ബാലസോർ ദുരന്തം: ഓർമകളിൽ വീണ്ടും പെരുമണ്ണിന്റെ കണ്ണീർ
Mail This Article
ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിന്റെ വാർത്ത കേൾക്കുമ്പോൾ എല്ലാവരും കേരളത്തെ നടുക്കിയ പെരുമൺ ദുരന്തത്തെ ഓർക്കുന്നു. 1988 ജൂലൈ എട്ടിനു നടന്ന ആ അപകടം റിപ്പോർട്ട് ചെയ്ത ലേഖകൻ എന്ന നിലയിൽ മറക്കാനാവാത്ത ചില ഓർമകൾ എനിക്കുമുണ്ട്. ബംഗളൂരുവിൽനിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്ന ഐലൻഡ് എക്സ്പ്രസ് ട്രെയിൻ കൊല്ലത്തിനു തൊട്ടു മുമ്പായി പെരുമൺ കായലിൽ വീണത് ഉച്ചയ്ക്ക് 2.20 ന്. അന്ന് തിരുവനന്തപുരത്ത് മനോരമ ബ്യൂറോയിൽ ഉണ്ടായിരുന്ന എനിക്ക് ചീഫ് ന്യൂസ് എഡിറ്റർ തോമസ് ജേക്കബ് നൽകിയ ദൗത്യം അപകടത്തിൽപെട്ട യാത്രക്കാരുടെ പട്ടിക സംഘടിപ്പിക്കുക എന്നതായിരുന്നു. ബോഗികൾ പലതും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. വെള്ളത്തിൽനിന്ന് പൊങ്ങിവന്നതും പൊക്കിയെടുത്തതുമായ മൃതദേഹങ്ങളും പരുക്കേറ്റവരെയും ആശുപത്രികളിൽ എത്തിച്ചു കൊണ്ടിരിക്കുന്നു. മരിച്ചവരുടെ വിവരങ്ങൾ കിട്ടുക വളരെ ദുഷ്കരം.
കായംകുളം വരെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെല്ലാം ട്രെയിനിൽനിന്ന് ഇറങ്ങിപ്പോയിരിക്കും എന്നതിനാൽ, അതിനുശേഷം ഉള്ളവരുടെ പട്ടികയാണ് വേണ്ടത്. അതായത്, കൊല്ലത്തിനും തിരുവനന്തപുരത്തിനും ഇടയ്ക്കുള്ള സ്റ്റേഷനുകളിലേക്ക് ബുക്ക് ചെയ്തവരുടെ പേരുകൾ. ഇന്റർനെറ്റ് ബുക്കിങ് സംവിധാനം ഇല്ലാത്ത അക്കാലത്ത് അതു സംഘടിപ്പിക്കുക അത്ര എളുപ്പമായിരുന്നില്ല.
ട്രെയിൻ പുറപ്പെട്ട ബെംഗളൂരു ഡിവിഷനൽ ഓഫിസിൽ നിന്നു മാത്രമേ ആ പേരുകൾ ലഭിക്കുകയുള്ളൂ. ബെംഗളൂരുവിൽനിന്ന് പട്ടിക സംഘടിപ്പിക്കുക അന്ന് എളുപ്പമായിരുന്നില്ല. തിരുവനന്തപുരം മനോരമ ഓഫിസിന് അടുത്തുള്ള തൈക്കാട് റെയിൽവേ ഡിവിഷനൽ ഓഫിസിൽനിന്നു പട്ടിക സംഘടിപ്പിക്കാൻ നോക്കണമെന്ന് തോമസ് ജേക്കബ് സാർ. പെട്ടെന്ന് അവിടെയുള്ള ഡിവിഷൻ പബ്ലിക് റിലേഷൻ മാനേജർ ടൈറ്റസ് കോശിയെ ഓർമ വന്നു. ഡിവിഷനൽ ഓഫിസ് പരിസരത്ത് എത്തുമ്പോൾ, ആരുടെയോ കയ്യിൽ ഇരിക്കുന്ന ട്രാൻസിസ്റ്റർ റേഡിയോയിൽനിന്ന് രാമചന്ദ്രന്റെ ദുഃഖസാന്ദ്രമായ ശബ്ദത്തിൽ പ്രാദേശിക വാർത്തയിൽ ട്രെയിന്‍ അപകടത്തിന്റെ വിവരണം. ഭാഗ്യം, ടൈറ്റസ് കോശി ഓഫിസിലുണ്ട്. അദ്ദേഹം ബെംഗളൂരുവിൽ വിളിച്ച്, ഐലൻഡ് എക്സ്പ്രസിൽ തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിൽ റിസർവ് ചെയ്തിരുന്നവരുടെ ലിസ്റ്റ് ടെലിപ്രിന്റർ വഴി എടുത്തു തന്നു. അദ്ദേഹം തന്നെ അപകടത്തിൽപ്പെട്ട ബോഗികളുടെ നമ്പരും സംഘടിപ്പിച്ചു. ആ ബോഗികളിൽ ബുക്ക് ചെയ്തിരുന്നവരുടെ ലിസ്റ്റ് പ്രത്യേകം എടുത്തു. അപകടത്തിൽപ്പെട്ട ട്രെയിനുകളിൽ ബുക്ക് ചെയ്തിരുന്നവരുടെ പട്ടിക പിറ്റേ ദിവസത്തെ മനോരമയിൽ മാത്രം. അപകടത്തിൽപ്പെട്ടവരിൽ തങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടോ എന്ന് പെട്ടെന്ന് അറിയാൻ പലർക്കും അത് ഉപകരിച്ചു.
