വിൽപ്പന നിർത്താതെ ഫണ്ടുകൾ, എവിടെയാണ് രക്ഷ? തകർച്ച തുടരുമോ? ആശങ്കയിൽ നിക്ഷേപകർ
Mail This Article
ദീപാവലി ദിനത്തിൽ നേട്ടം കുറിച്ച ഇന്ത്യൻ വിപണി തിങ്കളാഴ്ച വീണ്ടും തകർച്ചയോടെ തുടങ്ങിയ ശേഷം ട്രംപിനൊപ്പം മുന്നേറിയെങ്കിലും നേട്ടം തുടരാനായില്ല. രൂപയുടെ വീഴ്ചയും, ചൈനീസ് സ്റ്റിമുലസ് ഭയവും, എംഎസ് സി ഐ റീജിഗ്ഗും വാരാന്ത്യത്തിൽ ഇന്ത്യൻ വിപണിയുടെ വീഴ്ചയ്ക്ക് കളമൊരുക്കി.
ദീപാവലി ദിനത്തിൽ 24300 പോയിന്റ് കടന്ന നിഫ്റ്റി ഈയാഴ്ച വീണ്ടും 24500 പോയിന്റിലെ കടമ്പയിൽ തട്ടി വീണ് 24148 പോയിന്റിലാണ് ക്ളോസ് ചെയ്തത്. അമേരിക്കൻ തിരഞ്ഞെടുപ്പിൽ കമല ഹാരിസ് മുന്നേറ്റം നടത്തുന്നുവെന്ന സൂചനയിൽ തിങ്കളാഴ്ച നിഫ്റ്റി 23800 പോയിന്റിലെ പിന്തുണ മേഖലയിലേക്കും വീണിരുന്നു.
ബുധനാഴ്ച 80000 പോയിന്റ് പിന്നിട്ടെങ്കിലും സെൻസെക്സ് 79486 പോയിന്റിലാണ് ക്ളോസ് ചെയ്തത്. വെള്ളിയാഴ്ച ഐടിയും, ഫാർമയും, എഫ്എംസിജിയുമൊഴികെയുള്ള സെക്ടറുകളെല്ലാം നഷ്ടം കുറിച്ചിരുന്നു.
എംഎസ് സിഐ റീജിഗ്ഗ്
റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, എയർടെൽ, അദാനി പവർ മുതലായ കമ്പനികളുടെ എംഎസ് സി ഐ ഗ്ലോബൽ സ്റ്റാൻഡേർഡ് ഇൻഡക്സിലെ വെയിറ്റേജ് കുറയുമെന്ന സൂചന ഇന്ത്യൻ വിപണിക്ക് ക്ഷീണമാണ്.
മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇൻഡക്സിന്റെ ഗ്ലോബൽ സ്റ്റാൻഡേർഡ് സൂചികയിൽ ഉൾപെട്ടത് ബിഎസ്ഇ, വോൾട്ടാസ്, കല്യാൺ ജ്വല്ലേഴ്സ്, ആൽകെം ലാബ്സ്, ഒബ്‌റോയ് റിയൽറ്റി മുതലായ ഓഹരികൾക്ക് അനുകൂലമാണ്. വോൾടാസ് 300 ദശലക്ഷം ഡോളറിന്റെ അധിക നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. എംഎസ്സിഐ റീബാലൻസിങ്ങിൽ ഉൾപ്പെട്ട മറ്റ് കമ്പനികളും 200 ദശലക്ഷത്തിൽ കൂടുതൽ നിക്ഷേപം പ്രതീക്ഷിക്കുന്നു.
കൂടാതെ 13 പുതിയ കമ്പനികൾ സ്‌മോൾ ക്യാപ് സൂചികയിൽ ഉൾപ്പെട്ടതോടെ എംഎസ്സിഐ ഗ്ലോബൽ സ്റ്റാൻഡേർഡ് സൂചികയിലുള്ള ഇന്ത്യൻ കമ്പനികളുടെ എണ്ണം 156ഉം, സ്‌മോൾ ക്യാപ് സൂചികയിൽ കമ്പനികളുടെ എണ്ണം 525ഉം ആയി ഉയർന്നു. നവംബർ ഏഴിന് പ്രഖ്യാപിച്ച എംഎസ്സിഐയുടെ റീബാലൻസിങ് നവംബർ 25നാണ് നടക്കുക.
