന്നു മുതൽ റഹ്മത്തും മിനിയും ചങ്ങാതിമാരായി. മിനി റഹ്മത്തിനെ കാബൂളിവാലാ എന്നു വിളിച്ചു, റഹ്മത് അവളെ മിനിക്കുട്ടി എന്നും. സായാഹ്നങ്ങളിൽ അവർ ഒന്നിച്ചിരുന്നു കളിച്ചു. തമാശ പറഞ്ഞു. റഹ്മത് മിനിക്ക് ഉണങ്ങിയ പഴങ്ങൾ നൽകി. അതിനയാൾ ഒരിക്കലും പണം വാങ്ങിയില്ല. ഒരു ദിവസമെങ്കിലും റഹ്മത്തിനെ കണ്ടില്ലെങ്കിൽ മിനിക്കും മിനിയെ കണ്ടില്ലെങ്കിൽ റഹ്മത്തിനും ഉറക്കം വരാതായി. അങ്ങകലെ കാബൂളിൽ കഴിയുന്ന തന്റെ മകൾക്കുള്ള സ്നേഹം മുഴുവൻ റഹ്മത് മിനിയുടെമേൽ ചൊരിഞ്ഞു.
അങ്ങനെയിരിക്കെ ഒരു ദിവസം റഹ്മത്തിന് ഒരു ദുരന്തം നേരിടുന്നു. താൻ നിക്ഷേപമായി ഏൽപിച്ച പണം തിരികെ നൽകാൻ വിസമ്മതിച്ച ഒരാളുമായി റഹ്മത്ത് വഴക്കുണ്ടാക്കുന്നു. അയാളുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിൽ റഹ്മത്തിന്റെ കുത്തേറ്റ് അയാൾ മരിക്കുന്നു. കോടതിയിൽ റഹ്മത് കുറ്റം ഏറ്റുപറഞ്ഞു. അയാൾ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെടുന്നു. 13 വർഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അയാൾ മിനിയെ കാണാനുള്ള ആകാംക്ഷയോടെ അവളുടെ വീട്ടിലെത്തുന്നു. അവിടെ അന്നൊരു വിവാഹം നടക്കുകയാണ്; മിനിയുടെ വിവാഹം.
റഹ്മത്തിന്റെ രൂപവും ഭാവവും കണ്ടപ്പോൾ അയാളുടെ മുന്നിലേക്കു മിനിയെ വിളിക്കാൻ ആദ്യം മാതാപിതാക്കൾ അറച്ചു നിന്നു. ഒടുവിൽ നിർബന്ധിച്ചപ്പോൾ നവവധുവിനെ റഹ്മത്തിന്റെ മുന്നിൽ ഹാജരാക്കി. പക്ഷേ മിനി അയാളെ തിരിച്ചറിയുന്നില്ല. തന്റെ മിനിക്കുട്ടി മാറിപ്പോയത് റഹ്മത് തിരിച്ചറിയുന്നു. അവളുടെ പഴയ നിഷ്കളങ്ക സ്നേഹം തനിക്കിനി തിരിച്ചു കിട്ടില്ലെന്നു റഹ്മത് ഒരു തേങ്ങലോടെ അറിഞ്ഞു. അയാൾ കാബൂളിലെ തന്റെ മകളെ ഓർത്തു. അവളും ഇപ്പോൾ ഇത്രയും വളർന്ന് കല്യാണപ്രായമായിരിക്കാം. നിറഞ്ഞ മിഴികളും തകർന്ന മനസ്സുമായി അയാൾ മിനിയുടെ മുന്നിൽ നിന്നിറങ്ങി. റഹ്‌മത്തിന്റെറെ അവസ്ഥയിൽ അലിവു തോന്നിയ മിനിയുടെ മാതാപിതാക്കൾ മകളുടെ കല്യാണത്തിന് കരുതി വച്ചിരുന്ന തുകയിൽ ഒരു വിഹിതം അയാൾക്ക് നൽകുന്നു. കാബൂളിൽ പോയി എത്രയും വേഗം മകളെ കാണാൻ ആശംസിക്കുന്നു.

