ADVERTISEMENT

ദോഹ ∙ ഭാവിയിൽ കാൽപന്തു മൈതാനങ്ങളെ കമ്പനം കൊള്ളിക്കുന്ന പ്രതിഭ– സ്പാനിഷ് മധ്യനിരയിൽ കളി നിയന്ത്രിച്ച ഗാവിക്കുള്ള വിശേഷണമാണിത്. ഖത്തർ ലോകകപ്പിൽ സ്‌പെയിന്റെ കൗമാരതാരമായി തിളങ്ങുന്ന ഗാവി, ഫുട്ബോൾ പ്രേമികളുടെ ഹൃദയത്തിൽ ചേക്കേറിക്കഴിഞ്ഞു. സ്പെയിനിനു വേണ്ടി കളിച്ച ഏറ്റവും പ്രായം കുറ‍ഞ്ഞ താരവും ഗോളടിച്ച താരവുമാണ് 18 വയസ്സുകാരനായ ഗാവി.

കളിക്കളത്തിൽ മാത്രമല്ല പുറത്തും വാർത്തകളിൽ നിറയുകയാണ് ഗാവി ഇപ്പോൾ. സ്‌പെയിനിന്റെ രാജകുമാരി, 17 വയസ്സുകാരി ലിയോനറുടെ പേരിലാണ് ഗാവി ചർച്ചയാകുന്നത്. താരത്തോടുള്ള ആരാധന മൂത്ത് ഗാവിയുടെ ജഴ്‌സി ലിയോനർ ഒപ്പിട്ടു വാങ്ങിയെന്ന വാർത്തയാണു സ്പാനിഷ് മാധ്യമങ്ങൾ പുറത്തുവിട്ടത്. വിവരം സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു. ഖത്തറിലുള്ള ഫിലിപ്പെ ആറാമൻ രാജാവ് സ്‌പെയിന്റെ ഡ്രസിങ് റൂമിൽ നേരിട്ടെത്തിയാണു ഗാവിയുടെ ജഴ്‌സി സ്വീകരിച്ചത്. ഖത്തർ രാജകുടുംബവുമായി ഫിലിപ്പെ രാജാവിനു വളരെ അടുപ്പമുണ്ട്.

ലോകകപ്പിലെ ആദ്യ മത്സരം ജയിച്ചതിന്റെ അഭിനന്ദനം അറിയിക്കാനാണത്രെ രാജാവ് സ്‌പെയിന്റെ ഡ്രസ്സിങ് റൂമില്‍ നേരിട്ടെത്തിയത്. കോസ്റ്ററിക്കയ്‌ക്കെതിരായ മത്സരത്തിൽ എതിരില്ലാത്ത 7 ഗോളിനായിരുന്നു സ്പെയിന്റെ ജയം. മത്സരത്തിൽ അഞ്ചാം ഗോൾ നേടിയത് ഗാവിയാണ്. രാജാവിനു ഗാവി ജഴ്‌സി സമ്മാനിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. ലിയോനറിന്റെ അളവിന് അനുസരിച്ചുള്ള ജഴ്സിയിലാണു ഗാവി ഒപ്പിട്ടതെന്നും ഇരുവരും പ്രണയത്തിലാണെന്നും സ്പാനിഷ് മാധ്യമങ്ങൾ പറയുന്നു.

ക്ലബ് ഫുട്‌ബോളിൽ ബാർസിലോനയ്ക്കു വേണ്ടി കളിക്കുന്ന ഗാവി, 2021 നവംബറിലാണു സെൻട്രൽ മിഡ്ഫീൽഡറായി സ്‌പെയിൻ ദേശീയ ടീമിന്റെ ഭാഗമായത്. യുവേഫ നേഷൻസ് ലീഗ് സെമിഫൈനലിൽ ഇറ്റലിക്കെതിരെ അരങ്ങേറിയ ഗാവി ഇപ്പോൾ പെദ്രിക്കൊപ്പം സ്പാനിഷ് മധ്യനിരയിലെ അച്ചുതണ്ടാണ്. റയൽ ബെറ്റിസിൽനിന്ന് 2015ൽ ബാർസയിലെത്തിയ ഗാവിക്കു യൂത്ത് ടീമിനു വേണ്ടി 2 മത്സരം കളിച്ചപ്പോഴേക്കും സീനിയർ ടീമിലേക്കു പ്രമോഷൻ കിട്ടുകയായിരുന്നു. ഈ വർഷം മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി, ഗോൾഡൻ ബോയ് പുരസ്കാരം എന്നിവ നേടി.

English Summary: Crown Princess of Spain has supposed crush on Barcelona starlet Gavi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com