വില്പന നിർത്താതെ ഫണ്ടുകൾ
ചൈനീസ് സ്റ്റിമുലസും, അമേരിക്കൻ തിരഞ്ഞെടുപ്പും പ്രമാണിച്ച് ഒക്ടോബറിൽ 114445 കോടി രൂപയുടെ അധിക വില്പന നടത്തിയ അമേരിക്കൻ ഫണ്ടുകൾ നവംബറിൽ ഇതുവരെ 19849 കോടി രൂപയുടെ വില്പന നടത്തി.
അമേരിക്കൻ പ്രസിഡന്റ് ജനുവരി 20ന്
ട്രംപിനെ അമേരിക്കൻ പ്രസിഡന്റ് സഥാനത്തേക്ക് തിരഞ്ഞെടുത്തത് അമേരിക്കൻ വിപണിക്കു പുതിയ ദിശ ബോധം നൽകികഴിഞ്ഞത് അങ്ങോട്ടുള്ള ഫണ്ടൊഴുക്കിന് കാരണമായേക്കാം. അമേരിക്കയുടെ ഏറ്റവും വലിയ പ്രശ്നമായ പണപ്പെരുപ്പത്തിന് ട്രംപ് കടിഞ്ഞാണിടുമെന്ന ധാരണ ഡോളറിന് നൽകിയ മുന്നേറ്റം അമേരിക്കൻ വിപണിക്ക് അനുകൂലവും, മറ്റ് വിപണികൾക്ക് ക്ഷീണവുമാണ്.
‘അമേരിക്ക ഫസ്റ്റ്’ എന്ന നയം തന്നെ ട്രംപ് തുടരുമെന്നത് അമേരിക്കക്ക് സാമ്പത്തിക മുന്നേറ്റം നൽകുമ്പോൾ ചൈന+വൺ എന്ന നയവും അമേരിക്ക തുടരുമെന്ന ‘’പ്രത്യാശയിലാണ്’’ ഇന്ത്യ വിപണി.
ഫെഡ് നിരക്ക് വീണ്ടും കുറച്ചു
വിപണി പ്രതീക്ഷിച്ചിരുന്നത് പോലെ അമേരിക്കൻ ഫെഡ് റിസർവ് 25 ബേസിസ് പോയിന്റുകൾ കുറച്ചത് അമേരിക്കൻ ഡോളറിന്റെ ‘ട്രംപ്’മുന്നേറ്റത്തിന് തത്കാലം തടയിട്ടു. ഡിസംബറിലിനി നടക്കാനിരിക്കുന്ന ഫെഡ് യോഗത്തിലും ഫെഡ് റിസർവ് നിരക്കുകളിൽ കുറവ് വരുത്തുമെന്ന് വിപണി കരുതുന്നു.
ട്രംപും ഫെഡും ചേർന്ന് അമേരിക്കൻ വിപണിക്ക് കഴിഞ്ഞ ആഴ്ചയിൽ മികച്ച മുന്നേറ്റമാണ് നൽകിയത്. നാസ്ഡാക് കഴിഞ്ഞ ആഴ്ചയിൽ 5.85% മുന്നേറ്റം നേടി 19318 പോയിന്റ് എന്ന റെക്കോർഡ് ഉയരം താണ്ടി. എസ്&പിയും, ഡൗ ജോൺസും അഞ്ച് ശതമാനത്തിനടുത്ത് മുന്നേറ്റം നേടി റെക്കോർഡ് ഉയരങ്ങളും കുറിച്ചു.
