സൂപ്പർഹിറ്റാകുമോ കേരളത്തിന്‍റെ സ്വന്തം വൈന്‍; അടുത്ത മാസം വിപണിയിൽ

Mail This Article
സുല, ഫ്രാറ്റെല്ലി, ഗ്രോവർ സാമ്പ, കെആർഎസ്എംഎ, യോർക്ക്, വല്ലോൺ, ബിഗ് ബനിയൻ തുടങ്ങി വൈവിധ്യമാര്‍ന്ന വൈന്‍ ബ്രാന്‍ഡുകള്‍ ഇന്ത്യയിലുണ്ട്. മഹാരാഷ്ട്രയാണ് രാജ്യത്തെ പ്രധാന വൈൻ ഉത്പാദന മേഖല. ഇനി മറുനാട്ടില്‍ നിന്നും വരുന്ന വൈനിനോട് കിടപിടിക്കാന്‍ കേരളത്തിന്‍റെ സ്വന്തം വൈന്‍ പുറത്തിറക്കിയിരിക്കുകയാണ് കേരള കാർഷിക സർവകലാശാല. ഇത് അടുത്തമാസം വിപണിയില്‍ എത്തും.
കേരളത്തില്‍ ധാരാളമായി കിട്ടുന്ന തനതു പഴങ്ങള്‍ ഉപയോഗിച്ചാണ് വൈന്‍ ഉണ്ടാക്കുന്നത്. കശുമാങ്ങ വൈൻ, പൈനാപ്പിൾ വൈൻ, ബനാന വൈൻ എന്നിങ്ങനെ മൂന്നുരുചികളില്‍ ആണ് ഇവ ഉടന്‍ എത്തുന്നത്. 'നിള'എന്ന പേരില്‍ പുറത്തിറക്കുന്ന ഈ വൈന്‍ ബ്രാന്‍ഡ്, സംസ്ഥാനത്ത് ആദ്യമായി എക്സൈസ് അംഗീകാരം ലഭിക്കുന്ന വൈൻ നിർമാണ യൂണിറ്റാണ്.
വകുപ്പ് മേധാവി ഡോ. സജി ഗോമസിന്‍റെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിനൊടുവിൽ വൈൻ നിർമാണത്തിന് 2023 ൽ ലൈസൻസ് ലഭിച്ചു. പിന്നീട്, കർണാടക സർക്കാരിന്‍റെ ഗ്രേപ് ആൻഡ് വൈൻ ബോർഡിന്‍റെ സർട്ടിഫിക്കറ്റ് ലഭിച്ചു. അതിനു ശേഷം, രാജ്യത്തെ മികച്ച വൈൻ നിർമാതാക്കളിലൊന്നായ മഹാരാഷ്ട്രയിലെ ‘സുല’യിൽനിന്നും അംഗീകാരം ലഭിച്ചതോടെയാണു വ്യാവസായിക നിർമാണത്തിലേക്ക് എത്തിയത്.
കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര കാർഷിക കോളജിനു കീഴിലുള്ള പോസ്റ്റ് ഹാർവസ്റ്റ് ടെക്നോളജി വകുപ്പാണ് വൈൻ ഉൽപന്നങ്ങളുടെ ഗവേഷണവും നിർമാണവും നടത്തുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യബാച്ചില്‍ 500 കുപ്പി വൈനാണ് നിര്‍മിച്ചത്. കാർഷിക കോളജ് പരിസരത്ത് തന്നെയുള്ള ഉൽപാദന യൂണിറ്റില്‍ 125 ലീറ്റർ വൈനാണ് ഓരോ മാസവും ഉൽപാദിപ്പിക്കുക.
ആദ്യഘട്ടത്തിൽ ബവ്റിജസ് കോർപറേഷന്‍റെ പ്രീമിയം കൗണ്ടർ വഴിയാകും വിൽപന. 750 മില്ലിലീറ്റർ കുപ്പിക്ക് 1000 രൂപയിൽ താഴെയാകും വില. ബനാനയിലും പൈനാപ്പിളിലും 12.5% വീതവും കാഷ്യൂവിൽ 14.5 ശതമാനവുമാണ് ആൽക്കഹോളിന്‍റെ അളവ്.
ബനാന വൈൻ നിർമാണത്തിന് പാളയംകോടൻ പഴവും, പൈനാപ്പിള്‍ വൈനിന് മൗറീഷ്യസ് ഇനത്തിലുള്ള പൈനാപ്പിളുമാണ് ഉപയോഗിക്കുന്നത്. 'വാഴക്കുളം ഇനം; എന്നും അറിയപ്പെടുന്ന മൗറീഷ്യസ് പൈനാപ്പിൾ ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ പാകമാകുന്നു. മധുരവും സൗരഭ്യവും കൂടുതലുള്ള ഇനമാണ് ഇത്.
മണ്ണാർക്കാട്ടെ പ്ലാന്റേഷൻ കോർപറേഷന്‍റെ തോട്ടത്തിൽ നിന്നുള്ള കശുമാങ്ങ ഉപയോഗിച്ചാണ് കശുമാങ്ങ വൈന്‍ ഉണ്ടാക്കുന്നത്. ഇവ കൂടാതെ, കൂഴച്ചക്ക, ചക്ക, തേങ്ങാവെള്ളം, ഞാവൽ പഴം, ജാതിക്കയുടെ തൊണ്ട് എന്നിവയിൽ നിന്നും വൈന്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
ഒരു ബാച്ച് വൈന്‍ ഉണ്ടാക്കാന്‍ ഏഴുമാസമെടുക്കും. ഒരുമാസം പഴച്ചാര്‍ പുളിപ്പിക്കുന്നതിനും ആറുമാസം പാകപ്പെടുത്തുന്നതിനും വേണ്ടിവരും.