മനുഷ്യജീവിതത്തിന്റെ ഒട്ടേറെ ഗതിവിഗതികൾ അനാവരണം ചെയ്യുന്ന ഈ കഥ എഴുതിയത് മഹാനായ രബീന്ദ്രനാഥ ടഗോറാണ്. സ്കൂളിൽ ഈ കഥ പഠിക്കുമ്പോൾ അഫ്ഗാനിസ്ഥാൻ എവിടെയാണെന്നോ ടഗോർ ആരാണെന്നോ അറിയില്ലായിരുന്നു. പക്ഷേ മനസ്സിന്റെ കോണിലെവിടെയോ ഒരു കണ്ണുനീർത്തുള്ളിയായി കാബൂളിവാല ഉറഞ്ഞുകിടന്നു..
ഇന്ന് താലിബാന്റെ ഉരുക്കുമുഷ്ടിക്കുള്ളിൽ അമർന്നു പോയ അഫ്ഗാൻ ജനതയുടെ അവസ്ഥ കാണുമ്പോൾ കാബൂളിവാല ഒരു നേർത്ത നൊമ്പരമായി വീണ്ടും മനസ്സിൽ നിറയുന്നു.
പാസ്പോർട്ടും വീസയുമില്ലാതെ ഒരു കാലത്ത് അതിർത്തി കടന്നു വന്ന കാബൂളിവാലമാരുടെ കഥകൾ അതിരുകളില്ലാത്ത മാനവികതയുടെ കഥകളാണ്. രാഷ്ട്രീയവും മതഭ്രാന്തും മാനവരാശിയെ പല ചേരികളായി തിരിക്കുമ്പോഴും കാബൂളിലും ഡൽഹിയിലും കൊൽക്കത്തയിലും ഇങ്ങ് കൊച്ചിയിലെ കുസാറ്റ് സർവകലാശാലയിലും വരെ നാം ആ മാനവികതയുടെ ചിറകിനുള്ളിൽ കാബൂളിവാലമാരെ ഇപ്പോഴും സംരക്ഷിക്കുന്നു.
റഹ്മത്തിന്റെ അനന്തര തലമുറയിൽപെട്ട കാബൂളിലെ പെൺകുട്ടികളെ ഓർത്ത് നാം കണ്ണീർ പൊഴിക്കുന്നു. മനുഷ്യർ മാനവികതയുടെ കുടക്കീഴിൽ ഒന്നാണെന്ന സത്യം ലോകത്തെ ബോധ്യപ്പെടുത്തുന്നു.
അന്ന് കാബൂളിവാലമാർ കൊൽക്കത്തയിൽ വന്നത് ജീവിതമാർഗ്ഗം തേടിയാണെങ്കിൽ ഇന്ന് ജീവനും കൊണ്ട് കാബൂളിൽനിന്ന് പലായനം ചെയ്യുന്ന കാബൂളിവാലമാരെയാണ് നാം കണ്ടത്. താലിബാന്റെ തലപ്പത്തുള്ള ആമീർ ഖാൻ മുത്തഖിയും മുല്ല അബ്ദുൽ ഗനി ബറാദറുമൊക്കെ നാളെ അഫ്ഗാൻ ജനതയ്ക്കു മേൽ എന്ത് ദുരന്തമാണ് ഒരുക്കിവയ്ക്കാൻ പോകുന്നത് എന്നറിയില്ല.
ഭരണത്തിനു മേൽ ഭീകരവാദം താണ്ഡവ നൃത്തം ചവിട്ടുമ്പോൾ അഫ്ഗാനിസ്ഥാനിലെയും ഇന്ത്യയിലെയും ശരാശരി മനുഷ്യന്റെ ചിന്തയും പ്രവൃത്തിയും മനുഷ്യസ്നേഹത്തിൽ അധിഷ്ഠിതമാണെന്ന സത്യം മറന്നു കൂടാ. അതുതന്നെയാകട്ടെ അഫ്ഗാൻ ജനതയോടുള്ള ഇന്ത്യയുടെയുടെ സമീപനവും.
Content Summary : Thalakuri - 129 years since Rabindranath Tagore wrote 'Kabuliwala'