വീണ്ടും പാരയാകാൻ ചൈനീസ് സ്റ്റിമുലസ്
ട്രംപിന്റെ വരവ് ചൈനയുമായുള്ള വ്യാപാരയുദ്ധത്തിന്റെ തുടർസാദ്ധ്യതകൾ തുറക്കുന്ന സാഹചര്യത്തിൽ കൂടുതൽ ചൈനീസ് സാമ്പത്തിക ഉത്തേജന പദ്ധതികൾ വരുമെന്നത് ഇന്ത്യൻ വിപണിക്ക് വീണ്ടും ക്ഷീണമാണ്. വെള്ളിയാഴ്ച സമാപിച്ച ചൈനയുടെ നാഷണൽ പീപ്പിൾസ് കോൺഗ്രസ് പത്ത് ട്രില്യൺ യുവാനിന്റെ (1.4 ട്രില്യൺ അമേരിക്കൻ ഡോളർ) റീഫൈനാൻസ്, സ്റ്റിമുലസ് പദ്ധതികളാണ് പ്രഖ്യാപിച്ചത്.
വിപണിയിൽ അടുത്ത വാരം
∙ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകൾ തിങ്കളാഴ്ചയും, മൊത്തവിലക്കണക്കുകൾ വ്യാഴാഴ്ചയും വരുന്നു. ഇന്ത്യയുടെ വ്യവസായികോല്പാദന കണക്കുകളും തിങ്കളാഴ്ച വരാനിരിക്കുന്നത് ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്.
∙ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് ഇന്ത്യൻ വിപണിക്ക് വെള്ളിയാഴ്ച അവധിയാണ്.
∙ഫെഡ് റിസർവ് നയപ്രഖ്യാപനം കഴിഞ്ഞ സാഹചര്യത്തിൽ അടുത്ത ആഴ്ചയിൽ കൂടുതൽ ഫെഡ് അംഗങ്ങളും വെള്ളിയാഴ്ച ഫെഡ് ചെയർമാനും സംസാരിക്കാനിരിക്കുന്നു.
∙അമേരിക്കയുടെ പണപ്പെരുപ്പക്കണക്കുകൾ ബുധനാഴ്ച വരാനിരിക്കുന്നത് അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിക്കും പ്രധാനമാണ്. ജോബ് ഡേറ്റയും, റീറ്റെയ്ൽ വില്പന കണക്കുകളും വാരാന്ത്യത്തിലും അമേരിക്കൻ വിപണിയെ സ്വാധീനിക്കും.
∙തിങ്കളാഴ്ച വരുന്ന ജർമൻ പണപ്പെരുപ്പകണക്കുകളും, വാരാന്ത്യത്തിൽ വരാനിരിക്കുന്ന ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ സിപിഐ കണക്കുകളും യൂറോപ്യൻ വിപണിയകളെ സ്വാധീനിക്കും. വ്യാഴാഴ്ച ബ്രിട്ടീഷ്, യൂറോ സോൺ ജിഡിപി കണക്കുകളും, ബ്രിട്ടീഷ് വ്യവസായികോല്പാദന കണക്കുകളും യൂറോപ്യൻ വിപണികൾക്ക് പ്രധാനമാണ്.
ഓഹരികളും സെക്ടറുകളും
∙ഇന്ത്യൻ ഹോട്ടൽസ്, ലുപിൻ, അപ്പോളോ ഹോസ്പിറ്റൽ, ചമ്പൽ ഫെർട്ടിലൈസർ, ആവാസ് ഫൈനാൻസിയേഴ്‌സ്, ആധാർ ഹൗസിങ് ഫിനാൻസ് മുതലായ കമ്പനികളും മികച്ച രണ്ടാംപാദ റിസൾട്ടുകൾ പ്രഖ്യാപിച്ചു.
∙എസ്ബിഐ, ആർവിഎൻഎൽ, ഓയിൽ ഇന്ത്യ, മാസഗോൺ ഡോക്സ്, കൊച്ചിൻ ഷിപ്യാർഡ്, സെയിൽ, ഷിപ്പിങ് കോർപറേഷൻ മുതലായ പൊതുമേഖല സ്ഥാപനങ്ങളും പ്രോഗ്രസ്സിവ് റിസൾട്ടുകളാണ് കഴിഞ്ഞ ആഴ്ചയിൽ പ്രഖ്യാപിച്ചത്.
