നവരാത്രിക്കാലത്തെ പ്രധാന നിവേദ്യം തൃമധുരം

Mail This Article
നാവിൻതുമ്പിൽ ആദ്യാക്ഷര മധുരം കനിഞ്ഞിറങ്ങുന്ന വിദ്യാരംഭത്തിന് ഇനി ദിവസങ്ങൾ മാത്രം. നവരാത്രി തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയിലും നേപ്പാളിലും ഇത് ഉത്സവ കാലം. ചിലർക്ക് വിജയദശമി, ചിലയിടത്ത് ദസറ, കേരളത്തിൽ നവരാത്രി. എല്ലാ ഉത്സവങ്ങളെയും പോലെ നവരാത്രിക്കും ഭക്ഷണപ്രിയരെ തേടിയെത്തുന്നത് മധുര വിഭവങ്ങളാണ്. നവരാത്രിക്ക് അൽപം നിയന്ത്രിതമായ രീതിയിലുള്ള മധുരമാണെന്നു മാത്രം. തേനാണ് നവരാത്രിക്കാലത്തെ രുചി കൂട്ടുകളിൽ മുഖ്യം. തേനിൽ മോതിരം മുക്കി നാവിൽ അക്ഷരമെഴുതുന്നതു മാത്രമല്ല, പൂജാ വേളയിൽ പ്രധാന നിവേദ്യമായ തൃമധുരത്തിന്റെ കൂട്ടിലും തേനാണ് പ്രധാനം.
തൃമധുരമാണ് നവരാത്രിക്കാലത്തെ പ്രധാന നിവേദ്യം എന്നതറിയാമല്ലോ. ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവം തൃമധുരമാണെന്നാണ് വിശ്വാസം. തിരുമധുരം, ത്രിമധുരം എന്നൊക്കെ പല രീതികളിലും വിളിക്കാറുണ്ട് കക്ഷിയെ.
നിർമാണത്തിലെ ലാളിത്യം. അതിനപ്പുറം പ്രകൃതിയിൽ ഏറ്റവും പരിശുദ്ധമെന്ന് പഴമക്കാർ കരുതിയിരുന്ന മൂന്നു മധുരച്ചേരുവകൾ. ഇവ സമം ചേരുമ്പോൾ പിറക്കുന്ന തൃമധുരം ഏറ്റവും പരിശുദ്ധമായ നിവേദ്യമെന്നാണ് വിശ്വാസം. ദ്ധമായ തേനും ജൈവ രീതിയിൽ കൃഷി ചെയ്ത പഴവും കിട്ടുമെങ്കിൽ നമുക്കൊന്നു തൃമധുരമുണ്ടാക്കി നോക്കാം...
രുചിക്കുറിപ്പ്
ഏഴോ എട്ടോ രീതികളിൽ തൃമധുരം ഉണ്ടാക്കുന്ന പതിവുണ്ട്. ചേരുവകളിലെ നേരിയ വ്യത്യാസം മാത്രമാണ് ഇതിനെല്ലാം ഉള്ളത്.
തേനും കൽക്കണ്ടവും ഉണക്ക മുന്തിരിയും ചേർത്തുണ്ടാക്കുന്നതാണ് ആദ്യത്തെ രീതി. തേനും കദളിപ്പഴവും മുന്തിരിയും ചേർത്തുണ്ടാക്കുന്നത് മറ്റൊരു രീതി. തേനും കദളിപ്പഴവും കൽക്കണ്ടവും ചേർത്തും തൃമധുരം ഉണ്ടാക്കാം. ഇതേ കൂട്ടുകളിൽ തേനിനു പകരം നറുനെയ്യ് ചേർക്കാവുന്നതാണ്. കൽക്കണ്ടത്തിനു പകരം ശർക്കര ചേർക്കുകയുമാവാം.
പാത്രത്തിൽ ചെറുതായരിഞ്ഞ പഴം ആദ്യമെടുക്കുക. ഇതിനും മുകളിൽ മുന്തിരിയോ കൽക്കണ്ടമോ ചേർക്കുക. അവസാനം ചേരുവകളുടെ നിരപ്പൊപ്പിച്ചു നെയ്യോ തേനോ ചേർക്കുക.
ഹെൽത് ടിപ്
അധികമായാൽ അമൃതും വിഷം എന്നാണു ചൊല്ല്. പ്രസാദം തൊട്ടു നക്കാൻ മാത്രം എന്നാണ് പഴമക്കാരുടെ കണക്ക്. അത് വലിച്ചു വാരി കഴിച്ചാൽ കുഴപ്പമാണ്. തൃമധുരം കഴിക്കുമ്പോൾ ഇതൊന്നും മറക്കണ്ട!