ADVERTISEMENT

കൊച്ചി∙ ശബരിമല വിമാനത്താവളത്തിന്റെ വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കാൻ ഫ്രഞ്ച് സംരംഭമായ അസിസ്റ്റെം സ്റ്റൂപ്പിനെ കെഎസ്ഐഡിസി ചുമതലപ്പെടുത്തി. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതു മുതൽ മുടങ്ങിയിരുന്ന നടപടികൾക്കാണ് പെരുമാറ്റച്ചട്ടം പിൻവലിച്ചതോടെ ജീവൻവച്ചത്.

ശബരിമല വിമാനത്താവളത്തിന്റെ സാങ്കേതിക, സാമ്പത്തിക സാധ്യതാ റിപ്പോർട്ട് (ടെക്നോ ഇക്കോണമിക് ഫീസിബിലിറ്റി റിപ്പോർട്ട്) രാജ്യാന്തര കൺസൽറ്റന്റുകളായ ലൂയി ബ്ഗർ 2022 ജൂണിൽ തന്നെ നൽകിയിരുന്നു. അതിനുശേഷം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറൻസും പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയും ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതിയും ലഭിച്ചു. പരിസ്ഥിതി അനുമതിയാണ് ഇനി ലഭിക്കേണ്ടത്. സെന്റർ ഫോർ മാനേജ്മെന്റ് സ്റ്റഡീസ് (സിഎംഡി) നിയോഗിച്ച വിദഗ്ധ സമിതി സാമൂഹികാഘാത പഠനവും നടത്തി.

ആദ്യ 3 അനുമതികളും ലഭിച്ചാൽ വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കാം. വ്യോമയാന മന്ത്രാലയത്തിന്റെ തത്വത്തിലുള്ള അംഗീകാരം കൂടി ലഭിച്ചാൽ മാത്രമേ നിർമാണവുമായി മുന്നോട്ടു പോകാൻ കഴിയൂ. അതിനായി അപേക്ഷിക്കേണ്ടത് ഡിപിആർ ഉൾപ്പെടെയാണ്. ഡിപിആറിന് ടെൻഡർ ക്ഷണിക്കുകയും സ്റ്റൂപ് കൺസൽറ്റന്റ്സ് മുന്നിലെത്തുകയും ചെയ്തിരുന്നു. അതിനിടെ സ്റ്റൂപ്പിനെ ഫ്രഞ്ച് കൺസൽറ്റന്റായ അസിസ്റ്റെം ഏറ്റെടുത്തു. ഇനി അസിസ്റ്റെം സ്റ്റൂപ് എന്ന ഫ്രഞ്ച് സംരംഭമായിരിക്കും ഡിപിആർ തയാറാക്കുക. 6 മാസത്തിനകം സമർപ്പിക്കണം. ജിഎസ്ടി ഉൾപ്പെടെ 4.36 കോടി രൂപയാണു ചെലവ്.

വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറൻസിന് 2 വർഷത്തേക്കാണ് കാലാവധി. സൈറ്റ് ക്ലിയറൻസ് കിട്ടിയത് 2023 ഏപ്രിൽ 13നായതിനാൽ 2025 ഏപ്രിൽ 12നകം ഡിപിആർ ഉൾപ്പെടെ അപേക്ഷിച്ച് തത്വത്തിൽ അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്. ഇനി 10 മാസം മാത്രം. ഇല്ലെങ്കിൽ ഇതുവരെ കിട്ടിയ അനുമതികളെല്ലാം ലാപ്സാകും.

നിർമാണത്തിന് വിമാനത്താവള കമ്പനി (എസ്പിവി) രൂപീകരിക്കേണ്ടതുമുണ്ട്. ചെറുവള്ളി എസ്റ്റേറ്റും അടുത്തുള്ള സ്വകാര്യ ഭൂമിയും ചേർത്ത് 2410 ഏക്കർ ഏറ്റെടുക്കാൻ കഴിഞ്ഞ മാർച്ചിൽ വിജ്ഞാപനം ചെയ്തിരുന്നു. പക്ഷേ, അതിനെതിരെ എസ്റ്റേറ്റ് ഉടമസ്ഥരായ അയന ചാരിറ്റബിൾ സൊസൈറ്റി ഹൈക്കോടതിയിൽ നിന്ന് സ്റ്റേ നേടി.

English Summary:

Sabarimala Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com