പത്രങ്ങൾക്കു വെല്ലുവിളി ഉയർത്തി കേരളത്തിൽ ആദ്യമായി ടെലിവിഷൻ വിഡിയോ സഹിതം റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ വലിയ സംഭവമായിരുന്നു പെരുമൺ ദുരന്തം. അന്നു വൈകുന്നേരത്തെ തിരുവനന്തപുരം ദൂരദർശൻ വാർത്തയിൽ കൊല്ലത്ത് കായലിൽ മുങ്ങിക്കിടക്കുന്ന ബോഗികളുടെയും രക്ഷാപ്രവർത്തനം നടത്തുന്നവരുടെയും വിഡിയോ ദൃശ്യങ്ങൾ കണ്ട് ജനം അദ്ഭുതപ്പെട്ടു. ഒപ്പം അന്നത്തെ താരമായിരുന്ന ജോൺ ഉലഹന്നാന്റെ ദൃക്സാക്ഷി വിവരണവും. ദുരന്തത്തിന്റെ ദൃശ്യങ്ങൾ സഹിതം വാർത്ത കണ്ട ജനങ്ങളെ പിറ്റേന്ന് ചാനലിൽ കാണാത്ത എന്തു വാർത്തകളുമായി സമീപിക്കാം എന്നതായിരുന്നു മനോരമ ഉൾപ്പെടെ പത്രങ്ങൾ നേരിട്ട വെല്ലുവിളി. അതിന്റെ ഭാഗമായാണ് അപകടത്തിൽപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ച് മനോരമ ഒരു പടി മുന്നിൽ നിന്നതും.
ദുരന്തം റിപ്പോർട്ട് ചെയ്യാൻ പെരുമണ്ണിൽ പോകേണ്ടിവന്നു. ആദ്യദിവസം അപകടവും മരിച്ചവരുടെയും പരുക്കേറ്റവരുടെയും വിവരങ്ങളുമായിരുന്നു വാർത്തയെങ്കിൽ പിറ്റേന്ന് ദുരന്തത്തിൽ പെട്ടവരുടെ സങ്കടങ്ങൾ (ഹ്യൂമൻ ഇന്ററസ്റ്റ് വാർത്തകൾ) ആയിരുന്നു ഞങ്ങൾ തേടിയത്. രക്ഷാപ്രവർത്തനത്തിന് എത്തിയ പിതാവിന് മകന്റെ മൃതദേഹം കായലിൽനിന്നു പൊക്കി എടുക്കേണ്ടി വന്നത്, ഭർത്താവ് രക്ഷപ്പെട്ടപ്പോൾ ഭാര്യ ദുരന്തത്തിൽ മരിച്ചത്, ഒരു കുടുംബത്തിലെ മൂന്നു തലമുറകൾ വേരറ്റു പോയത്, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ ഭാര്യ ബെറ്റിയും മകൻ അശോകും മുങ്ങിത്താഴുന്ന ബോഗിയിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത് (മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ വിവാഹത്തിൽ പങ്കെടുക്കാൻ കുണ്ടറയ്ക്കു പോകാൻ എത്തിയതായിരുന്നു ബെറ്റിയും അശോകും).