∙ഇന്ത്യൻ വിപണിയിലെ വീഴ്ച ആരോഗ്യപരമായ തിരുത്തലാണെന്ന് ജെഫറീസിന്റെ ക്രിസ് വുഡ് പറഞ്ഞു. എങ്കിലും രണ്ടാം പാദ റിസൾട്ടുകളുടെ അടിസ്ഥാനത്തിൽ ജെഫറീസിന്റെ കവറേജിലുള്ള 121 കമ്പനികളുടെ നടപ്പ് സാമ്പത്തിക വർഷത്തിലെ റിസൾട്ടുകളിൽ 2020ന് ശേഷമുള്ള ഏറ്റവും വലിയ ‘’ഡൗൺഗ്രേഡിങ്’’ നടത്തിയത് ശ്രദ്ധേയമാണ്.
∙ഓഗസ്റ്റിലെ എംഎസ്സിഐയുടെ റീബാലൻസിങ്ങിൽ പ്രഖ്യാപിച്ചിരുന്നത് പോലെ എച്ച്ഡിഎഫ്സി ബാങ്കിന്റെ വെയിറ്റേജ് വർദ്ധിപ്പിക്കുന്നതും ഓഹരിയിലേക്ക് 1.88 ബില്യൺ ഡോളറിന്റെ നിക്ഷേപം വരുന്നത് ഓഹരിക്ക് അനുകൂലമാണ്. എച്ച്ഡിബി ഫിനാൻഷ്യലിന്റെ ഐപിഓ വരുന്നതും എച്ച്ഡിഎഫ്സി ബാങ്കിന് മുന്നേറ്റ കാരണമായേക്കാം.
∙റിലയൻസ് ഇൻഡസ്ട്രീസിന്റെ എംഎസ്സിഐ ഗ്ലോബൽ സൂചികയിലെ വെയിറ്റേജ് കുറയുന്നത് ഓഹരിക്ക് വീണ്ടും തിരുത്തൽ കാരണമായി. റിലയൻസ് ജിയോയുടെയും വരിക്കാർ ബിഎസ്എൻഎല്ലിലേക്ക് മാറുന്നതും, സ്റ്റാർ ലിങ്ക് വരുന്നതും റിലയൻസിന് ക്ഷീണമാകുന്നത് ഇന്ത്യൻ വിപണിക്കും ക്ഷീണമാണ്.
∙അദാനി എനർജി സൊല്യൂഷനെ എംഎസ് സിഐ റീബാലൻസിങ്ങിൽ ഉൾപ്പെടുത്താതിരുന്നതും, ഫണ്ട് ഔട്ട് ഫ്ലോ ഉണ്ടാകുമെന്നതും പ്രതീക്ഷയോടെ മുന്നേറിയ ഓഹരിക്ക് വലിയ തിരുത്തൽ നൽകി. ഹിൻഡൻബെർഗ് വിഷയമാണ് മോർഗൻ സ്ററാൻലിയുടെ തീരുമാനത്തിന് പിന്നിലെങ്കിലും മികച്ച റിസൾട്ട് പ്രഖ്യാപിച്ച ഓഹരി ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമാണ്.
∙എംഎസ്സിഐ സ്‌മോൾ ക്യാപ് സൂചികയിൽ സിഗ്നേച്ചർ ഗ്ലോബൽ, ബോണ്ടാഡാ എൻജിനിയറിങ്, യൂറേക്ക ഫോർബ്‌സ്, ഡിസിഎം ശ്രീറാം, പിസി ജ്വല്ലറി മുതലായവയും ഉൾപ്പെടുന്നു.
∙അശോക് ലൈലാൻഡ് മികച്ച അറ്റാദായ വളർച്ച കുറിച്ചത് ഓഹരിക്ക് അനുകൂലമാണ്.
∙നോകിയയുമായി ചേർന്ന് ഡിക്‌സൺ ടെക്‌നോളജി ബ്രോഡ്ബാൻഡ് ഉപകരണ നിര്‍മാണത്തിലേക്ക് കടക്കുന്നത് ഓഹരിക്ക് അനുകൂലമാണ്.
