ഇന്‍ഷൂറന്‍സ് ക്ലെയിമുകള്‍ക്ക് കാത്തിരിപ്പ് അവസാനിക്കുന്നു
Mail This Article
ഇന്‍ഷൂറന്‍സ് പോളിസി ക്ലെയിമുകളിലെ കാലതാമസം പലപ്പോഴും ഇടപാടുകാര്‍ക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. പണം മുടക്കി പോളിസി എടുത്ത് മുടക്കം കൂടാതെ അടച്ച് ക്ലെയിമിന് വേണ്ടി വാതിലുകള്‍ മുട്ടേണ്ട സ്ഥിതിയാണ് പലപ്പോഴും. ഇതിന് പരിഹാരം കാണുന്നതിനുള്ള നടപടിയെടുക്കുകയാണ് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി( ഐ ആര്‍ ഡി എ ഐ). ഇതിന്റെ ഭാഗമായി അപകടം, വാഹനം, ആരോഗ്യം, യാത്ര, സൈബര്‍ പോളിസികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ വേഗത്തിലാക്കാന്‍ ഐ ആര്‍ ഡി എ ഐ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത്തരം പോളിസികളുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ക്ക് നിലവിലുള്ള അസസിംഗ് സംവിധാനം പൂര്‍ണമായും നിര്‍ത്തലാക്കുന്നതിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പലപ്പോഴും ലൈസന്‍സ് ഉള്ള സര്‍വേയര്‍മാര്‍ വഴിയാണ് ഇത്തരം അസസ്‌മെന്റ് നടത്തിയിരുന്നത്. ഇതാണ് പൂര്‍ണമായും നിര്‍ത്തലാക്കുന്നത്. വാഹന ഇന്‍ഷൂറന്‍സില്‍ മോഷണം, തേര്‍ഡ് പാര്‍ട്ടിയ്ക്കുണ്ടാവുന്ന അപകടം, മരണം എന്നിവയുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ക്ക് പൂര്‍ണമായും സര്‍വേയര്‍മാരെ ഒഴിവാക്കും. കൂടാതെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കീഴിലുള്ള കാര്‍ഷിക ഇന്‍ഷൂറന്‍സുകളെയും അസസ്‌മെന്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിള നാശം,വിള നഷ്ടം, മരങ്ങളുടെ നാശം,തോട്ടങ്ങള്‍ക്കുണ്ടാവുന്ന വിളനഷ്ടം എന്നിവയെല്ലാം പുതിയ നിര്‍ദ്ദേശത്തിന്റെ പരിധിയില്‍ വരും.
കാത്തിരിപ്പ് ഒഴിവാക്കും
നേരത്തെ ഇത്തരം ക്ലെയിമുകള്‍ക്ക് ബന്ധപ്പെട്ട കമ്പനി സര്‍വേയര്‍മാരെ സ്‌പോട്ടിലയയ്ക്കുകയും അവരുടെ റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കുകയുമായിരുന്നു ചെയ്തിരുന്നത്. ഇത് കാലതാമസമുണ്ടാക്കിയിരുന്നു. മുകളില്‍ പറഞ്ഞവ കൂടാതെ വീഡിയോ,ചിത്രങ്ങള്‍ എന്നിങ്ങനെയുള്ള ഡോക്യുമെന്ററി തെളിവുകള്‍കൊണ്ട് നഷ്ടം കണക്കാക്കാന്‍ കഴിയുന്ന ക്ലെയിമുകള്‍ക്കും നിര്‍ദ്ദേശം ബാധകമായിരിക്കും. പോലീസ് റിപ്പോര്‍ട്ട്, റെയില്‍വെ പോലുള്ള അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകൾ തുടങ്ങിയവ ക്ലെയിമിന് മതിയായ തെളിവുകളായി അംഗീകരിക്കാനും നിര്‍ദ്ദേശത്തില്‍ പറയുന്നു.
അപകട ഇന്‍ൂഷൂറന്‍സ് അടക്കമുള്ളവയുടെ ക്ലെയിം സെറ്റില്‍മെന്റ് നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി സെല്‍ഫ് അസസ്മെന്റ് പരിധി ഉയര്‍ത്തികൊണ്ട് കഴിഞ്ഞ ആഴ്ച ഐ ആർ ഡി എ തീരുമാനമെടുത്തിരുന്നു. വാഹനാപകടങ്ങളുടെ ക്ലെയിമിന്റെ കാര്യത്തില്‍ നിലവില്‍ ഉപഭോക്താവിന് സ്വയം വിലയിരുത്തി ഇന്‍ഷൂറന്‍സ് കമ്പനിയ്ക്ക് റിപ്പോര്‍ട്ട് നല്‍കാവുന്ന പരിധി 50,000 രൂപയായിരുന്നു. അതുപോലെ അഗ്‌നിബാധ,ഭവന ഇന്‍ഷൂറന്‍സ് എന്നിവയ്ക്ക് ഈ പരിധി 10,0000 വും. ഇത് യഥാക്രമം 75,000 വും 15,0000 വും ആയിട്ടാണ് ഉയര്‍ത്തിയത്.
അസസ്‌മെന്റില്‍ നിന്ന് ഒഴിവാക്കുന്നവ
∙ വാഹന ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട് മോഷണം, തേര്‍ഡ് പാര്‍ട്ടിക്കുണ്ടാവുന്ന അപകടം, മരണം എന്നിവയ്ക്ക് സര്‍വേയര്‍ അസസ്‌മെന്റ് ബാധകമല്ല.
∙ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയുടെ കീഴില്‍ വരുന്ന ട്രാവല്‍, പേഴ്‌സണല്‍ ആക്‌സിഡന്റ് ക്ലെയിമുകള്‍.
∙ജ്വല്ലറി പോലുളള സ്വകാര്യ സ്വത്തുക്കളുടെ മോഷണവുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍.
∙ സൈബര്‍ ഇന്‍ഷൂറന്‍സ് പോളിസികളുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍.
∙ വായ്പ ഇന്‍ഷൂറന്‍സ്തുടങ്ങിയവ.
∙ നിലവില്‍ അംഗീകരിക്കപ്പെട്ട കീഴ് വഴക്കമനുസരിച്ചോ പരസ്പര സമ്മതത്തോടെയോ ക്ലെയിം തുക നിശ്ചിയിക്കപ്പെടുന്ന കേസുകളിലും പുതിയ നിര്‍ദ്ദേശം ബാധകമാണ്.