തുടർന്നുള്ള ദിവസങ്ങളിലും അപകടവുമായി ബന്ധപ്പെട്ട അസാധാരണമായ വാർത്തകളുണ്ടായി. കുഞ്ഞിന്റെ മൃതദേഹം മാറിപ്പോയതിനെ തുടർന്ന്, തങ്ങളുടെ കുഞ്ഞെന്നു കരുതി മാതാപിതാക്കൾ തമിഴ്നാട്ടിൽ കൊണ്ടുപോയി അടക്കം ചെയ്ത മൃതദേഹം യഥാർഥ മാതാപിതാക്കൾ അവിടെ പോയി തിരിച്ചെടുത്തു കൊണ്ടുവന്നു സ്വന്തം മണ്ണിൽ അടക്കിയത്. ട്രെയിനപകടത്തിൽ മരിച്ചുവെന്ന് കരുതിയ ഗൃഹനാഥനെ പാലായിലെ വീട്ടിൽ കൊണ്ടുപോയി സംസ്കരിച്ച് ആറുമാസം കഴിഞ്ഞ് അയാൾ ജീവനോടെ തിരിച്ചുവന്ന സംഭവം. തുടർന്ന് അടക്കിയ മൃതദേഹം ആരുടേത് എന്നറിയാനുള്ള അന്വേഷണം. അങ്ങനെ ഒരു വൻ ദുരന്തത്തിൽ സംഭവിക്കാവുന്ന ഒട്ടേറെ വിചിത്രമായ കഥകൾ. 275 പേർ മരിച്ച ട്രെയിൻ അപകടത്തിൽ ഇതുപോലെയുള്ള എത്രയെത്ര നാടകീയ സംഭവങ്ങൾ നടക്കാനിരിക്കുന്നു.
പെരുമൺ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച റെയിൽവേ സുരക്ഷാ കമ്മിഷണർ അപകടകാരണമായി കണ്ടെത്തിയത് ടൊർണാഡോ എന്ന ചുഴലിക്കാറ്റിനെയാണ്. തുമ്പിക്കൈ പോലെ ആകാശത്തുനിന്ന് താഴേക്ക് ഇറങ്ങിവരുന്ന ഒരു ചുഴലിക്കാറ്റ് പെരുമൺ പാലത്തിൽ വച്ച് ട്രെയിനെ തൂക്കിയെടുത്തു കായലിലേക്കു തള്ളിയിട്ടു എന്നായിരുന്നു കമ്മിഷന്റെ കണ്ടെത്തൽ. എന്നാൽ അന്നത്തെ ക്രൈം ബ്രാഞ്ച് ഫൊറൻസിക് ലാബിലെ ശാസ്ത്രജ്ഞൻ ഡോ.വിഷ്ണു പോറ്റിയാണ് ടോർണാഡോ തിയറി പൊളിച്ചത്.
അപകടം നടന്നതിന്റെ പിറ്റേദിവസം, ദുരന്തത്തിന്റെ തുടർന്നുള്ള റിപ്പോർട്ടുകൾക്കായി ഞാൻ പെരുമണ്ണിൽ എത്തിയിരുന്നു. ആ സമയം വിഷ്ണു പോറ്റി ഒരു ലെൻസുമായി ട്രാക്കിൽ കുത്തിയിരുന്നു പരിശോധിക്കുന്നുണ്ടായിരുന്നു. വിഷ്ണു പോറ്റിയുടെ ശാസ്ത്രീയ തെളിവുകൾ പ്രകാരം, പാലത്തിൽ എത്തുന്നതിനു മുമ്പ് ട്രെയിനിന്റെ എൻജിൻ പാളം തെറ്റിയിരുന്നതായി സ്ഥിരീകരിച്ചു. പാളം തെറ്റിയ എൻജിൻ തിരികെ പാലത്തിൽ കയറി പാലം കടക്കും വരെ ഓടിയെന്നും പിന്നിലെ ബോഗികൾ പാലത്തിൽനിന്നു മറിയുകയായിരുന്നു എന്നുമായിരുന്നു കണ്ടെത്തൽ. അതോടെ പാലത്തിൽ വച്ച് ‘ടൊർണാഡോ’, ബോഗികൾ കായലിലേക്ക് തള്ളിയിട്ടു എന്ന വാദം പൊളിഞ്ഞു.
അതേസമയം തീവണ്ടിയപകടത്തിന്റെ യഥാർഥ വില്ലനെ റെയിൽവേ ഇനിയും കണ്ടെത്തിയിട്ടില്ലതാനും. എന്തുകൊണ്ട് പാലത്തിൽ എത്തും മുമ്പ് എൻജിൻ പാളം തെറ്റി? ട്രാക്കിൽ പണി നടക്കുന്നുണ്ടായിരുന്നു എന്നും തീവണ്ടി അമിതവേഗത്തിൽ ആയിരുന്നു എന്നും വാർത്തകൾ വന്നെങ്കിലും അതെല്ലാം സുരക്ഷാ കമ്മിഷണറുടെ ടൊർണാഡോ സിദ്ധാന്തത്തിൽ മുങ്ങിപ്പോയി. എങ്കിലും ഒരു കാര്യം ചരിത്രത്തിന്റെ ഭാഗമായി ഉണ്ട്. ദൂരദർശന്റെ ലൈവ് ടെലികാസ്റ്റിങ്ങിനെയും തോൽപിച്ചുകൊണ്ട് അപകട കാരണത്തിലേക്കു പുതിയ വെളിച്ചം വീശുന്ന വാർത്തകളുമായി പത്രം മുന്നിൽത്തന്നെ നിന്നു.
Content Summary: Thalakuri Column on Peruman Train Accident