∙‘മറ്റ് വരുമാന’സ്രോതസുകളിലൂടെ 3168 കോടി രൂപ കൂടി നേടിയതോടെ ഏറ്റവും മികച്ച അറ്റാദായക്കണക്ക് പുറത്ത് വിട്ട വേദാന്തയുടെ ഡിമെർജർ അവസാന ഘട്ടത്തിലാണെന്ന സൂചന നൽകിയതും ഓഹരിക്ക് അനുകൂലമാണ്.
∙വ്യാഴാഴ്ച സുപ്രീം കോടതി ‘’ലിക്വിഡേഷൻ’’ വിധിച്ചതോടെ ജെറ്റ് എയർവെയ്സ് യുഗം അവസാനിച്ചു. പിഎൻബിക്ക് വിമാനകമ്പനിയിൽ 26% ഓഹരി പങ്കാളിത്തമുണ്ട്.
അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ
ഓഎൻജിസി, ബിഇഎംഎൽ, എൻഎംഡിസി, ഹിൻഡാൽകോ, ബ്രിട്ടാനിയ, യുപിഎൽ, ആസാദ്, പ്രീമിയർ എക്സ്പ്ലോസീവ്സ്, ബട്ടർഫ്‌ളൈ, ജൂബിലന്റ് ഫുഡ്സ്, മൈതാൻ അലോയ്‌സ്, ബൽറാംപുർ ചിനി, കാംപസ് ആക്ടിവെയർ എന്നിവയുടെയും റിസൾട്ടുകൾ തിങ്കളാഴ്ചയാണ് വരുന്നത്.
∙ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, ജിഐസി, ജിഎസ്എഫ്സി, ജിഎൻഎഫ്സി, ആർസിഎഫ്, എൻബിസിസി, ഗാർഡൻ റീച്ച്, വൊഡാഫോൺ ഐഡിയ, ഗ്രാസിം, ഹീറോ, ഐഷർ, ബോഷ്, മതേഴ്‌സൺ ഇന്റർനാഷണൽ, ദീപക് നൈട്രൈറ്റ്, ബോംബെ ഡയിങ്, സെല്ലോ, ആസ്ട്ര മൈക്രോ, സൈഡസ് ലൈഫ്, സ്വാൻ എനർജി, സുല, എസ്ഡിബിഎൽ മുതലായ കമ്പനികളും അടുത്ത ആഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ഐപിഓ
നിവാ-ഭൂപ ഹെൽത്ത് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ ഐപിഓ തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്. ഹെൽത്ത് ഇൻഷുറൻസ് കമ്പനി 70-74 രൂപ നിരക്കിൽ 2200 കോടി രൂപയാണ് ഐപിഓയിലൂടെ സമാഹരിക്കുന്നത്.
ക്രൂഡ് ഓയിൽ
ഒപെക് ഉൽപ്പാദനനിയന്ത്രണം പിൻവലിക്കുന്നത് വൈകിയേക്കുമെമെന്ന സൂചനയിൽ മുന്നേറിയ ക്രൂഡ് ഓയിൽ വെള്ളിയാഴ്ചത്തെ വീഴ്ചയോടെ ആഴ്ച നഷ്ടം കുറിച്ചു. ഒപെകിന്റെ മാസാന്ത്യ റിപ്പോർട്ട് തിങ്കളാഴ്ച വരാനിരിക്കുന്നതും ക്രൂഡ് ഓയിലിന് പ്രധാനമാണ്.
ചൈനയുടെ സ്റ്റിമുലസ് പ്രഖ്യാപനം വന്ന ശേഷം ബേസ് മെറ്റലുകളും വലിയ ലാഭമെടുക്കൽ നേരിട്ടു. കോപ്പർ, അലുമിനിയം, സിങ്ക് മുതലായ മെറ്റലുകളും വെള്ളിയാഴ്ച 2%ൽ കൂടുതൽ വീണു.
ക്രിപ്റ്റോ കറൻസികൾ
അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നതോടെ ക്രിപ്റ്റോ കറൻസികളും മികച്ച മുന്നേറ്റം നേടി. കഴിഞ്ഞ ആഴ്ചയിൽ 10% മുന്നേറിയ ബിറ്റ് കോയിൻ 77188 ഡോളർ എന്ന റെക്കോർഡ് ഉയരവും കുറിച്ചു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക