ADVERTISEMENT

ആഭരണ പ്രിയർക്കും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്ക് ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും അൽപം ആശ്വാസം നൽകി സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 6,705 രൂപയായി. 80 രൂപ താഴ്ന്ന് 53,640 രൂപയാണ് പവൻ വില. ഇന്നലെ വിലയിൽ മാറ്റമുണ്ടായിരുന്നില്ല.

രാജ്യാന്തര വില ചാഞ്ചാട്ടത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് ഇന്ന് കേരളത്തിൽ വില കുറഞ്ഞത്. 18 കാരറ്റ് സ്വർണ വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,550 രൂപയായി. അതേസമയം, വെള്ളിക്ക് ഗ്രാമിന് ഒരു രൂപ വർധിച്ച് വില 93 രൂപയിലെത്തി.

സ്വർണ വില കുറയുന്നത് ബുക്കിങ്ങിനുള്ള അവസരമായി പ്രയോജനപ്പെടുത്താമെന്ന് നിരീക്ഷകർ പറയുന്നു. കാരണം, ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്ക വൈകാതെ അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്നതിനാൽ സ്വർണ വില വരുംദിവസങ്ങളിൽ കൂടിയേക്കാമെന്നാണ് വിലയിരുത്തലുകൾ. അതുകൊണ്ട്, വിവാഹാവശ്യത്തിന് ഉൾപ്പെടെ വൻതോതിൽ ആഭരണങ്ങൾ വാങ്ങുന്നവർക്ക് മുൻകൂർ ബുക്കിങ് പ്രയോജനപ്പെടുത്താവുന്നതാണ്. 

ഒട്ടുമിക്ക പ്രമുഖ ജ്വല്ലറികളും ഈ സൗകര്യം നൽകുന്നുണ്ട്. ഒരുമാസം മുതൽ ഒരുവർഷം വരെ ബുക്കിങ് കാലയളവും ലഭ്യമാണ്. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ വിലയുടെ നിശ്ചിത ശതമാനം തുക മുൻകൂർ നൽകി ബുക്ക് ചെയ്യാം. ബുക്ക് ചെയ്ത ദിവസത്തെ വില, വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്ത്, ഏതാണോ കുറവ് ആ വിലയ്ക്ക് സ്വർണാഭരണങ്ങൾ സ്വന്തമാക്കാമെന്നതാണ് നേട്ടം. അതായത്, ബുക്ക് ചെയ്തശേഷം വില കൂടിയാലും ഉപയോക്താവിനെ ബാധിക്കില്ല.

എന്തുകൊണ്ട് വിലയിൽ ചാഞ്ചാട്ടം?
 

അമേരിക്കയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) ഇക്കഴിഞ്ഞ ഏപ്രിൽ-ജൂൺപാദത്തിൽ പ്രതീക്ഷകളെ കടത്തിവെട്ടി 3% വളർന്നിട്ടുണ്ട്. ഉപഭോക്തൃ വിപണിയും മികച്ച നേട്ടമാണ് കുറിച്ചത്. കഴിഞ്ഞദിവസം വരെ പൗണ്ടും യെന്നും ഉൾപ്പെടെ ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരെ 100.5 നിലവാരത്തിലായിരുന്ന യുഎസ് ഡോളർ ഇൻഡെക്സ്, ‍ജിഡിപി മെച്ചപ്പെട്ട പശ്ചാത്തലത്തിൽ 101.40ലേക്ക് കയറി. യുഎസ് സർക്കാരിന്റെ 10-വർഷ ട്രഷറി ബോണ്ട് യീൽഡും (കടപ്പത്ര ആദായനിരക്ക്) നേരിയതോതിൽ ഉയർന്ന് 3.868 ശതമാനത്തിലെത്തി.

Image : Shutterstock/PradeepGaurs
Image : Shutterstock/PradeepGaurs

ജിഡിപി മെച്ചപ്പെടുന്നതും ഡോളറും ബോണ്ട് യീൽഡും കൂടുന്നതും സ്വർണ വിലയെ താഴേക്ക് നയിക്കേണ്ടതാണ്. എന്നാൽ, കേന്ദ്രബാങ്കായ യുഎസ് ഫെഡറൽ റിസർവ് അടുത്തമാസത്തോടെ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയുള്ളതിനാൽ രാജ്യാന്തര സ്വർണ വില ഔൺസിന് 2,510 ഡോളറിന് മുകളിൽ തന്നെ തുടരുകയാണ്. ഒരുവേള വില 2,527 ഡോളർ വരെ ഉയർന്നെങ്കിലും താഴേക്കിറങ്ങി 2,513 ഡോളറിലെത്തി.

പലിശ കുറയ്ക്കാനുള്ള സാധ്യതയ്ക്ക് മങ്ങലേൽക്കുന്നില്ലെങ്കിൽ വില വൈകാതെ 2,550 ഡോളർ വരെ എത്തിയാക്കാമെന്ന് നിരീക്ഷകർ പ്രവചിക്കുന്നു. എന്നാൽ, പലിശ കുറയ്ക്കുന്നത് നീട്ടിവയ്ക്കുകയോ പ്രതീക്ഷിച്ചതിലും താഴെ മാത്രം ഇളവ് അനുവദിക്കുകയോ ചെയ്താൽ വില 2,470 ഡോളർ വരെ താഴ്ന്നേക്കാമെന്നും കരുതപ്പെടുന്നു. അതായത്, വരുംദിവസങ്ങളിലും സ്വർണ വിലയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.

ഇന്നൊരു പവൻ ആഭരണ വില
 

ജിഎസ്ടിയും ഹോൾമാർക്ക് ഫീസും പണിക്കൂലിയും കൂടി ചേരുമ്പോഴേ സ്വർണാഭരണ വിലയാകൂ. ഇന്ന് പവൻ വില 53,640 രൂപ. മൂന്ന് ശതമാനമാണ് ജിഎസ്ടി. ഹോൾമാർക്ക് ഫീസ് 53.10 രൂപ (45 രൂപ+18% ജിഎസ്ടി). പണിക്കൂലി ഓരോ ജ്വല്ലറി ഷോറൂമിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല. ബ്രാൻഡഡ് ആഭരണങ്ങൾക്ക് പണിക്കൂലി 20-30% വരെയുമാകാം. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്ന് 57,976 രൂപ കൊടുത്താൽ കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാം. ഇന്നലെ വാങ്ങൽ വില 58,153 രൂപയായിരുന്നു.

English Summary:

Offering a slight relief to jewelry enthusiasts and those planning purchases for weddings and other occasions, gold prices witnessed a minor dip today.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com